കോണ്‍ഗ്രസില്‍ ഐക്യം വേണമെന്ന് ലീഗ്

തിരുവനന്തപുരം: യു.ഡി.എഫിനെ നയിക്കുന്ന കോണ്‍ഗ്രസില്‍ കൂടുതല്‍ ഐക്യം വേണമെന്ന് മുസ്ലിം ലീഗ്. ഉഭയകക്ഷി ചര്‍ച്ചയിലാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചത്. ഘടകകക്ഷികള്‍ തമ്മിലുള്ളതല്ല, കോണ്‍ഗ്രസിലെ പ്രശ്നങ്ങളാണ് മുന്നണിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. നിലവിലെ അവസ്ഥയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ട്. മാണി ഗ്രൂപ് മുന്നണി വിടാന്‍പോലും കാരണവും ഇതാണ്. കോണ്‍ഗ്രസ്, പഴയ കോണ്‍ഗ്രസായി മാറണം. ഇല്ളെങ്കില്‍ ശേഷിക്കുന്ന യു.ഡി.എഫ് കൂടി ഇല്ലാതാകും. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാലുതവണ ഹൈകമാന്‍ഡ് ഇടപെട്ടിട്ടും ഫലമുണ്ടായില്ല. മൂന്നുശബ്ദമല്ല ഒറ്റശബ്ദമാണ് കോണ്‍ഗ്രസില്‍ ഉണ്ടാകേണ്ടതെന്നും ലീഗ് നേതൃത്വം തുറന്നുപറഞ്ഞു. ഈ അഭിപ്രായങ്ങള്‍ക്ക് ആവശ്യമായ പരിഗണന നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന് ശേഷം മുന്നണിയിലുണ്ടായ അനൈക്യം കോണ്‍ഗ്രസിലെ പ്രശ്നങ്ങളുടെ ഭാഗമാണ്. ഒരുകാര്യത്തിലും ഏകാഭിപ്രായമില്ല. മുമ്പ് ഇതൊക്കെ ഘടകകക്ഷികളുടെ തലയിലാണ് വെച്ചുകെട്ടിയിരുന്നത്. ഇപ്പോള്‍ അതിന് കഴിയില്ല. യു.ഡി.എഫിനെ നയിക്കുന്ന  കോണ്‍ഗ്രസ് ശക്തമായാല്‍ മാത്രമേ മുന്നണിക്ക് കരുത്തുണ്ടാകൂ. അതിന് പ്രശ്നങ്ങള്‍ പരിഹരിക്കണം. ഹൈകമാന്‍ഡ് ഇടപെടുമെന്ന് പറഞ്ഞ് പ്രശ്നങ്ങള്‍ നീട്ടിക്കൊണ്ടുപോകാനാവില്ല. കോണ്‍ഗ്രസുകാര്‍ പരസ്പരം തല്ലുമ്പോള്‍ നാട്ടില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കണം.

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ ഇതാവശ്യമാണെന്നും ചര്‍ച്ചക്കുശേഷം പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ച തുടരുമെന്നും അദ്ദേഹം അറിയിച്ചു. ലീഗിന്‍െറ അഭിപ്രായങ്ങള്‍ ഗൗരവമായെടുത്ത് പ്രശ്നങ്ങള്‍ പരഹരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. താഴത്തെട്ടില്‍ മുന്നണിപ്രവര്‍ത്തനം ശക്തമാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നതായി അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസില്‍നിന്ന് ചെന്നിത്തലക്ക് പുറമേ, വി.എം. സുധീരന്‍, ഉമ്മന്‍ ചാണ്ടി, പി.പി. തങ്കച്ചന്‍, ലീഗില്‍നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ് എന്നിവരാണ് പങ്കെടുത്തത്.

ഇന്നലെ ജെ.ഡി.യുവുമായും ചര്‍ച്ചനടത്താന്‍ തീരുമാനിച്ചിരുന്നതാണെങ്കിലും നേതാക്കളുടെ അസൗകര്യംകാരണം നടന്നില്ല. 23ന് മറ്റ് ഘടകകക്ഷികളുമായി നടക്കേണ്ട ഉഭയകക്ഷിചര്‍ച്ച കോണ്‍ഗ്രസ് നേതാക്കളുടെ അസൗകര്യം കാരണവും മാറ്റി. എല്ലാ ഘടകകക്ഷികളുമായും സെപ്റ്റംബര്‍ ഒന്നിന് ഉച്ചക്കുശേഷമായിരിക്കും ഇനി ചര്‍ച്ച. അന്ന് രാവിലെ യു.ഡി.എഫ് യോഗവും ചേരുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.