ജയരാജന്‍െറ ജാമ്യഹരജി തള്ളല്‍: കണ്ണൂരില്‍ രാഷ്ട്രീയ പിരിമുറുക്കം

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍െറ മുന്‍കൂര്‍ ജാമ്യഹരജി തലശ്ശേരി സെഷന്‍സ് കോടതി മൂന്നാം തവണയും തള്ളിയതോടെ ജില്ലയില്‍ രാഷ്ട്രീയ പിരിമുറുക്കം. എന്നാല്‍, ജയരാജനെ സി.ബി.ഐ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യില്ളെന്നാണ് സൂചന. നോട്ടീസ് അയച്ച് കീഴടങ്ങാന്‍ ആവശ്യപ്പെടാനാണ്  നീക്കം.
ഹൃദയസംബന്ധമായ അസുഖം ചൂണ്ടിക്കാട്ടി എ.കെ.ജി ആശുപത്രിയില്‍ കഴിയുന്ന  ജയരാജനെ പെട്ടെന്ന് അറസ്റ്റ് ചെയ്യുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് സി.ബി.ഐ കരുതുന്നു. എന്നാല്‍, മുന്‍കൂര്‍ ജാമ്യഹരജി സെഷന്‍സ് കോടതി മൂന്നാം തവണയും തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് കൂടുതല്‍ നീട്ടാന്‍ കഴിയില്ല. അതിനാലാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ കണ്ണൂരില്‍ ക്യാമ്പ് ചെയ്യുന്നത്.
അതേസമയം, ജയരാജനെ ബി.ജെ.പിക്കുവേണ്ടി സി.ബി.ഐ വേട്ടയാടുകയാണെന്ന പ്രചാരണം ശക്തമാക്കിയ സി.പി.എം, ഇതുസംബന്ധിച്ച വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് പുറമെ അദ്ദേഹത്തെ പിന്തുണച്ച് കൂടുതല്‍ പോസ്റ്ററുകള്‍ ഇറക്കും. ബി.ജെ.പി നീക്കത്തോട് എതിര്‍പ്പുള്ള മതനിരപേക്ഷ വിഭാഗങ്ങളെ ജയരാജന്‍ വിഷയത്തില്‍ ഒപ്പംകൂട്ടാനാണ് പാര്‍ട്ടി നീക്കം.
വിധിക്കെതിരെ വിശദാംശങ്ങള്‍ പരിശോധിച്ചശേഷം നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് ഹൈകോടതിയില്‍ ഹരജി നല്‍കുമെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. സി.ബി.ഐയെ ബി.ജെ.പി  ചട്ടുകമാക്കിയിരിക്കുകയാണ്. മനോജ് വധക്കേസില്‍ കേസ് ഡയറി പോലും ഹാജരാക്കാതെയാണ് കേസില്‍ കുടുക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.  ഹൈകോടതിയെ സമീപിക്കുമെന്ന് പി. ജയരാജന്‍െറ അഭിഭാഷകന്‍ കെ. വിശ്വനും വ്യക്തമാക്കിയിട്ടുണ്ട്.
കേസിലെ മുഖ്യപ്രതി വിക്രമനുമായി അടുത്ത ബന്ധമുള്ള പി. ജയരാജന് കാര്യമായ അസുഖങ്ങളില്ളെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സി.ബി.ഐ  ബോധിപ്പിച്ചതിനെതിരെയും സി.പി.എം രംഗത്തുവന്നു. 1999ല്‍ ഹൃദയാഘാതമുണ്ടായ ജയരാജന്‍ നാലുതവണ ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയനായിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.