ഭരണനേതൃത്വം ആശങ്കയുടെ മുള്‍മുനയില്‍; പുതുനേതൃത്വമെന്ന ആവശ്യം ശക്തം

തിരുവനന്തപുരം: ബാര്‍, സോളാര്‍ വിഷയങ്ങളിലെ പുതിയ വെളിപ്പെടുത്തലുകളോടെ  ഭരണനേതൃത്വം ആശങ്കയുടെ മുള്‍മുനയില്‍. മുഖ്യമന്ത്രിയുടെ ഏറ്റവുമടുത്ത വിശ്വസ്തര്‍ അദ്ദേഹത്തിന്‍െറ അറിവോടെ സോളാര്‍ കേസില്‍ ഇടപെട്ടതിന്‍െറ തെളിവുകളാണ് സരിതാ നായര്‍ സോളാര്‍ കമീഷനില്‍ ഇന്നലെ ഹാജരാക്കിയത്. ഐ ഗ്രൂപ് മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി.എസ്. ശിവകുമാറും കോഴ കൈപ്പറ്റിയെന്ന് ബാറുടമയും പരസ്യപ്പെടുത്തിയിരിക്കുകയാണ്. ഈ ആരോപണങ്ങളെല്ലാം ഭരണനേതൃത്വത്തെ ഉലക്കുന്നുവെന്നു മാത്രമല്ല, അടിമുടി സംശയത്തിന്‍െറ നിഴലിലാക്കുകയും ചെയ്യുന്നു. ഇവയാകട്ടെ, ഈയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിലും തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും ഉപയോഗിക്കാന്‍ പ്രതിപക്ഷത്തിന് ലഭിച്ചിരിക്കുന്ന വജ്രായുധങ്ങളാണ്. പുതിയ നേതൃത്വം വേണമെന്ന അഭിപ്രായം  പരസ്യമായല്ളെങ്കിലും കോണ്‍ഗ്രസില്‍ ഉയര്‍ന്നുതുടങ്ങി. യു.ഡി.എഫ് ഘടകകക്ഷികളും അസ്വസ്ഥരാണ്.
 മുഖ്യമന്ത്രിയുടെ വിശ്വസ്തരായ ബെന്നി ബഹന്നാന്‍, തമ്പാനൂര്‍ രവി എന്നിവര്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ടതിന്‍െറ ശബ്ദരേഖകളാണ് സരിത ഹാജരാക്കിയത്. എ.പി. അബ്ദുല്ലക്കുട്ടിയെ കുടുക്കിയതിനുപിന്നില്‍ പാര്‍ട്ടി നേതാക്കള്‍ തന്നെയാണെന്ന വെളിപ്പെടുത്തലും ഇതോടൊപ്പമുണ്ട്. എല്ലാറ്റിനുമുപരി ആദ്യ മൊഴിയെടുപ്പിനുശേഷം നിലപാട് മാറ്റാന്‍ മുഖ്യമന്ത്രിക്കുവേണ്ടി പ്രമുഖ വ്യവസായി സമീപിച്ചതിന്‍െറ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. ഇതെല്ലാം മുഖ്യമന്ത്രിയെ തീര്‍ത്തും പ്രതിരോധത്തിലാക്കുന്നതാണ്. ഇതുവരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് ഇത് വിശ്വാസ്യത നല്‍കുകയും ചെയ്യുന്നു.
ബാര്‍ കോഴയില്‍ മന്ത്രിമാരായ ചെന്നിത്തലയുടെയും ശിവകുമാറിന്‍െറയും പേരുകള്‍ നേരത്തേ സൂചിപ്പിച്ചിരുന്നെങ്കിലും ഇവര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളാണ് ഇന്നലെ ബിജു രമേശ് നടത്തിയത്. പ്രതിച്ഛായാനഷ്ടം പരിഹരിക്കാന്‍ മേജര്‍ ശസ്ത്രക്രിയ വേണമെന്നാവശ്യപ്പെട്ടുവന്ന ഐ പക്ഷത്തിന് ഇത് വന്‍ തിരിച്ചടിയുമാണ്. പ്രതിച്ഛായ നഷ്ടമായതിന്‍െറ ഉത്തരവാദത്തത്തില്‍നിന്ന് ഇനി അവര്‍ക്ക് ഒഴിയാനുമാവില്ല. നേതൃമാറ്റം ഉണ്ടായാല്‍ പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ഐ പക്ഷം നേതാക്കളെ നിരാശരാക്കുന്നതാണ് പുതിയ ആരോപണങ്ങള്‍.
ആരോപണവിധേയരായ നേതാക്കളെ മുന്നില്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന ചോദ്യമാണ് കോണ്‍ഗ്രസില്‍ ഉയരുന്നത്. ഹൈക്കമാന്‍ഡും ഇപ്പോഴത്തെ അവസ്ഥയില്‍ അസ്വസ്ഥമാണ്. സ്വന്തം നിലയിലുള്ള പരിശോധനയും അവര്‍ തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസിനെ പ്രതിരോധിക്കാന്‍ ബി.ജെ.പി പാര്‍ലമെന്‍റ് സമ്മേളനത്തിലുള്‍പ്പെടെ ഉപയോഗിച്ചേക്കുമെന്നും കോണ്‍ഗ്രസ് സംശയിക്കുന്നുണ്ട്. അതിനാല്‍ തന്നെ എത്രയും വേഗം കരകയറാനുള്ള മാര്‍ഗങ്ങള്‍ ഹൈകമാന്‍ഡിന് ആലോചിക്കേണ്ടിവരും.
സോളാര്‍, ബാര്‍ പ്രശ്നങ്ങള്‍  ഉണ്ടാക്കിയ പേരുദോഷത്തില്‍ യു.ഡി.എഫ് കക്ഷികളെല്ലാം ആശങ്കയിലാണ്. കളങ്കിത നേതാക്കളുമായി തെരഞ്ഞെടുപ്പിനെ നേരിടാനാവില്ളെന്ന അഭിപ്രായമാണ് ഇവര്‍ക്കുള്ളത്. പ്രശ്നത്തിന്‍െറ ഗൗരവം കോണ്‍ഗ്രസ് നേതൃത്വത്തെ ധരിപ്പിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് ബി.ജെ.പിയുമായി അടുക്കാനുള്ള മാണിഗ്രൂപ് നീക്കം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.