കേരള കോണ്‍ഗ്രസ്: സിറ്റിങ് എം.എല്‍.എമാര്‍ ഇക്കുറിയും മത്സരിക്കും

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്‍െറ സിറ്റിങ് എം.എല്‍.എമാരില്‍ ഭൂരിഭാഗവും ഇക്കുറിയും മത്സര രംഗത്തുണ്ടാകുമെന്ന് സൂചന. ഏതാനും സീറ്റുകളില്‍ പുതുമുഖങ്ങളെ രംഗത്തിറക്കാന്‍ ആലോചനയുണ്ടെങ്കിലും വിജയസാധ്യത കണക്കിലെടുത്ത് ഇക്കാര്യത്തില്‍ തീരുമാനം  മതിയെന്നാണ് പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ നിലപാട്.

പാലായില്‍ കെ.എം. മാണിയും തൊടുപുഴയില്‍ പി.ജെ. ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും കാഞ്ഞിരപ്പള്ളിയില്‍ പ്രഫ.എന്‍. ജയരാജും കോതമംഗലത്ത് ടി.യു. കുരുവിളയും ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടനും ചങ്ങനാശേരിയില്‍ സി.എഫ്. തോമസും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ഇക്കുറിയും മത്സരത്തിനുണ്ടാകും. എന്നാല്‍, പാര്‍ട്ടിയില്‍നിന്ന് പുറത്തായ പി.സി. ജോര്‍ജിന്‍െറ പൂഞ്ഞാറടക്കം  ഇക്കുറി കൂടുതല്‍ സീറ്റുകളില്‍ ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ചതോടെ കേരള കോണ്‍ഗ്രസില്‍ സീറ്റ് വിഭജനം കീറാമുട്ടിയാകുമെന്നും ഉറപ്പായി. കഴിഞ്ഞ തവണ ജോസഫ് ഗ്രൂപ് അഞ്ചു സീറ്റില്‍ മത്സരിച്ച് നാലിടത്ത് വിജയിച്ചു. ഇത്തവണ രണ്ടു സീറ്റെങ്കിലും ഗ്രൂപ്പിന് അധികമായി വേണമെന്ന ആവശ്യം പാര്‍ട്ടി ഉന്നതാധികാര സമിതിയില്‍ ജോസഫ് ആവശ്യപ്പെട്ടതായാണ് വിവരം. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ്15 സീറ്റുകളില്‍ മത്സരിച്ചെങ്കിലും വിജയിച്ചത് ഒമ്പതിടത്ത് മാത്രം.

ജോസഫ് വിഭാഗത്തിന്‍െറ കടുത്ത നിലപാടും സ്ഥാനാര്‍ഥി മോഹികളുടെ എണ്ണം വര്‍ധിച്ചതും കണക്കിലെടുത്ത്  ഇത്തവണ കുറഞ്ഞത് 20 സീറ്റെങ്കിലും വേണമെന്ന നിലപാടിലാണ് മാണി ഗ്രൂപ്. യു.ഡി.എഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമായില്ളെങ്കിലും ആദ്യ ചര്‍ച്ചയില്‍ തന്നെ 20 സീറ്റെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കാന്‍  തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതി കെ.എം. മാണിയെയും മന്ത്രി പി.ജെ. ജോസഫിനെയും ചുമതലപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ തവണ പരാജയപ്പെട്ട കുട്ടനാട്ടില്‍ ഡോ.കെ.സി. ജോസഫിനെയും പേരാമ്പ്രയില്‍ മുഹമ്മദ് ഇക്ബാലിനെയും ഏറ്റുമാനൂരില്‍ തോമസ് ചാഴികാടനെയും വീണ്ടും മത്സരിപ്പിക്കാനാണ് തീരുമാനം. എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിന്‍െറ പേരില്‍ തിരുവല്ലയില്‍ പരാജയപ്പെട്ട വിക്ടര്‍ ടി. തോമസിന്‍െറ കാര്യത്തില്‍ ഇനിയും തീരുമാനം എടുത്തിട്ടില്ല. കല്ലൂപ്പാറ മണ്ഡലം ഇല്ലാതായതോടെ സീറ്റ് നഷ്ടപ്പെട്ട ജോസഫ് എം. പുതുശേരിക്ക് സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു തിരുവല്ല സീറ്റ് സംബന്ധിച്ച് പാര്‍ട്ടിയില്‍  പ്രതിസന്ധി സൃഷ്ടിച്ചത്. അതിനാല്‍, ഇക്കുറി ഇവിടെ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിലും നേതൃത്വത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു.

 ആലത്തൂരില്‍ കേരള കോണ്‍ഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്‍റായിരുന്ന കുശലകുമാരനായിരുന്നു കഴിഞ്ഞ തവണ മത്സരിച്ചത്. തളിപ്പറമ്പില്‍ യൂത്ത് ഫ്രണ്ട് നേതാവ് ജോബ് മൈക്കിളും. ഈ രണ്ടു സീറ്റുകള്‍ക്ക് പകരം ജയസാധ്യതയുള്ള സീറ്റുകള്‍ മലബാര്‍ മേഖലയില്‍ ആവശ്യപ്പെടുന്നതിന് പുറമെ മുന്നണി വിട്ട കേരള കോണ്‍ഗ്രസ് -ബിയുടെ പത്തനാപുരവും കുണ്ടറയും പുനലൂരും ആവശ്യപ്പെടാനും മാണി ഗ്രൂപ് തീരുമാനിച്ചിട്ടുണ്ട്. അടുത്ത യു.ഡി.എഫില്‍ ഇക്കാര്യം പാര്‍ട്ടി ആവശ്യപ്പെടുമെന്ന് പ്രമുഖ നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു.

കേരള കോണ്‍ഗ്രസ്-ബി മുന്നണിവിട്ട സാഹചര്യത്തില്‍ ഈസീറ്റ് കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്നാണ് മാണി ഗ്രൂപ് നിലപാട്. അതേസമയം, ഇത്തവണ അര്‍ഹമായ സീറ്റ് ലഭിക്കുന്നില്ളെങ്കില്‍ രണ്ടിലൊന്ന് തീരുമാനിക്കുമെന്നാണ് ജോസഫ് വിഭാഗത്തിലെ ആന്‍റണി രാജു, പി.സി. ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരുടെ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയില്‍ ഒരു സീറ്റ് ആവശ്യപ്പെടണമെന്നാണ് ജോസഫ് വിഭാഗത്തിന്‍െറ നിലപാട്. എന്നാല്‍, പൂഞ്ഞാറില്‍ മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കാന്‍ തത്ത്വത്തില്‍ തീരുമാനമായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.