ഐക്യ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിന് കോണ്‍ഗ്രസിന്‍െറ മുന്‍കൈ

തിരുവനന്തപുരം: അഭിപ്രായ ഭിന്നതകള്‍ പാര്‍ട്ടിക്കുള്ളില്‍ മാത്രം ഒതുക്കി, പ്രതിപക്ഷ റോള്‍ കാര്യക്ഷമമാക്കാന്‍ കോണ്‍ഗ്രസിന്‍െറ മുന്നൊരുക്കം. ഇക്കുറി, മുന്നണിയെതന്നെ മതേതരഛായയില്‍ ഒറ്റ പാര്‍ട്ടിയെ പോലെ രൂപപ്പെടുത്തണമെന്നതാണ്, പാര്‍ട്ടിനേതാക്കളില്‍ ഉണ്ടായിരിക്കുന്ന ധാരണ. ഇതിന്‍െറ ഭാഗമായാണ്, പാര്‍ട്ടിക്ക് പ്രതിപക്ഷത്തെ മുഖ്യകക്ഷി എന്നനിലയില്‍ കിട്ടേണ്ട സ്ഥാനങ്ങള്‍തന്നെ പങ്കുവെക്കാന്‍ തീരുമാനിച്ചത്. പ്രതിപക്ഷ ഉപനേതാവു പദവി എന്നൊന്ന് ഇതിനുമുമ്പ് മുന്നണികള്‍ക്ക് ഉണ്ടായിരുന്നില്ല. പ്രധാന കക്ഷികള്‍ക്കാണ് ഉപനേതാവുണ്ടായിരുന്നത്. ഇക്കുറി ആ സ്ഥാനമാണ് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുത്തത്. ചീഫ്വിപ്പ് പദവി  മാണി ഗ്രൂപ്പിന് വിട്ടുകൊടുക്കാന്‍  തീരുമാനിച്ചതിലെ ചേതോവികാരവും മറ്റൊന്നല്ല. നിയമസഭക്കുള്ളില്‍ ഒറ്റകക്ഷിയെ പോലെയാകണം മുന്നണിയെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. ഘടകകക്ഷികളെ അണച്ചുപിടിച്ചുകൊണ്ടുള്ള ഒരു പരീക്ഷണമാണിത്. കേരളത്തില്‍ എന്‍.ഡി.എ സാന്നിധ്യം അനുഭവപ്പെട്ട പശ്ചാത്തലത്തിലാണ് ഈ നീക്കം എന്നത് വ്യക്തമാണ്. ഇതു ദേശീയതലത്തില്‍തന്നെ ഒരു സഖ്യചരിത്രത്തില്‍ ഒരു പ്രധാന വഴിത്തിരിവാകാം.

ഉമ്മന്‍ ചാണ്ടിയുടെ പിന്മാറ്റവും ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. എന്‍.ഡി.എ സഖ്യത്തെ മുളയിലേ തടയുക എന്ന ലക്ഷ്യമിട്ടാണ് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃത്വത്തില്‍നിന്ന് പിന്മാറുന്നത്. ഇതു ഘടകകക്ഷികള്‍ ആഗ്രഹിച്ചിരുന്നതല്ല അതിനാല്‍തന്നെ അനിവാര്യവുമായിരുന്നില്ല. അദ്ദേഹം സ്വയമെടുത്ത ഈ തീരുമാനം  മുന്നണിയുടെ മാത്രമല്ല, പാര്‍ട്ടിയുടെ കെട്ടുറപ്പിനും ഗുണകരമാകുന്നുണ്ട്. എന്നാല്‍, മുന്നണി ചെയര്‍മാന്‍ പദവിയില്‍ നിലനിര്‍ത്തിക്കൊണ്ട് ഉമ്മന്‍ ചാണ്ടിയുടെ പ്രസക്തി നിലനിര്‍ത്താനും പാര്‍ട്ടിയും ഘടകകക്ഷികളും ആഗ്രഹിച്ചു. ഈ പശ്ചാത്തലത്തിലാണ്, നെയ്യാര്‍ഡാമില്‍ നടന്ന കോണ്‍ഗ്രസ് ക്യാമ്പ് ശ്രദ്ധേയമാകുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ തോല്‍വിയാണ് സംഭവിച്ചത്. മുന്നണിയുടെ മാനം കാത്തത്, രണ്ടാം കക്ഷിയായ മുസ്ലിം ലീഗാണ്. എന്നിരുന്നാലും പാര്‍ട്ടിയില്‍ ഇത് ഒരു ആഭ്യന്തര കലഹമാകാതിരിക്കാന്‍ വിവിധ ഗ്രൂപ്പുകള്‍ ശ്രദ്ധവെച്ചു. ക്യാമ്പിന്‍െറ ഉദ്ദേശ്യംതന്നെ അതായിരുന്നു എന്നാണ് കരുതേണ്ടത്.

പരാതികളും പരിദേവനങ്ങളും സംഘടനക്കുള്ളില്‍ പറഞ്ഞുതീര്‍ക്കാന്‍ ക്യാമ്പിന് കഴിഞ്ഞു. നേതാക്കളോടുള്ള അമര്‍ഷവും ദേഷ്യവും ചര്‍ച്ചകളില്‍ പുറത്തുവന്നു. എന്നാല്‍, നേതൃമാറ്റം എന്നതിലേക്ക് ചര്‍ച്ച മാറിയില്ല എന്നത് ശ്രദ്ധേയമാണ്. ഇതു വ്യക്തികള്‍ പറഞ്ഞെങ്കില്‍ പോലും ഒരു ഗ്രൂപ്പും മുന്നോട്ടുവെച്ചില്ല എന്നതാണ് പ്രത്യേകത. അതേസമയം, പരിസ്ഥിതി പ്രശ്നങ്ങളിലും മദ്യനയത്തിലും പാര്‍ട്ടി എത്തിപ്പെട്ട നയത്തില്‍നിന്ന് വ്യതിചലിക്കില്ളെന്ന നിലപാട് പ്രസിഡന്‍റിന് ആവര്‍ത്തിക്കാനും കഴിഞ്ഞു. നേതൃമാറ്റം ആവശ്യപ്പെടാനുള്ള ശക്തി പാര്‍ട്ടിക്ക് ഇപ്പോള്‍ ഇല്ളെന്നതാണ് ആവക ചര്‍ച്ചവരാതിരിക്കാന്‍ കാരണമെന്ന് ചില നേതാക്കള്‍ പറയുന്നുണ്ടെങ്കിലും പാര്‍ട്ടിയില്‍ കെട്ടുറപ്പിക്കാന്‍പോന്ന നിലപാടാണ് ഇപ്പോള്‍  ഗ്രൂപ്പു നേതാക്കള്‍ക്കുള്ളതെന്നത് വ്യക്തമാണ്.

ഇനിയിപ്പോള്‍ പ്രതിപക്ഷത്തിന്‍െറ പ്രവര്‍ത്തനമനുസരിച്ചായിരിക്കും അഭിപ്രായ ഭിന്നതയോ പ്രശ്നങ്ങളോ ഉടലെടുക്കുക. പ്രശ്നാധിഷ്ഠിതമായി പ്രതിപക്ഷത്തിന് ശക്തി പ്രകടിപ്പിക്കാനായാല്‍ അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുവരെ മറ്റു തര്‍ക്കങ്ങള്‍ കൂടാതെ മുന്നോട്ടു പോകാനാകും എന്നാണ് നേതാക്കള്‍ കരുതുന്നത്. അതല്ലാതെ വന്നാല്‍ ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.