മാണിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ രമേശിനോടുള്ള എതിര്‍പ്പ്

കോട്ടയം: കേരള കോണ്‍ഗ്രസ് എം യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചത് ബാര്‍കോഴക്കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയ രമേശ് ചെന്നിത്തലയോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍. യോഗത്തില്‍ പങ്കെടുക്കില്ളെന്ന് കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റിക്കുശേഷം ഉമ്മന്‍ ചാണ്ടിയെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും നേരിട്ടും ഫോണിലും കെ.എം. മാണി അറിയിച്ചിരുന്നു. എന്നാല്‍, അനുനയ ശ്രമത്തിന്‍െറ ഭാഗമായി തിങ്കളാഴ്ച ഫോണില്‍ ബന്ധപ്പെട്ടിട്ടും രമേശിനോടു സംസാരിക്കാന്‍പോലും മാണി തയാറായതുമില്ല. അതേസമയം, ഉമ്മന്‍ ചാണ്ടിയോടും കുഞ്ഞാലിക്കുട്ടിയോടും യോഗം ബഹിഷ്കരിക്കാനുണ്ടായ കാരണം മാണി ആവര്‍ത്തിച്ചു.

പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടശേഷം താന്‍ ആതിഥേയത്വം വഹിച്ച ആദ്യയോഗം മാണി വിഭാഗം ബഹിഷ്കരിച്ചത് രമേശിനും തിരിച്ചടിയായി. ബാര്‍ കോഴക്കേസില്‍ കുടുക്കി തന്നെയും പാര്‍ട്ടിയെയും ഇല്ലാതാക്കാന്‍ രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തിയെന്ന് കെ.എം. മാണി പരോക്ഷമായും പാര്‍ട്ടി പ്രസിദ്ധീകരണമായ ‘പ്രതിച്ഛായ’യിലുടെ പരസ്യമായും ദിവസങ്ങള്‍ക്ക് മുമ്പ് കുറ്റപ്പെടുത്തിയിരുന്നു. ഇത് പലതവണ ആവര്‍ത്തിക്കുകയും ചെയ്തു. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയില്‍ കോണ്‍ഗ്രസിനും രമേശ് ചെന്നിത്തലക്കും എതിരെ രൂക്ഷവിമര്‍ശവും ഉയര്‍ന്നു.

യു.ഡി.എഫ് വിടണമെന്നായിരുന്നു കേരള കോണ്‍ഗ്രസിലെ പ്രമുഖരുടെ ആവശ്യം. എന്നാല്‍, മുന്നണി വിട്ടാല്‍ ഒപ്പം ഉണ്ടാവില്ളെന്ന് പി.ജെ. ജോസഫ് ശക്തമായ നിലപാടെടുത്തതിനാല്‍ കടുത്ത തീരുമാനത്തില്‍നിന്ന് മാണി പിന്മാറുകയായിരുന്നു. ഒടുവില്‍ യു.ഡി.എഫ് യോഗം ബഹിഷ്കരിച്ച് പ്രതിഷേധിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റിയില്‍ മാണി തീരുമാനം എടുപ്പിക്കുകയായിരുന്നു. ബഹിഷ്കരണത്തില്‍ മാത്രമാവും ജോസഫ് ഒപ്പം ഉണ്ടാവുക. ഇക്കാര്യം ജോസഫ് യു.ഡി.എഫ് നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്.

കേരള കോണ്‍ഗ്രസിനെ അനുനയിപ്പിച്ച് ഒപ്പംനിര്‍ത്താനുള്ള നീക്കത്തിലാണ് ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും. മാണിയുമായി ഇവര്‍ ചര്‍ച്ച നടത്തും. മാണിയുമായി ചര്‍ച്ചക്ക് രമേശും തയാറായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍െറ കനത്ത പരാജയത്തിന് കാരണം കോണ്‍ഗ്രസാണെന്നും കോണ്‍ഗ്രസിനേറ്റ തിരിച്ചടിയിലൂടെ തകര്‍ന്നതു ജനതാദളും ആര്‍.എസ്.പിയുമാണെന്നും തന്നെയും കേരള കോണ്‍ഗ്രസിനെയും ഇല്ലാതാക്കാനും നീക്കം നടന്നുവെന്നുമുള്ള നിലപാട് മാണി വിശ്വസ്തരുമായി പങ്കുവെച്ചിരുന്നു ഇക്കാര്യം കുഞ്ഞാലിക്കുട്ടിയെയും മാണി ധരിപ്പിച്ചു.

രമേശിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിലുള്ള അതൃപ്തിയും മാണി പ്രമുഖ മുന്നണി നേതാക്കളെ അറിയിച്ചിരുന്നു. യു.ഡി.എഫ് വിട്ടാല്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നതാണു മാണിയെ പ്രതിസന്ധിയിലാക്കുന്നത്. ഇടതുമുന്നണിയുമായി സഹകരിക്കാന്‍ മാണി തയാറാണെങ്കിലും കാര്യമായ ചര്‍ച്ചയൊന്നും നടക്കുന്നില്ല. ബി.ജെ.പി മാണിയെ വലവീശിപ്പിടിക്കാന്‍ രംഗത്തുണ്ട്. കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസവും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍, തിരക്കിട്ട നീക്കത്തിനൊന്നും മാണി തയാറല്ല. കാരണം ജോസഫിന്‍െറ നിലപാടുകള്‍ തന്നെ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.