തെരഞ്ഞെടുപ്പ്: തീരുമാനം ഹൈദരലി തങ്ങള്‍ എടുക്കും

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് നടപടികളിലേക്ക് പ്രവേശിച്ച് മുസ്ലിംലീഗ്. ചൊവ്വാഴ്ച മലപ്പുറത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. സീറ്റുകള്‍, സ്ഥാനാര്‍ഥികള്‍, യു.ഡി.എഫില്‍ ഉന്നയിക്കേണ്ട ആവശ്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ അധികാരപ്പെടുത്തിയതായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യു.ഡി.എഫിന് ഭരണതുടര്‍ച്ച ഉണ്ടാകും. യു.ഡി.എഫ് നേതാക്കളുമായി അടുത്തുതന്നെ തെരഞ്ഞെടുപ്പ് ചര്‍ച്ച നടക്കും. ലീഗിനെ സംബന്ധിച്ച് സീറ്റുകളുടെ കാര്യത്തിലോ മറ്റോ വലിയ പ്രയാസങ്ങളൊന്നുമില്ല. എല്ലാ കാര്യങ്ങളും വേഗം തീരുമാനിക്കുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പ്രകടനപത്രിക യു.ഡി.എഫ് കൂട്ടായ ചര്‍ച്ചയിലൂടെ തയാറാക്കും. ലീഗ് നടത്തിയ കേരളയാത്ര പ്രവര്‍ത്തക സമിതി വന്‍ വിജയമായി വിലയിരുത്തിയതായി മജീദ് പറഞ്ഞു. ലീഗ് ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ക്ക് പൊതുസ്വീകാര്യത ലഭിച്ചു. സാംസ്കാരിക പ്രവര്‍ത്തകരും ആധ്യാത്മിക നേതാക്കളും യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമെല്ലാം യാത്രക്ക് അഭിവാദ്യമര്‍പ്പിച്ചു.

പ്രതീക്ഷിച്ചതില്‍ കവിഞ്ഞ ജനപങ്കാളിത്തമാണ് യാത്രയിലും തിരുവനന്തപുരത്ത് നടന്ന സമാപന സമ്മേളനത്തിലുമുണ്ടായത്. ലീഗ് എല്ലാ കാലത്തും ഉയര്‍ത്തിപ്പിടിക്കുന്ന മതസൗഹാര്‍ദത്തിന് പൊതുസമൂഹം വലിയ പിന്തുണയും പ്രശംസയും നല്‍കി. അതുകൊണ്ടുതന്നെ യാത്രയുടെ സ്വാധീനം വളരെ വലുതാണ്. യാത്രയിലുണ്ടായ ആവേശം യു.ഡി.എഫിന്‍െറ ഭരണതുടര്‍ച്ചക്കും കാരണമാകും -നേതാക്കള്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങള്‍ പാര്‍ലമെന്‍ററി ബോര്‍ഡുമായി കൂടിയാലോചനയിലൂടെ തീരുമാനിക്കുമെന്നും അവര്‍ സൂചിപ്പിച്ചു. മുസ്ലിംലീഗിന്‍െറ സ്ഥാനാര്‍ഥിപ്പട്ടികയില്‍ വനിതാ പ്രാതിനിധ്യം ഉണ്ടാകുമോ എന്ന ചോദ്യത്തിന് തക്കസമയത്ത് തീരുമാനമുണ്ടാകുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മറുപടി നല്‍കി. ഇതുസംബന്ധിച്ച് നേതാക്കള്‍ കൂടുതലൊന്നും പറഞ്ഞില്ല.  ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ മന്ത്രിമാരും എം.എല്‍.എമാരും സംസ്ഥാന ഭാരവാഹികളും മറ്റും സംബന്ധിച്ചു.  

സ്ഥാനാര്‍ഥി ചര്‍ച്ച ലീഗ് ഒഴിവാക്കി;പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക്
തെരഞ്ഞെടുപ്പിന് ഒരുങ്ങിയതായി പ്രഖ്യാപിച്ച മുസ്ലിംലീഗ് പ്രവര്‍ത്തക സമിതിയില്‍ സീറ്റുകള്‍ സംബന്ധിച്ചും സ്ഥാനാര്‍ഥികളെക്കുറിച്ചും വിശദ ചര്‍ച്ച ഒഴിവാക്കി. സ്ഥാനാര്‍ഥികളാവാന്‍ രംഗത്തുള്ള എല്ലാവരും യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണമെന്ന് സന്ദേശം നല്‍കിയ നേതാക്കള്‍, സീറ്റുകള്‍ സംബന്ധിച്ച് ഘടകകക്ഷി നേതാക്കളെ കുറ്റപ്പെടുത്തുന്ന പ്രസ്താവന അരുതെന്നും നിര്‍ദേശിച്ചു.

യു.ഡി.എഫില്‍ പൊതുവെ ലീഗിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. പരസ്യ പ്രസ്താവനകള്‍ വെച്ചുപൊറുപ്പിക്കില്ല.സ്ഥാനാര്‍ഥിപട്ടികയില്‍ വനിതാ പ്രാതിനിധ്യം വേണമെന്ന ആവശ്യം പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ചക്ക് എടുത്തില്ല. വനിതാ ലീഗ് നേതാക്കളായ ഖമറുന്നീസ അന്‍വറും നൂര്‍ബിന ബഷീറും യോഗത്തില്‍ പങ്കെടുത്തെങ്കിലും ആവശ്യങ്ങളൊന്നും ഉന്നയിച്ചില്ല.യു.ഡി.എഫില്‍ ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുക എന്നത് സ്വാഭാവികമാണെങ്കിലും ഇതുസംബന്ധിച്ച് തര്‍ക്കം ഉന്നയിക്കാന്‍ ലീഗ് നില്‍ക്കില്ല. അതേസമയം, കോഴിക്കോട് ജില്ലയിലടക്കം ലീഗിന്‍െറ സീറ്റുകളില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ ലീഗ് പ്രവര്‍ത്തക സമിതിയില്‍ പരാമര്‍ശ വിഷയമായി.

കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ അഭിപ്രായമാണ് അതിനുള്ള മറുപടിയെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. കൂടുതല്‍ സമയവും കേരളയാത്രക്ക് ലഭിച്ച പ്രതികരണമാണ് ചര്‍ച്ച ചെയ്തത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ. അഹമ്മദ്, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.എ. മജീദ് എന്നിവരടങ്ങുന്ന പാര്‍ലമെന്‍ററി ബോര്‍ഡായിരിക്കും സ്ഥാനാര്‍ഥികളെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുക. അതേസമയം, ലീഗിന്‍െറ സ്ഥാനാര്‍ഥിപട്ടിക പാര്‍ലമെന്‍ററി ബോര്‍ഡിനുമുന്നില്‍ ഇതിനകം എത്തിയതായി അറിയുന്നു. സംസ്ഥാനത്ത് കഴിഞ്ഞതവണ മത്സരിച്ച 24 സീറ്റുകളില്‍ ഇതിന്‍െറ ഇരട്ടിയോളം പേര്‍ പട്ടികയില്‍ കടന്നുകൂടാന്‍ ഉണ്ട്. മന്ത്രിമാരില്‍ അഞ്ചുപേരും മത്സരിക്കണമെന്ന ആഗ്രഹമാണ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. പ്രവര്‍ത്തക സമിതി ചേരുന്നതിനു മുമ്പ് പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ പാണക്കാട്ടത്തെി ഹൈദരലി ശിഹാബ് തങ്ങളുമായി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി.  

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.