ബാര്‍കോഴ: വിജിലന്‍സ് റിപ്പോര്‍ട്ട് യു.ഡി.എഫിന് ആശ്വാസം

തിരുവനന്തപുരം: കോടതിതീരുമാനം വരേണ്ടതുണ്ടെങ്കിലും ബാര്‍കോഴയില്‍  കെ.എം. മാണിയെ കുറ്റമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് യു.ഡി.എഫിന് ആശ്വാസമായി. നിയമസഭാതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ ഉണ്ടായ ഈ നടപടി ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് മാത്രമല്ല, എതിരാളികള്‍ക്കെതിരെ ഉപയോഗിക്കാന്‍ അവസരം നല്‍കുന്നതുമാണ്. ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ സര്‍ക്കാര്‍ നീങ്ങിയ ദിവസംതന്നെയാണ് മാണിക്കനുകൂലമായ തീരുമാനമുണ്ടായതെന്നതും ശ്രദ്ധേയമാണ്. നിയമനടപടികളോടുള്ള യു.ഡി.എഫ് നിലപാട് വിശദീകരിക്കാന്‍  ബാര്‍ കോഴക്കേസിലെ സമീപനമായിരിക്കും ഭരണപക്ഷം ഉപയോഗിക്കുക. അതോടൊപ്പം, ലാവലിന്‍ വിഷയത്തിലെ  പ്രതിപക്ഷസമീപനവുമായി  താരതമ്യവും നടത്തും. ബാര്‍കോഴ വിഷയത്തില്‍ ബാറുടമകളുമായി പ്രതിപക്ഷം ഒത്തുകളിച്ച് മാണിയെ കുടുക്കാന്‍ ശ്രമിച്ചിട്ടും ഒടുവില്‍ സത്യം ജയിച്ചെന്ന പ്രചാരണവും ഉണ്ടാകും. ഇത് മധ്യകേരളത്തില്‍ പ്രത്യേകിച്ച് ക്രൈസ്തവ വോട്ട്ബാങ്കുകളില്‍ ഗുണകരമാകുമെന്ന വിശ്വാസവും ഭരണമുന്നണിക്കുണ്ട്.

അതേസമയം,  മന്ത്രിസഭയിലേക്കുള്ള മാണിയുടെ മടങ്ങിവരവ് സംബന്ധിച്ച് മാണിഗ്രൂപ്പില്‍ ആശയക്കുഴപ്പം വര്‍ധിച്ചു. കുറ്റമുക്തനായാല്‍ മാണി  മന്ത്രിയായി  തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴും മാണിഗ്രൂപ്പില്‍ ഇതിനെക്കുറിച്ച് വ്യക്തതയില്ല. മാണി മന്ത്രിയായി  വീണ്ടും ബജറ്റ് അവതരിപ്പിക്കണമെന്ന് ഒരുവിഭാഗം ആഗ്രഹിക്കുമ്പോള്‍  തല്‍ക്കാലം  ഒഴിഞ്ഞുനില്‍ക്കുന്നതാവും  പാര്‍ട്ടിക്കും മാണിക്കും രാഷ്ട്രീയമായി  ഗുണംചെയ്യുകയെന്ന് മറ്റൊരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. മാണിയും ഇക്കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്.

വിജിലന്‍സ് റിപ്പോര്‍ട്ടില്‍ മാണിയും പാര്‍ട്ടിയും പൂര്‍ണ സന്തോഷത്തിലാണ്. കോടതി തീരുമാനമാണ് ഇനി അറിയേണ്ടത്. റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ മാണിക്ക് മന്ത്രിയാവുന്നതിന്  തടസ്സമില്ല. പരമാവധി രണ്ടരമാസം കൂടിയാണ് സര്‍ക്കാറിന് ശേഷിക്കുന്നത്. അടുത്ത ബജറ്റും അവതരിപ്പിക്കാന്‍ കഴിയുമെന്നത് മാത്രമാണ് മന്ത്രിയാവുന്നതിലൂടെ അദ്ദേഹത്തിന് ലഭിക്കുന്ന നേട്ടം. 14 ബജറ്റുകള്‍ അവതരിപ്പിച്ചതിന്‍െറ ഖ്യാതിക്കും  അദ്ദേഹം ഉടമയാകും. എന്നാല്‍ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചാലും  മന്ത്രിസ്ഥാനം ഏറ്റെടുക്കാതിരിക്കുന്നത് അധികാരമോഹിയെന്ന ദുഷ്പേര് ഒഴിവാക്കുന്നതിനും കൂടുതല്‍ ജനകീയാംഗീകാരം കിട്ടാനും മാണിക്ക് സഹായകമാകുമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്.

വിജിലന്‍സ് റിപ്പോര്‍ട്ട് അംഗീകരിച്ചാലും അതിനെതിരെ നിയമപോരാട്ടം ഉണ്ടായേക്കും. മന്ത്രിസ്ഥാനം മാണി ഏറ്റെടുക്കുന്നതോടെ ഈ നീക്കം പ്രതിപക്ഷം ശക്തമാക്കും. മറിച്ചാണെങ്കില്‍ പ്രതിപക്ഷം വേണ്ടത്ര ഗൗരവം നല്‍കണമെന്നില്ളെന്നും ഇവര്‍ കണക്കുകൂട്ടുന്നു. എന്തായാലും കോടതിതീരുമാനം ഉണ്ടായാലുടന്‍ മന്ത്രിസ്ഥാനത്തിന്‍െറ കാര്യത്തില്‍  മാണിക്ക് തീരുമാനമെടുക്കേണ്ടി വരും. ബജറ്റ് തയാറാക്കലുമായി ബന്ധപ്പെട്ട നടപടികള്‍ ദ്രുതഗതിയില്‍ നടന്നുവരുകയാണ്. ഫെബ്രുവരി അഞ്ചുമുതല്‍ ചേരുന്ന നിയമസഭാസമ്മേളനത്തില്‍ 12ന് ബജറ്റ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.