ബാബുവും വീണു

കൊച്ചി/തൃശൂര്‍: എക്സൈസ് മന്ത്രി കെ. ബാബു രാജിവെച്ചു. ബാര്‍കോഴ കേസില്‍ മന്ത്രി ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിന്‍െറ തൊട്ടുപിന്നാലെയാണ് രാജി. ദ്രുതപരിശോധനാ റിപ്പോര്‍ട്ടിന്‍െറ നടപടിക്രമം മറികടന്നാണ് ബാബുവിനും കോഴ കൊടുത്തെന്ന് പറഞ്ഞ ബാറുടമ ബിജു രമേശിനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന്‍ ഉത്തരവിട്ടത്. അന്വേഷണ റിപ്പോര്‍ട്ട് അടുത്തമാസം 22ന് ഹാജരാക്കാന്‍ നിര്‍ദേശിച്ച കോടതി, വിജിലന്‍സിനെയും സര്‍ക്കാറിനെയും അതിനിശിതമായി വിമര്‍ശിക്കുകയും ശാസിക്കുകയും ചെയ്തു.

കോടതി ഉത്തരവ് അറിഞ്ഞതിനെ തുടര്‍ന്ന് എറണാകുളം ഗെസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തിയ ശേഷം പ്രസ്ക്ളബില്‍  വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ബാബു രാജി പ്രഖ്യാപിച്ചത്. കോടതിയില്‍നിന്ന് എതിര്‍ പരാമര്‍ശം വന്നാല്‍ സാങ്കേതികതയുടെ പേരില്‍ കടിച്ചുതൂങ്ങില്ളെന്ന വാക്ക് പാലിക്കുന്നതിനാണ് കോടതി ഉത്തരവുപോലും വായിച്ചുനോക്കാതെ  രാജിവെക്കുന്നതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വി. ശിവന്‍കുട്ടി എം.എല്‍.എയും ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയുടെ ഫലമായാണ് തനിക്കെതിരെ ആരോപണമുയര്‍ന്നത്. വ്യക്തിപരമായ തീരുമാനത്തിന്‍െറയും ധാര്‍മികതയുടെയും പേരില്‍ മാത്രമാണ് രാജി. ത്വരിത പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഒരുമാസംകൂടി സമയം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ കോടതിയെ സമീപിച്ചപ്പോഴാണ് കോടതി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചത്. അത് അസാധാരണ ഉത്തരവാണ്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയ പൊതുപ്രവര്‍ത്തകന്‍ അഭിമുഖത്തിന്‍െറ സീഡി മാത്രമാണ് തെളിവായി ഹാജരാക്കിയത്. മാത്രമല്ല, തനിക്കെതിരെ ആരോപണം ഉന്നയിച്ചയാളും സാക്ഷികളും നല്‍കിയത് പരസ്പര വിരുദ്ധ മൊഴിയുമാണെന്ന് ബാബു ചൂണ്ടിക്കാട്ടി.

ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ബിജു രമേശില്‍ നിന്ന് മന്ത്രി ബാബു 50 ലക്ഷം കോഴ വാങ്ങിയെന്ന മലയാളവേദി പ്രസിഡന്‍റ് ജോര്‍ജ് വട്ടുകുളത്തിന്‍െറ പരാതിയില്‍ ഡിസംബര്‍ ഒമ്പതിന് ദ്രുതപരിശോധനക്ക് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ബിജു രമേശ് ചാനലുകളില്‍ നടത്തിയ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തിലായിരുന്നു പരാതി. പരിശോധനാ റിപ്പോര്‍ട്ട് ശനിയാഴ്ച കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു.

എന്നാല്‍, കേസിന്‍െറ പ്രാഥമിക വിവരങ്ങള്‍ തിരുവനന്തപുരം ലോകായുക്തയിലായതിനാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുമാസം കൂടി വേണമെന്ന് വിജിലന്‍സിന് വേണ്ടി ഹാജരായ അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ വി.കെ. ഷൈലജന്‍ ആവശ്യപ്പെട്ടതാണ് കോടതിയെ പ്രകോപിപ്പിച്ചത്. കൂടുതല്‍ സമയം അനുവദിക്കുന്ന കാര്യം ഫെബ്രുവരി 22ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കിയ ശേഷം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ദ്രുതപരിശോധനക്ക് മൂന്നുമാസം വരെ എടുക്കാമെങ്കിലും പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് ജനുവരി 23ന് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. എറണാകുളം വിജിലന്‍സ് എസ്.പി ആര്‍. നിശാന്തിനിയാണ് അന്വേഷിക്കുന്നത്.

വിജിലന്‍സ് ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനനോ?
ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരായ പരാതി പരിഗണിക്കവെ തൃശൂര്‍ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍:

  • ഇത്ര ദിവസം കിട്ടിയിട്ട് വിജിലന്‍സ് എന്തു ചെയ്തു? പണം നല്‍കിയെന്ന് പറഞ്ഞയാളെ ചോദ്യം ചെയ്തോ? പണം വാങ്ങിയെന്ന ആരോപണം നേരിടുന്നയാളെ ചോദ്യം ചെയ്തോ? ബാബുവിന്‍െറ ആസ്തി, ബാങ്ക് ലോക്കറുകള്‍, വീട് എന്നിവ പരിശോധിച്ചോ?
  • ആരോപണം ഉന്നയിച്ച ബിജു രമേശിന്‍െറ മൊഴി രേഖപ്പെടുത്തിയോ?
  • കാര്യങ്ങള്‍ നേരായ വഴിക്കല്ളെങ്കില്‍ മറ്റ് മാര്‍ഗങ്ങളറിയാം.
  • കോടതിക്ക് ‘ഞഞ്ഞാപിഞ്ഞാ’ കേള്‍ക്കാന്‍ താല്‍പര്യമില്ല.
  • മജിസ്ട്രേട്ടിന്‍െറ അധികാരങ്ങള്‍ പഠിപ്പിച്ചു തരാം.
  • ലോകായുക്തയില്‍ തെളിവു കൊടുത്തെന്ന് കരുതി വിജിലന്‍സ് കോടതി അടച്ചുപൂട്ടണോ?
  • ആത്മാര്‍ഥതയും ഇച്ഛാശക്തിയും സത്യസന്ധതയുമുണ്ടെങ്കില്‍ പത്തു ദിവസം മതി. ഇല്ളെങ്കില്‍ ഇതൊക്കെ സംഭവിക്കും. നിങ്ങള്‍ക്കിനി നൂറുകൊല്ലം വേണ്ടി വന്നേക്കും.
  • ഇത് കോടതിയെ കൊഞ്ഞനം കുത്തുന്ന നടപടിയാണ്.
  • ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനനാവുകയാണോ വിജിലന്‍സ്?

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.