സുധീരന്‍െറ യാത്ര കഴിഞ്ഞിട്ടും ബൂത്ത് കമ്മിറ്റികള്‍ ഉണര്‍ന്നില്ല

കൊച്ചി: സംസ്ഥാന അധ്യക്ഷന്‍െറ കേരള യാത്ര കഴിഞ്ഞിട്ടും താഴെതലത്തിലെ അണികള്‍ ഉണര്‍ന്നില്ളെന്ന് കോണ്‍ഗ്രസില്‍ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇത് തിരിച്ചടിയാകുമെന്ന ആശങ്കയാണ് നേതാക്കള്‍ പങ്കുവെക്കുന്നത്. ബൂത്ത് തലത്തിലുള്ള ഭാരവാഹികള്‍ അടക്കമുള്ളവരാണ് ഇപ്പോഴും നിസ്സംഗത പുലര്‍ത്തുന്നത്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി സാധാരണ വിവിധ നേതാക്കള്‍ വടക്കേയറ്റത്തുനിന്ന് തെക്കോട്ട് കേരള യാത്ര നടത്തുന്നത് സംസ്ഥാനത്തുടനീളമുള്ള അണികളെ ഇളക്കാനാണ്. മുമ്പ് മഞ്ചേശ്വരത്തുനിന്ന് തിരുവനന്തപുരത്തേക്ക് ദേശീയപാതവഴി മാത്രമായിരുന്നു നേതാക്കള്‍ കേരള യാത്ര നടത്തിയിരുന്നത്. എന്നാല്‍, കിഴക്കന്‍ പ്രദേശങ്ങളിലെ അണികളെ ഇളക്കാന്‍ ഈ യാത്രകൊണ്ട് പര്യാപ്തമാകില്ളെന്നുകണ്ടതോടെയാണ് കേരള യാത്രകള്‍ മലയോര ജില്ലകളെക്കൂടി ഉള്‍പ്പെടുത്തി ‘വളഞ്ഞുചുറ്റാന്‍’ തുടങ്ങിയത്. ജാഥ തിരുവനന്തപുരത്ത് എത്തുമ്പോഴേക്ക് പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് നല്ളൊരു തുക സംഭാവന ഒത്തിരിക്കുമെന്നതിനൊപ്പം അണികളെ പ്രവര്‍ത്തനസജ്ജരാക്കാനും കഴിയുമായിരുന്നു. എന്നാല്‍, ഇക്കുറി അണികളെ സജ്ജരാക്കുകയെന്ന ലക്ഷ്യം കൈവരിക്കാനായില്ളെന്നാണ് വിവിധ നേതാക്കളുടെ വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിക്ക് കാരണമായി കോണ്‍ഗ്രസ് വിലയിരുത്തിയത് ബൂത്ത് കമ്മിറ്റികള്‍ വേണ്ടത്ര ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല എന്നതാണ്. മിക്കയിടങ്ങളിലും വോട്ടേഴ്സ് സ്ളിപ് നല്‍കുന്നതിനുപോലും ആളുണ്ടായിരുന്നില്ല. സര്‍ക്കാറിന്‍െറ നേട്ടങ്ങള്‍ വോട്ടര്‍മാരിലത്തെിക്കാനുള്ള സ്ക്വാഡ് വര്‍ക്കുപോലും മിക്കയിടങ്ങളിലും നടന്നില്ളെന്നും വിമര്‍ശമുയര്‍ന്നു. ഇതിന് മറുപടിയായി, ‘പ്രവര്‍ത്തകര്‍ക്ക് വട്ടച്ചെലവിനുള്ള പണംപോലും മിക്കയിടത്തും എത്തിയില്ളെന്നും പിന്നെ എങ്ങനെ ആളുകള്‍ രംഗത്തിറങ്ങും’ എന്നുള്ള മറുചോദ്യമായിരുന്നു താഴെതട്ടില്‍നിന്നുള്ള നേതാക്കള്‍ ഉന്നയിച്ചത്.  ബാറുകാരും ക്വാറിക്കാരും പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നത് നിര്‍ത്തി, ഇനി മുകളില്‍നിന്ന് ഫണ്ട് പ്രതീക്ഷിക്കേണ്ട’ എന്നായിരുന്നു ഇതിന് വേദിയില്‍നിന്നുണ്ടായ വിശദീകരണം. ഇക്കുറിയും മുകളില്‍നിന്ന് കാര്യമായി ഫണ്ട് പ്രതീക്ഷിക്കേണ്ടതില്ളെന്നാണ് ഇതിനകം അണികളെ അറിയിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനിന്നിട്ടും പഴയ സ്ഥിതിയില്‍ മാറ്റമുണ്ടായിട്ടില്ല.
കെ.പി.സി.സി പ്രസിഡന്‍റിന്‍െറ ജാഥയുടെ സ്വീകരണവേദിയില്‍ ഓരോ മണ്ഡലം കമ്മിറ്റിയും നിശ്ചിത തുക സംഭാവനയായി എത്തിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിന് വീടുകയറി പിരിവുപോലും മിക്കയിടത്തും നടന്നില്ല. പകരം ഒന്നോ രണ്ടോ  കച്ചവടക്കാരില്‍നിന്ന് നിശ്ചിത തുക വാങ്ങി സ്വീകരണവേദിയില്‍ എത്തിക്കുകയായിരുന്നു. ബൂത്ത് കമ്മിറ്റികളുടെ ഗ്രൂപ്പുതിരിച്ചുള്ള വീതംവെപ്പാണ് ഇപ്പോഴത്തെ നിസ്സംഗതക്ക് കാരണമായി മുകള്‍തലത്തിലുള്ള നേതാക്കള്‍തന്നെ വിലയിരുത്തുന്നത്. പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍െറ പേരില്‍ ഒരിക്കല്‍പോലും വെയിലുകൊള്ളാത്തവര്‍ ഗ്രൂപ്പുനേതാക്കളുടെ ശിപാര്‍ശയുടെ ബലത്തില്‍ ബൂത്തുതലം മുതല്‍ ജില്ലാതലംവരെ ഭാരവാഹികളായി എത്തിയതോടെ യഥാര്‍ഥ പ്രവര്‍ത്തകര്‍ ഉള്‍വലിയുകയായിരുന്നു. പല ജില്ലകളിലും നൂറോളം ഡി.സി.സി സെക്രട്ടറിമാരാണുള്ളത്. കഴിഞ്ഞദിവസം കൊച്ചിയില്‍ ഡി.സി.സി സെക്രട്ടറിമാരുടെ തള്ളല്‍ കാരണം വി.എം. സുധീരന്‍െറ സ്വീകരണവേദി തകര്‍ന്ന് നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. അന്ന് വേദിയില്‍ തള്ളിക്കയറിയവരില്‍ മിക്കവരെയും ഇതിനുമുമ്പ് പാര്‍ട്ടിയുടെ ഒരുവേദിയിലും കണ്ടിട്ടില്ളെന്നാണ് പോഷകസംഘടനാ ജില്ലാ നേതാക്കള്‍ പറയുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.