തദ്ദേശ സ്ഥാപനങ്ങളില്‍ മാണിയുമായി യു.ഡി.എഫ് ബന്ധം തുടരും

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസ്-മാണിഗ്രൂപ്പുമായുള്ള ബന്ധം തുടരാന്‍ യു.ഡി.എഫ് തീരുമാനം. മാണിഗ്രൂപ് യു.ഡി.എഫ് വിട്ടശേഷം ആദ്യമായി ചേര്‍ന്ന  മുന്നണിയോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഐക്യം തുടരണമെന്നാണ് മാണിഗ്രൂപ്പിന്‍െറ തീരുമാനമെങ്കില്‍ അതിനെ എതിര്‍ക്കേണ്ട കാര്യം യു.ഡി.എഫിനില്ല. സംസ്ഥാനതലത്തില്‍ മുന്നണിബന്ധം അവസാനിപ്പിച്ചപ്പോഴും തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലെ ബന്ധം തുടരുമെന്ന മാണിഗ്രൂപ്പിന്‍െറ നിലപാടിനോട് യു.ഡി.എഫിന് വിയോജിപ്പില്ളെന്നും മുന്നണി ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മുന്നണിയുടെ പ്രവര്‍ത്തനവും ഐക്യവും ഉറപ്പുവരുത്താന്‍ ഘടകകക്ഷികളുമായി കോണ്‍ഗ്രസ് ഉഭയകക്ഷിചര്‍ച്ച നടത്തും. ഘടകകക്ഷികള്‍ ഉന്നയിച്ച പരാതികള്‍ പരിഹരിക്കുന്നതിന്‍െറ ഭാഗമായാണ് ചര്‍ച്ച. പ്രശ്നങ്ങള്‍ പരിഹരിച്ച് താഴത്തേട്ടുമുതല്‍ മുന്നണിയെ ശക്തിപ്പെടുത്താന്‍ നടപടിവേണമെന്ന് ബുധനാഴ്ച യോഗത്തില്‍ ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. ഇതിന്‍െറകൂടി അടിസ്ഥാനത്തിലാണ് ഉഭയകക്ഷിചര്‍ച്ചക്ക് ധാരണയായത്. ഈമാസം 19ന് ലീഗ്, ജെ.ഡി.യു കക്ഷികളുമായും 23ന് ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ്-ജേക്കബ്, സി.എം.പി എന്നീ കക്ഷികളുമായും ചര്‍ച്ചനടക്കും. പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും ഭാവിപരിപാടികള്‍ തയാറാക്കുന്നതിനും ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും യോഗം ഈമാസം 19ന് ചേരും. ജില്ലാതല യു.ഡി.എഫ് നേതൃയോഗങ്ങള്‍ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ഈമാസം 21, 22 തീയതികളിലായി നടത്തും. വിലക്കയറ്റം, ഭാഗാധാര രജിസ്ട്രേഷന്‍ നിരക്കിലെ വര്‍ധന എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഈമാസം 30ന് കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ ധര്‍ണസംഘടിപ്പിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

സര്‍ക്കാര്‍ തീരുമാനങ്ങള്‍ ജനങ്ങളെ അറിയിക്കേണ്ടെന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് വിവരാവകാശനിയമത്തിന്‍െറ അന്ത$സത്ത തകര്‍ക്കുന്നതാണ്.സുതാര്യത ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍വന്ന സര്‍ക്കാര്‍ ഇപ്പോഴും പല തീരുമാനങ്ങളും ജനങ്ങളെ അറിയിക്കുന്നില്ല. മന്ത്രിസഭാ തീരുമാനങ്ങള്‍ സര്‍ക്കാറിന്‍െറ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന ഉറപ്പും പാലിക്കപ്പെടുന്നില്ല.വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയെടുക്കാത്ത സര്‍ക്കാര്‍ നന്മ സ്റ്റോറുകള്‍ കൂടി അടച്ചുപൂട്ടുന്നതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കും.ഇത്തരം കാര്യങ്ങളില്‍ ലാഭ-നഷ്ടം നോക്കിയല്ല സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടത്.യഥാസമയം ടെന്‍ഡര്‍ നടപടികള്‍ ഇല്ലാത്തതിനാല്‍ സപൈ്ളകോ കേന്ദ്രങ്ങളില്‍ സാധനങ്ങള്‍ ഇല്ല. വിലക്കയറ്റം രൂക്ഷമാക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. അടുത്ത യു.ഡി.എഫ് യോഗം സെപ്റ്റംബര്‍ ഒന്നിന് ചേരുമെന്നും നേതാക്കള്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.