ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ സംഘടനാ തലത്തില്‍ അഴിച്ചുപണിക്ക് തുടക്കം

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ സംഘടനാപരമായ അഴിച്ചുപണിക്ക് ആര്‍.എസ്.എസ് തുടക്കമിട്ടു. കല്‍പറ്റയില്‍ നടക്കുന്ന ആര്‍.എസ്.എസ് പ്രചാരകന്മാരുടെ വാര്‍ഷിക പൊതുയോഗം ബി.ജെ.പി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആര്‍. ഉമാകാന്തനെ മാറ്റി പകരം എം. ഗണേശിനെ നിയമിക്കാന്‍ തീരുമാനിച്ചു. നിലവില്‍ ആര്‍.എസ്.എസിന്‍െറ മാധ്യമവിഭാഗത്തിന്‍െറ ചുമതലവഹിക്കുന്ന ആളാണ് കാഞ്ഞങ്ങാട് സ്വദേശിയായ ഗണേശ്. 2002ല്‍ പി.പി. മുകുന്ദനെ സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയാണ് പകരം ഉമാകാന്തനെ നിയമിച്ചത്. മുകുന്ദനെ അന്ന് വിവിധ ആരോപണങ്ങളുടെ പേരില്‍ പുറത്താക്കുകയായിരുന്നു.

എന്നാല്‍, ഉമാകാന്തന് ഇതര ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി ചുമതലയുള്ള  കൂടുതല്‍ ഉയര്‍ന്ന പദവിയാണ് നല്‍കിയത്. ബി.ജെ.പി സംസ്ഥാന ഘടകത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ  പദവിയാണ് സംഘടനാ ജനറല്‍ സെക്രട്ടറി പദം. കാലാകാലങ്ങളില്‍ ആര്‍.എസ്.എസാണ് ഈ സ്ഥാനത്ത്  ആളെ നിയോഗിക്കുന്നത്. സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്‍െറ അനുമതി ഇതിന് ആവശ്യമില്ല. ആര്‍.എസ്.എസിന്‍െറയും  ബി.ജെ.പിയുടെയും  ദേശീയ നേതൃത്വമാണ് തീരുമാനമെടുക്കുക.

ചൊവ്വാഴ്ച കല്‍പറ്റയില്‍ ആരംഭിച്ച ആര്‍.എസ്.എസ് വാര്‍ഷിക  പൊതുയോഗം വ്യാഴാഴ്ച അവസാനിക്കും. അതിനു ശേഷം സംസ്ഥാന ബൈഠക് കോഴിക്കോട് ചിന്മയ മിഷന്‍ സ്കൂളില്‍ ജൂലൈ രണ്ട്, മൂന്ന് തീയതികളില്‍ ചേരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനം വിലയിരുത്തിയ പൊതുയോഗം പ്രതീക്ഷിച്ച വിജയം ഉണ്ടായില്ളെന്ന നിഗമനത്തിലാണ് എത്തിയത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് എം.പി ഉണ്ടാകാന്‍ ഇപ്പോഴേ പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.