ബി.ജെ.പി ബന്ധം: ജോസഫ് വിഭാഗത്തിന്‍െറ ഭീഷണിക്ക് മാണി വഴങ്ങി

കോട്ടയം: ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയാല്‍ ഒപ്പമുണ്ടാവില്ളെന്നും പാര്‍ട്ടി പിളരുമെന്നും ജോസഫ് വിഭാഗം നല്‍കിയ മുന്നറിയിപ്പിന് മുന്നില്‍ ഒടുവില്‍ കെ.എം. മാണി വഴങ്ങി. ബി.ജെ.പിയുമായി ഒരു സഖ്യത്തിനുമില്ളെന്ന് മാണി പ്രഖ്യാപിച്ചത് ഇതേതുടര്‍ന്നാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഫെബ്രുവരി 26ന് ഡല്‍ഹിയില്‍ നടത്തുന്ന പാര്‍ലമെന്‍റ് ധര്‍ണക്കിടെ അമിത് ഷായുമായും നരേന്ദ്രമോദിയുമായും കൂടിക്കാഴ്ചക്ക് മാണി തീരുമാനിച്ചിരുന്നെങ്കിലും  പാര്‍ട്ടിയില്‍നിന്ന് എതിര്‍പ്പ് ശക്തമായതോടെ ബി.ജെ.പിയുമായി സഖ്യമില്ളെന്ന് മാണി പ്രഖ്യാപിക്കുകയായിരുന്നത്രേ. കേരള കോണ്‍ഗ്രസിന്‍െറ മതേതര നിലപാടിന് വിരുദ്ധമാണ് ബി.ജെ.പി ബന്ധമെന്നും അണികള്‍ യോജിക്കില്ളെന്നും ജോസഫ് വിഭാഗം നേതാക്കള്‍ വ്യക്തമാക്കി.
കേരളകോണ്‍ഗ്രസിനെ പിന്തുണക്കുന്ന  ജനത്തെ മറന്നുള്ള  സഖ്യത്തിനില്ളെന്നും അവര്‍ തുറന്നടിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നീക്കം ആത്മഹത്യാപരമായിരിക്കുമെന്ന മുന്നറിയിപ്പ് ഏതാനും എം.എല്‍.എമാരും നല്‍കി. ഈ സാഹചര്യത്തിലാണ് നിലപാട് മാറ്റിയതെന്നാണ് വിവരം.
അതേസമയം, കൂടുതല്‍ സീറ്റ് വേണമെന്ന ജോസഫ് വിഭാഗത്തിന്‍െറ ആവശ്യം അംഗീകരിച്ചിട്ടില്ല.പി.സി. ജോര്‍ജിന്‍െറ പൂഞ്ഞാര്‍ സീറ്റ് വേണമെന്നാണ് ജോസഫിന്‍െറ പ്രധാന ആവശ്യം. ജോസഫ് പക്ഷത്തെ പ്രമുഖനായ  ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കാനാണിത്. പൂഞ്ഞാര്‍ അല്ളെങ്കില്‍ ഇടുക്കിയില്‍ ഒരു സീറ്റ് എന്ന ജോസഫിന്‍െറ ആവശ്യത്തോടും മാണി അനുകൂലമായി പ്രതികരിക്കാത്തതും ഭിന്നത വളര്‍ത്തി.സിറ്റിങ് സീറ്റുകളില്‍ അതത് എം.എല്‍.എമാര്‍ മത്സരിക്കണമെന്നും പൂഞ്ഞാറിന് പുറമെ പത്തനാപുരം, കുണ്ടറ, പുനലൂര്‍ സീറ്റുകളില്‍ അവകാശവാദം ഉന്നയിക്കണമെന്നും ജോസഫ് വിഭാഗം നിര്‍ദേശിച്ചു. ഇതില്‍ ഒന്ന് ആന്‍റണി രാജുവിന് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടതായാണ് സൂചന.
പൂഞ്ഞാറില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മിയെ മത്സരിപ്പിക്കാനാണ് മാണി വിഭാഗത്തിന്‍െറ തീരുമാനം.ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ഡിവിഷനില്‍ ദയനീയമായി തോറ്റ ഇവരെ ഇവിടെ മത്സരിപ്പിക്കുന്നതിനോടും ജോസഫ് വിഭാഗത്തിന് താല്‍പര്യമില്ല. അര്‍ഹമായ സീറ്റ് ലഭിച്ചില്ളെങ്കില്‍ കടുത്ത നിലപാടിലേക്ക് നീങ്ങണമെന്നാണ് ജോസഫ് പക്ഷത്തെ പ്രമുഖരുടെ ആവശ്യം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.