ഗ്രൂപ്–ജാതി രാഷ്ട്രീയത്തിന്‍െറ ഇരയെന്ന് ഷാനിമോള്‍ ഉസ്മാന്‍

ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടിയിലെ പ്രമുഖ വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാന്‍. 34 വര്‍ഷത്തെ തിരിച്ചറിവിന്‍െറ അടിസ്ഥാനത്തില്‍ മാത്രം തയാറാക്കിയ കുറിപ്പ് എന്നു വിശദീകരിച്ച്, ബുധനാഴ്ച ഫേസ്ബുക് പോസ്റ്റിലാണ് തുറന്നടിച്ചത്. കോണ്‍ഗ്രസിലെ ഗ്രൂപ്-ജാതി രാഷ്ട്രീയത്തിന്‍െറ എന്നത്തെയും ഇരയാണ് താനെന്ന് പറയേണ്ടിവന്നതില്‍ ദു$ഖിക്കുന്നുവെന്നു പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.

കെ.എസ്.യുവിലൂടെ രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ നീതിബോധവും മതേതര ചിന്തകളും ജനാധിപത്യ മൂല്യങ്ങളും കവിഞ്ഞൊഴുകുന്ന ഒരു നിറഞ്ഞ ചുറ്റുപാടിലാണെന്ന തോന്നലിലായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ തെരഞ്ഞെടുപ്പിലും പാര്‍ട്ടി പദവിയിലും മെറിറ്റ് എന്നാല്‍ കറകളഞ്ഞ ഗ്രൂപ്പും ജാതിയും ആണെന്ന് മനസ്സിലായി.

മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ കേരളത്തിലെ നേതാക്കള്‍ അറിയാതെ ഒന്നരവര്‍ഷത്തോളം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഇന്ത്യ മുഴുവന്‍ പ്രവര്‍ത്തിച്ചു. പിന്നീട് എ.ഐ.സി.സി സെക്രട്ടറിയായി സോണിയ ഗാന്ധി നോമിനേറ്റ് ചെയ്തു.  കേരളത്തില്‍ ആരെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ഗ്രൂപ്-ജാതി സമവാക്യങ്ങളില്‍ തട്ടി എന്നെ തെറിപ്പിക്കുമായിരുന്നു.

കാസര്‍കോട് പാര്‍ലമെന്‍റ് സീറ്റ് വേണ്ടെന്നുവെച്ചപ്പോള്‍ വേദനയോടെയും പ്രതിഷേധത്തോടെയും എന്നെ നോക്കിക്കണ്ട സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊതുജനങ്ങളും നിരവധിയാണ്. അവരെ മാനിച്ചുമാത്രമാണ് ഒറ്റപ്പാലത്ത് മത്സരിച്ചത്. 2006ല്‍ പെരുമ്പാവൂരിലും 2016ല്‍ ഒറ്റപ്പാലത്തും തന്നെ പ്രഖ്യാപിച്ചത് 140ാമത് ആയാണ്. കാസര്‍കോട് 20ാമതും. ഇതൊക്കെ ചില സത്യങ്ങള്‍ മാത്രമാണ്. സങ്കടങ്ങളിലും ഒറ്റപ്പെടലുകളിലും തന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഒരായിരം നന്ദിയെന്നു പറഞ്ഞാണ് ഫേസ്ബുക് പോസ്റ്റ് അവസാനിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.