ചെന്നിത്തലക്കെതിരെ കേരള കോണ്‍ഗ്രസ് എം മുഖപ്പത്രം

കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ആരോപണങ്ങളുമായി കേരള കോണ്‍ഗ്രസ് എം വീണ്ടും. ഉമ്മന്‍ ചാണ്ടിയെ മാറ്റി  മുഖ്യമന്ത്രിയാകാന്‍  മറ്റൊരാള്‍ നടത്തിയ ഗൂഢശ്രമങ്ങള്‍ക്ക് കെ.എം. മാണി കൂട്ടുനില്‍ക്കാത്താണ് ബാര്‍ കോഴ ആരോപണങ്ങള്‍ക്ക് വഴിവെച്ചതെന്ന് പാര്‍ട്ടി മുഖപ്പത്രം ‘പ്രതിച്ഛായയില്‍’ കെ.എസ്.സി എം സംസ്ഥാന പ്രസിഡന്‍റ് അഡ്വ. രാഗേഷ് ഇടപ്പുര എഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു.

 മുഖ്യമന്ത്രിയാകാനുള്ള രമേശിന്‍െറ ശ്രമങ്ങളെ കെ.എം. മാണി  പിന്തുണക്കാതിരുന്നതാണ് വിരോധത്തിന് കാരണം. ഗൂഢാലോചനയില്‍ രമേശിനൊപ്പം ബാബുവും അടൂര്‍ പ്രകാശും ചേര്‍ന്നതായും ‘ബാര്‍ കോഴ ആരോപണങ്ങളും കള്ളക്കളികളും’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ പറയുന്നു. യു.ഡി.എഫിന്‍െറ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ കെ.എം. മാണിക്കും കുഞ്ഞാലിക്കുട്ടിക്കും യു.ഡി.എഫിലെ മറ്റ് ഘടകകക്ഷി നേതാക്കള്‍ക്കും പങ്കുണ്ട്. എന്നാല്‍, മാറ്റത്തെ മാണി അനുകൂലിച്ചില്ല. ചില അബ്കാരി താല്‍പര്യങ്ങളാണ് ഗൂഢാലോചനയില്‍ പങ്കാളികളാകാന്‍  കെ. ബാബുവിനെയും അടൂര്‍ പ്രകാശിനെയും പ്രേരിപ്പിച്ചത്.

ജി. കാര്‍ത്തികേയന്‍െറ ചികിത്സാര്‍ഥം രമേശ് ചെന്നിത്തല അമേരിക്കയിലായിരിക്കെയാണ് ബിജു രമേശ് കെ.എം. മാണിയെ ലക്ഷ്യമിട്ട് ആരോപണം ഉന്നയിച്ചത്.  തൊട്ടടുത്ത ദിവസം നെടുമ്പാശേരിയില്‍ എത്തിയ രമേശ് ആരോപണത്തിന്‍െറ നിജസ്ഥിതി അന്വേഷിക്കാതെ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയെന്നോണം മാണിക്കെതിരെ ദ്രുതപരിശോധനക്ക് ഉത്തരവിട്ടു.

കണ്‍സ്യൂമര്‍ ഫെഡുമായും കശുവണ്ടി കോര്‍പറേഷനുമായും ബന്ധപ്പെട്ട് ഇതിനെക്കാള്‍ ഗുരുതരമായ പല ആരോപണങ്ങളും ഉയര്‍ന്നപ്പോര്‍ മൗനം പാലിച്ചവരാണ് ഇത് ചെയ്തത്. രമേശ് വിദേശയാത്ര പോകുന്നതിനുമുമ്പ് തന്നെ കെ.എം. മാണിയെ കുടുക്കുന്നതിനുള്ള തിരക്കഥ തയാറായിരുന്നുവെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

ബാര്‍ കോഴ ആരോപണത്തിന് പിന്നിലെ ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കേരള കോണ്‍ഗ്രസും കെ.എം. മാണിയും ആരോപിച്ചിരുന്നു. എന്നാല്‍, ഇതേപ്പറ്റി ഒരു അന്വേഷണവും നടത്താന്‍ കെ.പി.സി.സി തയാറാകാത്തത് ഖേദകരവും സംശയാസ്പദവുമാണ്. കെ. ബാബുവിന്‍െറ ഇടപെടലാണ് ബാര്‍ കോഴ വിവാദത്തിന് വഴിവെച്ചതെന്നും കെ.എം. മാണിയുടെ രാജിക്കാര്യത്തില്‍  ഉമ്മന്‍ ചാണ്ടി സ്വീകരിച്ച നിലപാട് സംശയകരമായിരുന്നെന്നും ലേഖനം പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.