എം.കെ. ദാമോദരന്‍ ഹാജരായത് സഭയില്‍ ഉന്നയിക്കാത്തതില്‍ കോണ്‍ഗ്രസില്‍ അമര്‍ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന് വേണ്ടി കോടതിയിലത്തെിയ സംഭവത്തില്‍, സര്‍ക്കാറുമായി ഒത്തുകളി നടത്തുന്നെന്ന് കോണ്‍ഗ്രസില്‍ ആക്ഷേപമുയരുന്നു. നിയമസഭയില്‍ ഈ വിഷയം ഉന്നയിക്കാത്തതിനെച്ചൊല്ലി പാര്‍ട്ടിയിലെ ഒരുവിഭാഗം കടുത്ത അമര്‍ഷത്തിലാണ്. മുസ്ലിം ലീഗിന്‍െറ താല്‍പര്യമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. ഘടകകക്ഷിയുടെ താല്‍പര്യത്തിന് വഴങ്ങി നടത്തുന്ന ഒത്തുകളി കോണ്‍ഗ്രസിന്‍െറ അടിത്തറ തകര്‍ക്കുമെന്ന് പാര്‍ട്ടിയിലെ പ്രബലവിഭാഗം ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എം.കെ. ദാമോദരനാണ് നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മാര്‍ട്ടിനുവേണ്ടി ഹാജരാകുന്നത്. ഇതിനെതിരെ പ്രതിപക്ഷനേതാവുള്‍പ്പെടെ നേതാക്കള്‍ തുടക്കത്തില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം അദ്ദേഹം വീണ്ടും കോടതിയില്‍ ഹാജരായപ്പോള്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ മാത്രമാണ് അതിനെതിരെ രംഗത്തുവന്നത്. സംസ്ഥാനതാല്‍പര്യത്തിന് വിരുദ്ധമായി നിലകൊള്ളുന്ന ഒരാള്‍ക്കുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ കോടതിയിലത്തെിയിട്ടും ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം തയാറായില്ല. ഇതാണ് കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിന് വഴിതുറന്നിരിക്കുന്നത്.

സര്‍ക്കാറുമായി ഒത്തുകളിക്കുന്നെന്ന ആക്ഷേപമാണ് പ്രതിപക്ഷത്ത് നിന്നുതന്നെ ഉയരുന്നത്. കോണ്‍ഗ്രസ് നിരകളിലാണ് ഈ വികാരം രഹസ്യമായെങ്കിലും ശക്തമായിരിക്കുന്നത്. ഇതിനു പിന്നിലെ സമ്മര്‍ദശക്തി ലീഗിലെ പ്രമുഖനാണെന്ന ആക്ഷേപവും അവര്‍ ഉന്നയിക്കുന്നു. ഐസ്ക്രീംകേസ് അട്ടിമറിച്ചതിനെതിരെ എം.കെ. ദാമോദരന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി വി.എസ്. അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് യു.ഡി.എഫിനും പ്രത്യേകിച്ച് കേസില്‍ ആരോപണവിധേയനായ പി.കെ. കുഞ്ഞാലിക്കുട്ടിക്കും ഏറെ ആശ്വാസം പകരുന്നതായിരുന്നു. ഇതിന് പ്രത്യുപകാരമെന്ന നിലയിലാണ് ലോട്ടറി രാജാവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷം ഉദാരസമീപനം സ്വീകരിച്ചിരിക്കുന്നതെന്നാണ് വിമര്‍ശം. വിഷയം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആഞ്ഞടിക്കുമെന്നാണ് പൊതുവെ എല്ലാവരും കരുതിയിരുന്നത്.

മലബാര്‍മേഖലയിലെ ഡിഫ്ത്തീരിയ ബാധയാണ്  പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് വിഷയമാക്കിയത്. പിന്നീട് നടന്ന ബജറ്റ്ചര്‍ച്ചയില്‍ സാന്‍റിയാഗോ മാര്‍ട്ടിന്‍െറ നീക്കത്തെപ്പറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.എം. മാണിയും മാത്രമാണ് പരാമര്‍ശിക്കാന്‍ പോലും തയാറായത്. സര്‍ക്കാറിനെതിരെ മികച്ച ആയുധം കിട്ടിയിട്ടും അതുപയോഗിക്കാത്ത നേതൃത്വം പാര്‍ട്ടിയെയും മുന്നണിയെയും വീണ്ടും അപകടത്തിലേക്ക് കൊണ്ടുപോകുകയാണെന്ന പരാതിയാണ് കോണ്‍ഗ്രസില്‍ ഉയര്‍ന്നിരിക്കുന്നത്. അതിനിടെ, കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ഐ.എന്‍.ടി.യു.സി നേതാവ് ആര്‍. ചന്ദ്രശേഖരനുവേണ്ടി ഹാജരാകാനും മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ തീരുമാനിച്ചുകഴിഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.