സഭയെയും മാണിയെയും കൂട്ടാന്‍ ബി.ജെ.പി പാക്കേജ്

കോട്ടയം: റബര്‍ വിലയിടിവ് തടയാന്‍ പാക്കേജ് അടക്കം കാര്‍ഷിക മേഖലക്ക് വാഗ്ദാനങ്ങളുമായി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെയും വിവിധ ക്രൈസ്തവ സഭകളെയും വരുതിയിലാക്കി സംസ്ഥാനത്ത് സ്വാധീനം വിപുലമാക്കാന്‍ ബി.ജെ.പി നീക്കം ശക്തം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മൂന്നാം മുന്നണി വിപുലമാക്കുകയാണ് ലക്ഷ്യം.
സഭകളെ വരുതിയിലാക്കി മധ്യകേരളത്തില്‍ സ്വാധീനം ശക്തമാക്കാനാണ് ദേശീയ നേതൃത്വത്തിന്‍െറ പിന്തുണയോടെയുള്ള നീക്കം. ഇതിനകം മധ്യകേരളത്തിലെ ഏതാനും സഭാ നേതാക്കളുടെ പിന്തുണ നേടിക്കഴിഞ്ഞതായാണ് സൂചന. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പ്രമുഖ സഭാ നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ചയില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം സംതൃപ്തരാണ്. എന്നാല്‍, സഭാനേതൃത്വത്തിന്‍െറ നിലപാടുകളോട് താഴെതട്ടിലുള്ള പ്രതികരണം ഇരുവിഭാഗത്തെയും ആശങ്കപ്പെടുത്തുന്നുമുണ്ട്. സഭയുമായി ബന്ധപ്പെട്ട കര്‍ഷക സംഘടനകളുടെ നിലപാടുകളും ആശാസ്യമല്ളെന്നാണ് വിവരം.
റബറിന് 1000 കോടിയടക്കം കാര്‍ഷിക മേഖലക്കായി ശതകോടികളുടെ പാക്കേജാണ് ബി.ജെ.പി സഭകള്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. കര്‍ഷകരക്ഷക്കായി ശബ്ദമുയര്‍ത്തുന്ന സഭകളെ ഇത് നന്നായി സ്വാധീനിച്ചിട്ടുമുണ്ട്.  
നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ വെള്ളാപ്പള്ളി-ബി.ജെ.പി കൂട്ടുകെട്ടിന് കാര്യമായ സ്വാധീനം ഉണ്ടാക്കാനാവില്ളെന്ന തിരിച്ചറിവിലാണ് പാര്‍ട്ടിയുടെ കൊണ്ടുപിടിച്ച നീക്കങ്ങള്‍. ബി.ജെ.പിയോട് അയിത്തം കാട്ടുന്ന എന്‍.എസ്.എസിനെയും ക്രൈസ്തവ സഭകളെയും ഇവരുടെ പിന്തുണയോടെ കേരള കോണ്‍ഗ്രസിനെയും ഒപ്പം നിര്‍ത്തിയാല്‍ വെള്ളാപ്പള്ളിയുടെ കൂടി സഹായത്തോടെ ഇവിടെ മികച്ച നേട്ടമുണ്ടാക്കാനാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
എന്‍.എസ്.എസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. ബി.ജെ.പി നേതൃനിരയില്‍ മടങ്ങിയത്തെിയ പി.പി. മുകുന്ദനാണ് ഇതിനുള്ള ചുമതല. എന്‍.എസ്.എസ് നേതൃത്വവുമായി മുകുന്ദനുള്ള അടുപ്പം ഉപയോഗപ്പെടുത്താനാണ് തീരുമാനം. സംവരണ വിഷയത്തില്‍ അനുകൂല നിലപാടുകളാണ് എന്‍.എസ്.എസിന് മുന്നില്‍വെക്കുന്നത്. റബര്‍ വിലയിടിവിനെതിരെ ജോസ് കെ. മാണി എം.പി നടത്തിയ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാന്‍ ബി.ജെ.പി നേതൃത്വം കേന്ദ്രത്തില്‍ ഇടപെടലുകള്‍ നടത്തിയിരുന്നു. ഇറക്കുമതി നിരോധവും തുറമുഖ നിയന്ത്രണവുമടക്കം സമരവേളയില്‍ കേന്ദ്രത്തില്‍നിന്നുണ്ടായ അനുകൂല നടപടികള്‍ ഇതിന്‍െറ ഭാഗമായായിരുന്നു. ഏറ്റവുമൊടുവില്‍ തിങ്കളാഴ്ച കേന്ദ്ര വാണിജ്യ സഹമന്ത്രി നിര്‍മല സീതാരാമന്‍ ജോസ് കെ. മാണിയെ ഡല്‍ഹിയില്‍ വിളിപ്പിച്ചു നടത്തിയ ചര്‍ച്ചയും നല്‍കിയ ഉറപ്പുകളും കേരള കോണ്‍ഗ്രസിനെ സ്വാധീനിക്കാന്‍ ഉദ്ദേശിച്ചു തന്നെയായിരുന്നു.
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി കോട്ടയത്തു കെ.എം. മാണി കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം തള്ളിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ജോസ് കെ. മാണി ഡല്‍ഹി സന്ദര്‍ശനത്തോടെ നിലപാട് മാറ്റിയതും ചര്‍ച്ച നടത്തുന്നതില്‍ തെറ്റില്ളെന്ന് പറഞ്ഞതും നയവ്യതിയാനത്തിന്‍െറ സൂചനയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.