മൂന്നാം സ്ഥാനത്തായ ഭാരവാഹികളെ നീക്കണം, പാര്‍ട്ടി പുന:സംഘടിപ്പിക്കണം

തിരുവനന്തപുരം: നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പാര്‍ട്ടി ഭാരവാഹികളെ നീക്കണമെന്ന് തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണം പഠിച്ച കെ.പി.സി.സി ഉപസമിതികളുടെ ശിപാര്‍ശ.നാല് ഉപസമിതികളും പ്രസിഡന്‍റ് വി.എം. സുധീരന് തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കുകയും മുഴുവന്‍ ഡി.സി.സി പ്രസിഡന്‍റുമാരെയും മാറ്റുകയും വേണം. ചുരുക്കം ഭാരവഹികളെ മാത്രം ഉള്‍പ്പെടുത്തി ബൂത്തു മുതല്‍ കെ.പി.സി.സി വരെ പുന$സംഘടിപ്പിക്കണം. പാര്‍ട്ടിയെ അച്ചടക്കമുള്ള സെമികാഡര്‍ സ്വഭാവത്തിലേക്ക് മാറ്റണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
പരാതികള്‍ ഉയരാത്ത ഇടുക്കി, കോട്ടയം ഒഴികെയുള്ള ജില്ലകളിലാണ് തെളിവെടുപ്പ് നടത്തിയത്. പ്രമുഖ നേതാക്കള്‍ക്കാര്‍ക്കുമെതിരെ നടപടിക്ക് ശിപാര്‍ശയില്ല. അതേസമയം, സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ പരസ്യമായി രംഗത്തിറങ്ങിയവര്‍ക്കെതിരെ നടപടിവേണമെന്ന് ആവശ്യമുണ്ട്.
 സര്‍ക്കാറിന്‍െറ അവസാനകാല ഉത്തരവുകളും അതിനെ കെ.പി.സി.സി കൈകാര്യംചെയ്ത രീതിയും  പാര്‍ട്ടിക്കും മുന്നണിക്കും ദോഷം ചെയ്തു.  സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ അരങ്ങേറിയ തര്‍ക്കവും തോല്‍വിക്ക് കാരണമായി. മദ്യനയം കൈകാര്യം ചെയ്ത രീതിമൂലം  അതിന്‍െറ ഉദ്ദേശ്യശുദ്ധി ജനങ്ങങ്ങളില്‍ എത്തിക്കാനായില്ല. പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനവും ഫലപ്രദമായിരുന്നില്ല. തോല്‍വി ഉറപ്പായ സീറ്റുകളില്‍ പോലും തര്‍ക്കമില്ലാതെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനായില്ല. സാമുദായിക സന്തുലിതാവസ്ഥ നിലനിര്‍ത്താനുമായില്ല-റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംഘടനാദൗര്‍ബല്യമാണ് പരാജയത്തിന്‍െറ മുഖ്യകാരണം.
ഇതുമൂലം തെരഞ്ഞെടുപ്പിനാവശ്യമായ ഒരു മുന്നൊരുക്കവും ഉണ്ടായില്ല. തെരഞ്ഞെടുപ്പ് സംവിധാനംപോലും  ഗ്രൂപ്പുവത്കരിച്ചു. കണ്‍വീനര്‍മാര്‍ പലയിടങ്ങളിലും നോക്കുകുത്തികളായി.  ഭരണവിരുദ്ധവികാരം തിരിച്ചടിയായി. ബി.ജെ.പിയും സി.പി.എമ്മും നടത്തിയ വര്‍ഗീയ ധ്രുവീകരണത്തെ നേരിടാന്‍ കഴിഞ്ഞില്ല. ബി.ഡി.ജെ.എസ്  കോണ്‍ഗ്രസിനും യു.ഡി.എഫിനുമാണ് ദോഷം ചെയ്തത്. പോഷക സംഘടനകളില്‍  ഐ.എന്‍.ടി.യു.സി പരസ്യമായിത്തന്നെ എതിര്‍പക്ഷത്തിനുവേണ്ടിയാണ് പ്രചാരണം നടത്തിയത്. ഏറെ നാണക്കേടുണ്ടാക്കിയ നേമത്ത് സംഘടനാസംവിധാനം പ്രവര്‍ത്തിച്ചില്ല. സ്ഥാനാര്‍ഥി നിര്‍ണയവും പാളി.  നിയോജകമണ്ഡലാടിസ്ഥാനത്തില്‍ പാര്‍ട്ടി പുന$സംഘടിപ്പിക്കണം. എല്ലാവരും നേതാക്കളായി മാറിയതിനാല്‍ പ്രവര്‍ത്തിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ എതിര്‍ക്കുകയും അക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. ഘടകകക്ഷികളുമായുള്ള ബന്ധം മെച്ചപ്പെടണം. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.