അവിശ്വാസത്തിനും പരാതിക്കും നടുവില്‍ യു.ഡി.എഫ് നേതൃ യോഗം തിങ്കളാഴ്ച

തിരുവനന്തപുരം: മുന്നണിയിലെ  പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ യു.ഡി.എഫ് നേതൃയോഗം തിങ്കളാഴ്ച. നിയമസഭാ തെരഞ്ഞെടുപ്പിനെതുടര്‍ന്ന് ഘടകകക്ഷികളുമായുള്ള കോണ്‍ഗ്രസിന്‍െറ ബന്ധം മോശമായിരിക്കെയാണ് യോഗം. തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്തുകയാണ് ലക്ഷ്യമെങ്കിലും മുഖ്യഘടകകക്ഷികള്‍ തമ്മില്‍ പോലും ഇടഞ്ഞുനില്‍ക്കുന്ന അസാധാരണ സാഹചര്യമാണ് നിലവില്‍.

കോണ്‍ഗ്രസിലെ ഐക്യമില്ലായ്മയെക്കുറിച്ചാണ് മുസ്ലിം ലീഗിന്‍െറ പരാതി. എന്നാല്‍, ബാര്‍ കോഴക്കേസിലെ അന്വേഷണത്തിന്‍െറ മറവില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് മാണിഗ്രൂപ് കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ് കാലുവാരിയെന്ന പരാതിയാണ് ജെ.ഡി.യുവിന്. കോണ്‍ഗ്രസിലെ തമ്മിലടി പരാജയത്തിന് വഴിയൊരുക്കിയെന്ന് ആര്‍.എസ്.പിയും അര്‍ഹമായ പരിഗണന നല്‍കാതെ ആക്ഷേപിച്ചെന്ന് ജേക്കബ് ഗ്രൂപ്പും പരാതിപ്പെടുന്നു. ഈ പരാതികള്‍ക്കും അവിശ്വാസത്തിനും മധ്യേയാണ് തോല്‍വിയുടെ കാരണങ്ങള്‍ കണ്ടത്തൊന്‍ തിങ്കളാഴ്ച വൈകീട്ട് പ്രതിപക്ഷനേതാവിന്‍െറ ഒൗദ്യോഗികവസതിയിലെ യോഗം.

ബാര്‍ കോഴക്കേസിനെച്ചൊല്ലി കോണ്‍ഗ്രസുമായി മാണിഗ്രൂപ് കടുത്ത നീരസത്തിലാണ്. ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞും ചെന്നിത്തലയെ കുറ്റക്കാരനായി ചിത്രീകരിച്ചും അവരുടെ  പ്രസിദ്ധീകരണത്തില്‍ ലേഖനവും വന്നുകഴിഞ്ഞു. നേരത്തേ പരോക്ഷമായി പറഞ്ഞിരുന്ന കാര്യങ്ങള്‍ തെളിച്ചുപറയാന്‍ തന്നെ അവര്‍ ഇപ്പോള്‍ തയാറായിരിക്കുകയാണ്. മാത്രമല്ല, പാര്‍ട്ടിയെ കുടുക്കിലാക്കാന്‍ ശ്രമിച്ച ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് വന്നതിനോടും കെ.എം. മാണി യോജിക്കുന്നില്ല.

യു.ഡി.എഫ് വിടണമെന്ന ശക്തമായ വികാരം പാര്‍ട്ടിയിലുണ്ട്. ഇതില്‍ തീരുമാനമെടുക്കാന്‍ നിയമസഭാകക്ഷിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പാര്‍ട്ടിയുടെ നിര്‍ണായക നേതൃക്യാമ്പ് അടുത്തമാസം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നാളെ മാണി വിട്ടുനിന്ന് മറ്റാരെയെങ്കിലും അയക്കാനാണ് സാധ്യത.
ചരിത്രത്തിലാദ്യമായി നിയമസഭയില്‍ പ്രാതിനിധ്യമില്ലാതായത്  കോണ്‍ഗ്രസിന്‍െറ കാലുവാരല്‍ മൂലമാണെന്ന പരാതിയാണ് ജെ.ഡി.യു ഉയര്‍ത്തുന്നത്. കുറ്റക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിവേണമെന്ന കടുത്ത നിലപാടും അവര്‍ക്കുണ്ട്. തോല്‍വിക്കുശേഷവും പാഠംപഠിക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യവിഴുപ്പലക്കലിലൂടെ തമ്മിലടി തുടരുന്നതില്‍ ലീഗിന് കടുത്ത അമര്‍ഷമുണ്ട്. 

കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങള്‍ കാരണം അവര്‍ക്ക് കാര്യക്ഷമമായി മുന്നണിയെ നയിക്കാന്‍ കഴിയുന്നില്ല. പ്രതിപക്ഷത്തായിട്ടും ഏകമനസ്സോടെ  മുന്നോട്ടുപോകാന്‍ മുന്നണിക്ക് കഴിയാത്തതും ഇത് മൂലമാണെന്ന് ഘടകകക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു. രജിസ്ട്രേഷന്‍ ഫീസ് വര്‍ധന, വിലക്കയറ്റം, ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റം, ക്രമസമാധാനപ്രശ്നങ്ങള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടി സര്‍ക്കാറിനെതിരെ നീങ്ങാന്‍ യോഗം തീരുമാനിച്ചേക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.