പാലക്കാട്ടെ തോല്‍വിക്ക് മുഖ്യകാരണം സംഘടനാ ദൗര്‍ബല്യമെന്ന് സി.പി.എം

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ നേട്ടം പഴങ്കഥയാക്കി നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് പാലക്കാട് മണ്ഡലത്തിലുണ്ടായ ദയനീയ പരാജയത്തിന് മുഖ്യകാരണം സംഘടനാതലത്തിലെ ഗുരുതര ദൗര്‍ബല്യമാണെന്ന് പാര്‍ട്ടിയുടെ ഏറ്റുപറച്ചില്‍. ഇടത് സ്ഥാനാര്‍ഥി എന്‍.എന്‍. കൃഷ്ണദാസിന്‍െറ പരാജയകാരണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ ദൗര്‍ബല്യം മൂലമുണ്ടായ വോട്ടുചോര്‍ച്ച വിവരിക്കുന്നുണ്ട്. സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചതിന്‍െറ 50 ശതമാനം പ്രവര്‍ത്തനം പോലും പാലക്കാട് മണ്ഡലത്തിലുണ്ടായില്ളെന്ന കുറ്റപ്പെടുത്തലും ബുധനാഴ്ച ആരംഭിച്ച കമീഷന്‍െറ ദ്വിദിന സിറ്റിങ്ങിലുണ്ടായെന്നാണ് സൂചന.

വര്‍ഗ ബഹുജന സംഘടനകളുടെ യോഗം വിളിക്കുന്നതിലും വിദ്യാര്‍ഥി-യുവജന-വി.ഐ.പി-കര്‍ഷക സ്ക്വാഡുകള്‍ സംഘടിപ്പിക്കുന്നതിലും ഗുരുതരവീഴ്ചയുണ്ടായി. പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ളതും ഭരണം നിലവിലുള്ളതുമായ കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളില്‍പോലും ലീഡ് നഷ്ടപ്പെട്ടത് യോജിച്ച പ്രവര്‍ത്തനത്തിന്‍െറ അഭാവം മൂലമാണ്. സ്ഥാനാര്‍ഥിയെക്കുറിച്ചുയര്‍ന്ന എതിര്‍പക്ഷ വിമര്‍ശങ്ങള്‍ക്ക് ഫലപ്രദമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല.

ഗൗരവത്തിലുള്ള സമീപനമായിരുന്നില്ല ബന്ധപ്പെട്ട ഏരിയാ കമ്മറ്റിയുടേത്. തുടര്‍ച്ചയായി മൂന്ന് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാരമ്പര്യമുണ്ടെങ്കിലും കൃഷ്ണദാസ് സിറ്റിങ് എം.എല്‍.എയായിരുന്ന ഷാഫി പറമ്പിലിന് അനുയോജ്യനായ എതിര്‍സ്ഥാനാര്‍ഥിയല്ളെന്ന വിമര്‍ശവുമുണ്ടായി.
മേല്‍ഘടകങ്ങളിലെ ഉത്തരവാദപ്പെട്ടവരില്‍നിന്ന് പലപ്പോഴും തണുപ്പന്‍ സമീപനമാണുണ്ടായത്. ജില്ലാ കമ്മിറ്റി ഓഫിസിലാരംഭിച്ച തെളിവെടുപ്പില്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്ന മുന്‍ എം.എല്‍.എ എം. നാരായണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന് ശേഷമായിരുന്നു മണ്ഡല പരിധിയിലെ ലോക്കല്‍ കമ്മിറ്റി പ്രതിനിധികള്‍ സംസാരിച്ചത്. ഏരിയാ കമ്മിറ്റിക്കാണ് ഏറെ പഴികേട്ടത്.

എന്നാല്‍, സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പരാജയ കാരണമായി നിരത്തിയത് പ്രധാനമായി രണ്ട് കാരണങ്ങളാണ്. ജയിക്കുമെന്ന പ്രതീതിയുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞതിനാല്‍ ന്യൂനപക്ഷ സമുദായം യു.ഡി.എഫിനനുകൂലമായി തിരിഞ്ഞു. സി.പി.എമ്മിന് മേല്‍ക്കൈയുള്ള രണ്ട് പഞ്ചായത്തുകളില്‍ വോട്ടുചോര്‍ച്ചയുമുണ്ടായെന്ന സമ്മതവും റിപ്പോര്‍ട്ടിലുണ്ട്. തെളിവെടുപ്പ് ഇന്നും തുടരും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.