മാണിയുടെ ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസ് മറുപടി നല്‍കും; പ്രകോപിപ്പിക്കില്ല

തിരുവനന്തപുരം: മാണിക്കെതിരെ നിലപാട് കടുപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. കേരള കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കെല്ലാം ശക്തമായ മറുപടി നല്‍കും. എന്നാല്‍ അങ്ങോട്ടുചെന്ന് മാണിയെ പ്രകോപിപ്പിക്കില്ളെന്നു മാത്രമല്ല, ചെന്നുള്ള ചര്‍ച്ച വേണ്ടെന്നും ധാരണയായിട്ടുണ്ട്. മാണി ഇങ്ങോട്ടുവന്നാല്‍ മാത്രം ചര്‍ച്ച മതിയെന്നും നിലപാടെടുത്തിട്ടുണ്ട്. മാണി മുന്നണി വിട്ട സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച യു.ഡി.എഫ് നേതാക്കള്‍ യോഗം ചേരും. നേരത്തേ തീരുമാനിച്ച യോഗമാണിതെങ്കിലും ഇതാവും മുഖ്യ വിഷയം.

കോണ്‍ഗ്രസ് നേതാക്കളായ വി.എം. സുധീരനും ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ കൂടിക്കാഴ്ച നടത്തി. മാണിയുടെ നിലപാട് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിച്ചതിനുമപ്പുറത്തായിരുന്നു. അദ്ദേഹത്തിന്‍െറ സൗകര്യത്തിനുവേണ്ടിയാണ് മുന്നണിയുടെ സമരം വരെ നീട്ടിവെച്ചതുപോലും. മാണിക്ക് തെറ്റ് തിരുത്തേണ്ടിവരുമെന്ന സന്ദേശമാണ് ഇന്നലെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നല്‍കിയത്.

യു.ഡി.എഫ് ചങ്കുകൊടുത്താണ് മാണിയെക്കൊണ്ട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചതെന്ന് ചെന്നിത്തലയും ഓര്‍മപ്പെടുത്തി. കടുത്ത ഭാഷയിലാണ് മാണിയുടെ ആരോപണങ്ങള്‍ക്ക് ചെന്നിത്തല മറുപടി നല്‍കിയത്. എന്നാല്‍ മാണിക്കെതിരെ കോണ്‍ഗ്രസ് ഭാഗത്തുനിന്ന് പ്രകോപനം ഒഴിവാക്കണമെന്ന് നേതൃത്വം താഴേ തട്ടിലേക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടയിലും മാണിയുടെ കോലം കത്തിക്കലും മധുരം വിളമ്പലുമൊക്കെ കോണ്‍ഗ്രസുകാര്‍ നടത്തുന്നുമുണ്ട്.
വിഷയത്തില്‍ ചര്‍ച്ചാ സാധ്യതയില്‍  ലീഗ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.എന്നാല്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഇനി സാധ്യതയില്ളെന്നുപറഞ്ഞ് മാണി ആ നീക്കങ്ങള്‍ക്ക് താല്‍ക്കാലികമായി തടയിട്ടു.  ഇടതുമുന്നണിയും ബി.ജെ.പി സഖ്യവും ഇപ്പോഴും കാഴ്ചക്കാരായി തന്നെ നില്‍ക്കുകയാണ്. യു.ഡി.എഫ് കൂടുതല്‍ കലങ്ങുമെന്നാണ് അവര്‍ കരുതുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ആകെ അസ്വസ്ഥമാണ് യു.ഡി.എഫ്. സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയ ജനതാദള്‍-യു, ആര്‍.എസ്.പി, സി.എം.പി എന്നിവരും ആശങ്കയിലാണ്. നേമത്തെ ദയനീയ തോല്‍വിയും വോട്ടുമറിക്കലും ജെ.ഡി.യു ഇതിനകം തന്നെ ഉന്നയിച്ചുകഴിഞ്ഞു.
ഒരു സീറ്റ് പോലും കിട്ടാത്ത ആര്‍.എസ്.പി നിലയില്ലാക്കയത്തിലാണ്. ഇതിനിടെയാണ് മാണിയുടെ പോക്ക്. ഫലത്തില്‍ കോണ്‍ഗ്രസ്, ലീഗ്, ജേക്കബ് ഗ്രൂപ് എന്നീ മൂന്ന് പാര്‍ട്ടികള്‍  മാത്രമായി നിയമസഭയില്‍ യു.ഡി.എഫിന്‍െറ പ്രാതിനിധ്യം ചുരുങ്ങുകയാണ്. നിലവില്‍ 47 അംഗങ്ങളുണ്ടായിരുന്നത് 41 ആയി മാറും. ലീഗ് യു.ഡി.എഫില്‍ കൂടുതല്‍ ശക്തിപ്പെടും. കോണ്‍ഗ്രസിന് നിലവില്‍ 22 സീറ്റ് മാത്രമുള്ളപ്പോള്‍ ലീഗിന് 18 അംഗങ്ങളുണ്ട്. വെറും നാല് സീറ്റാണ് ഈ രണ്ട് പാര്‍ട്ടികള്‍ തമ്മിലെ വ്യത്യാസം.

ലീഗിന്‍െറ നിലപാടിനപ്പുറത്തേക്ക് പോകാന്‍ ഇനി കോണ്‍ഗ്രസിന് കഴിയാതെയുമാകും. അതേസമയം തദ്ദേശ സ്ഥാപനങ്ങളില്‍ മാണിയുമായി സഹകരണം നിലനിര്‍ത്തുന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇത് വേണ്ടെന്ന് ഉറപ്പിച്ചുപറയാന്‍ നേതാക്കള്‍ക്കാകുന്നില്ല. പ്രാദേശിക സാഹചര്യങ്ങളാണ് ഇതിന് പ്രധാനം. കുറുമാറ്റങ്ങള്‍ക്കും പാര്‍ട്ടി നിലപാടിന് വിരുദ്ധ നിലപാടിനും പലയിടത്തും രണ്ട് കൂട്ടരില്‍നിന്നും നീക്കമുണ്ടാകാം. അതിനാല്‍ മാണിയും ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധി കാണിക്കുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.