‘നിലപാട് പ്രഖ്യാപിച്ച്’ വെള്ളാപ്പള്ളി; ആശയക്കുഴപ്പത്തില്‍ ബി.ജെ.പിയും

കൊച്ചി: സംസ്ഥാന നേതാക്കളുടെയും അണികളുടെയും അനിഷ്ടം വകവെക്കാതെ കൂടെക്കൂട്ടിയ വെള്ളാപ്പള്ളി ഒടുവില്‍ ‘നിലപാട് പ്രഖ്യാപിച്ചതോടെ’ വെട്ടിലായത് ബി.ജെ.പി നേതൃത്വം. ‘അവസരവാദ രാഷ്ട്രീയമാണ്’ തന്‍െറ നയമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കിയതോടെ വെള്ളാപ്പള്ളിയുമായി ബന്ധമുണ്ടാക്കിയത് അണികള്‍ക്ക് മുന്നില്‍ വിശദീകരിക്കാനാവാതെ കുഴങ്ങുകയാണ് നേതൃത്വം.

സംവരണ വിഷയത്തിലും വിശാല ഹിന്ദു ഐക്യത്തിലും  മാറിയും തിരിഞ്ഞും നിലപാട് സ്വീകരിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെ കൂടെക്കൂട്ടുന്നതില്‍ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. എന്നാല്‍, കേന്ദ്രത്തില്‍ ബി.ജെ.പി ഭരണത്തിലത്തെിയതോടെ അവരോടുള്ള ആഭിമുഖ്യം മറനീക്കി കാണിച്ച വെള്ളാപ്പള്ളി സംസ്ഥാന നേതാക്കളെ തഴഞ്ഞ് പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ വഴിയാണ് ബാന്ധവം സ്ഥാപിച്ചത്. വെള്ളാപ്പള്ളിയുമായുള്ള സഹകരണ പ്രഖ്യാപന കാര്യത്തില്‍പോലും ബി.ജെ.പി ദേശീയ നേതൃത്വം അന്നത്തെ സംസ്ഥാന ഭാരവാഹികളെ അടുപ്പിച്ചുമില്ല.

ഇതിനിടെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം  പോലുമില്ലാതിരുന്ന കുമ്മനം രാജശേഖരന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റായി കേന്ദ്രത്തില്‍നിന്ന് അവരോധിക്കപ്പെട്ടത്. വെള്ളാപ്പള്ളിയെ വീട്ടില്‍ പോയി കണ്ട കുമ്മനം വിമോചന യാത്രയിലുടനീളം വെള്ളാപ്പള്ളിയുടെ ഹിന്ദുഐക്യ സ്നേഹത്തെ പുകഴ്ത്തുകയും ചെയ്തു.

വെള്ളാപ്പള്ളി രൂപവത്കരിച്ച് ഭാരതീയ ധര്‍മ ജന സേന’ക്കും (ബി.ഡി.ജെ.എസ്) ബി.ജെ.പിയുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ചു. എന്നാല്‍, ബി.ജെ.പിയുമായി സഹകരിക്കുന്നതില്‍ എസ്.എന്‍.ഡി.പി അണികളില്‍ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. എസ്.എന്‍.ഡി.പി അണികളില്‍ നല്ളൊരുപങ്കും ഇടത് ആഭിമുഖ്യമുള്ളവരാണെന്നതും സംവരണ നയത്തോട് ആര്‍.എസ്.എസിനുള്ള വിരുദ്ധാഭിപ്രായവും  ഈ എതിര്‍പ്പിന് കാരണമായി. ബി.ഡി.ജെ.എസിന്‍െറ അംഗത്വ പ്രചാരണങ്ങളില്‍വരെ ഈ നിസ്സംഗത പ്രതിഫലിച്ചിട്ടുണ്ട്. മാത്രമല്ല; കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിച്ച് മത്സരിച്ചിട്ടും ഇരുവിഭാഗത്തിനും പ്രതീഷിച്ച ഗുണമുണ്ടായുമില്ല.

വെള്ളാപ്പള്ളിയുമായുള്ള ബന്ധം നഷ്ടക്കച്ചവടമാകുമെന്ന് ബി.ജെ.പിയുടെ മുന്‍ സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ നേരത്തേതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തില്‍ ബി.ജെ.പിയുടെ പ്രധാന വോട്ട് ബാങ്ക് സവര്‍ണ ഹിന്ദു വിഭാഗമാണ്. വെള്ളാപ്പള്ളിക്ക് അമിത പ്രാധാന്യം നല്‍കുന്നത് ഈ വിഭാഗങ്ങളെ പാര്‍ട്ടിയില്‍നിന്ന് അകറ്റുമെന്നായിരുന്നു അവരുടെ വിലയിരുത്തല്‍. എന്നാല്‍  കേരളത്തില്‍ എങ്ങനെയും  അക്കൗണ്ട് തുറക്കണമെന്ന വാശിയില്‍ ദേശീയ നേതൃത്വം ഇത് പാടെ അവഗണിച്ചു.

പക്ഷേ, തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷപുലര്‍ത്തിയ എറണാകുളം, ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ്കാര്യമായ ഗുണമുണ്ടായില്ല.ഇടതു മുന്നണിയെ പിണക്കുന്നത് ഇപ്പോഴത്തെ അവസ്ഥയില്‍ ബുദ്ധിയല്ളെന്ന് സംഘടനയിലെ മധ്യനിര നേതാക്കള്‍ വെള്ളാപ്പള്ളിയെ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് ബി.ജെ.പി അനുകൂല നിലപാടില്‍നിന്ന് ‘അവസരവാദ നിലപാടിലേ’ക്ക് വെള്ളാപ്പള്ളി മാറിയത്.

ഈ തെരഞ്ഞെടുപ്പില്‍ നിയമസഭയില്‍ അക്കൗണ്ട് തുറക്കണമെന്ന ദേശീയ നേതൃത്വത്തിന്‍െറ കര്‍ശന നിര്‍ദേശം പാലിക്കുന്നതിനായി കിട്ടാവുന്ന മുഴുവന്‍ വോട്ടുകളും സമാഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് ബി.ജെ.പി നേതൃത്വം. ഇതിനായി, വിവിധ ക്രൈസ്തവ സഭാ പിതാക്കളെ സന്ദര്‍ശിച്ചതു കൂടാതെ കുമ്മനം രാജശേഖരന്‍  കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ പരോക്ഷമായി ബി.ജെ.പിയിലേക്ക് ക്ഷണിക്കുന്നുമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.