ബാര്‍കോഴയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മാണി; എന്‍.ഡി.എയില്‍ ചേരാന്‍ ഗൂഢനീക്കം

കോഴിക്കോട്: പശു ചത്തിട്ടും മോരിലെ പുളി മാറാത്തതുപോലെ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞിട്ടും യു.ഡി.എഫില്‍ ബാര്‍കോഴ വിവാദംകെട്ടടങ്ങുന്നില്ല. യു.ഡി.എഫിന്‍െറ ശിഥിലീകരണത്തിനുവരെ കാരണമായേക്കാവുന്ന വിധത്തില്‍ അതു പുതിയ തലങ്ങളിലേക്ക് വളരുകയാണ്. കെ.എം. മാണിയെയും കെ. ബാബുവിനെയും തെളിവില്ളെന്ന് പറഞ്ഞു കുറ്റവിമുക്തരാക്കിയ യു.ഡി.എഫ് ഭരണകാലത്തെ വിജിലന്‍സ് തീരുമാനം പുന$പരിശോധിക്കാനും പുനരന്വേഷണം നടത്താനും ഒരുഭാഗത്തു ശ്രമം നടക്കുമ്പോള്‍ ബാര്‍കോഴ വീണ്ടുമെടുത്തിട്ടു യു.ഡി.എഫില്‍നിന്നു പുറത്തുചാടാന്‍ പഴുതുകള്‍ തിരയുകയാണ് മാണി. എല്‍.ഡി.എഫില്‍ ചേര്‍ന്നു മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുന്നുണ്ടെന്ന സംശയത്തില്‍ തന്നെ യു.ഡി.എഫില്‍  പിടിച്ചുനിര്‍ത്താന്‍ ചില നേതാക്കള്‍ നടത്തിയ ഗൂഢാലോചനയാണ് ബാര്‍ കോഴയെന്നു കഴിഞ്ഞദിവസം ഒരു ചാനല്‍ അഭിമുഖത്തില്‍ മാണി വെളിപ്പെടുത്തിയിരുന്നു.

പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ഗൂഢാലോചനക്കാരെ കണ്ടത്തെിയെന്നും മാന്യതകൊണ്ടു പുറത്തു പറയുന്നില്ളെന്നുമായിരുന്നു മാണിയുടെ പ്രതികരണം.
ഇതിന്‍െറ തുടര്‍ച്ചയായി ശനിയാഴ്ച മാണി ഫേസ്ബുക്കില്‍ ഇതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു. സോഷ്യല്‍ മീഡിയയില്‍ സാധാരണ പ്രത്യക്ഷപ്പെടാത്ത മാണി മനസ്സില്‍ എന്തോ തീരുമാനിച്ചുറപ്പിച്ച പ്രതീതിയാണ് പൊതുവില്‍ സൃഷ്ടിച്ചിരിക്കുന്നത്. കേരളാ കോണ്‍ഗ്രസിന്‍െറ യുവജന വിഭാഗമായ യൂത്ത്ഫ്രണ്ട് ഇതേസമയം ഗൂഢാലോചന നടത്തിയ  കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ എടുത്തുപറഞ്ഞു സോണിയ ഗാന്ധിക്ക് കത്തയച്ചതായും വിവരമുണ്ട്. യു.ഡി.എഫില്‍ അസ്വാരസ്യമുണ്ടാക്കി എന്‍.ഡി.എയില്‍ ചേക്കേറാനുള്ള മാണിയുടെ ആസൂത്രിതശ്രമത്തിന്‍െറ ഭാഗമാണ് ഇതെല്ലാമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം പറയുന്നു.

തന്നെ വ്യക്തിഹത്യ ചെയ്യുക ചില അജണ്ടകളുടെ ഭാഗമായിരുന്നുവെന്നാണ് മാണി ഫേസ്ബുക്കില്‍ കുറിച്ചത്. പാര്‍ട്ടി രജതജൂബിലി ആഘോഷിച്ചതും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതും കണ്ടു ചിലര്‍ക്ക് ഹാലിളകി. ഷൈലോക്കുമാര്‍ കത്തി മിനുക്കി രംഗത്തുവന്നു. എന്നെ ബലിയാടാക്കി ബാറുകള്‍ തുറപ്പിക്കാന്‍ നീക്കം നടത്തി. ഞാന്‍ ആരോടും കാണിച്ചിട്ടില്ലാത്ത നെറികേടും ചതിയും എന്നോട് കാണിച്ചു. പലരും ഈ വേട്ടയാടലില്‍ പങ്കുചേര്‍ന്നു. മനസ്സില്‍ ശത്രുത പേറുന്ന ചിലരും പങ്കാളികളായി.

എന്നിങ്ങനെയാണ് മാണിയുടെ ഫേസ്ബുക് കുറിപ്പ്. പണക്കൊഴുപ്പിന്‍െറ മാര്‍വാഡിക്കച്ചവടമാണ് ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടേത് എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. ബിജു രമേശിന്‍െറ മകളും അടൂര്‍ പ്രകാശിന്‍െറ മകനും തമ്മിലെ വിവാഹ നിശ്ചയത്തിന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പോയതിനെ ചൊല്ലി ഉയര്‍ന്ന വിവാദമാണ് കെ.എം. മാണി അവസരമാക്കിയെടുത്തത്. വി.എം. സുധീരന്‍ ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ മാണി അതേറ്റുപിടിച്ചു. യൂത്ത്ഫ്രണ്ടുകാര്‍ കോണ്‍ഗ്രസ് അധ്യക്ഷക്ക് അയച്ച കത്തില്‍ ഈ നാലു പേരുകളും എടുത്തുപറയുന്നുണ്ടെന്നാണ് വിവരം.

ദേശീയ രാഷ്ട്രീയത്തില്‍ ക്ഷയിച്ചു പോയ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതിലും ഭേദം ബി.ജെ.പിയുമായി അടുക്കുന്നതല്ളേ എന്ന ചിന്ത മാണിയില്‍ ഈയിടെയായി കലശലാണത്രെ. മകനും ലോക്സഭാ അംഗവുമായ ജോസ് കെ. മാണിക്ക് കേന്ദ്രമന്ത്രിപദം അടക്കമുള്ള പദവികള്‍ വാഗ്ദാനം ചെയ്ത് ബി.ജെ.പി മാണിയുടെ പിറകെയുണ്ട്. വൈകാതെ എന്തെങ്കിലും നടക്കുമെന്ന പ്രതീക്ഷയിലാണവര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.