രാജ്യസഭാ സീറ്റ്: എല്‍.ഡി.എഫില്‍ സി.പി.എം–സി.പി.ഐ തര്‍ക്കം

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെച്ചൊല്ലി എല്‍.ഡി.എഫ് സംസ്ഥാന സമിതിയില്‍ സി.പി.എം, സി.പി.ഐ തര്‍ക്കം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ എല്‍.ഡി.എഫിന് വിജയിക്കാനാവുന്ന ഒരു സീറ്റില്‍ ഇരുപാര്‍ട്ടികളും അവകാശവാദം ഉന്നയിച്ചു.  ഇരുപാര്‍ട്ടി നേതൃത്വവും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു. തങ്ങളുടെ  പ്രതിനിധികളായ ടി.എന്‍. സീമയും കെ.എന്‍. ബാലഗോപാലുമാണ് ഒഴിയുന്നതെന്നും അതിനാല്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും സി.പി.എം നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, നേരത്തേ തങ്ങളുടെ അംഗങ്ങളായിരുന്ന കെ.ഇ. ഇസ്മായിലും എം.പി. അച്യുതനും ഒഴിഞ്ഞപ്പോള്‍ ജയിക്കാവുന്ന സീറ്റ് സി.പി.എമ്മിന് വിട്ടുകൊടുക്കുകയായിരുന്നെന്ന് സി.പി.ഐ നേതൃത്വം വിശദീകരിച്ചു. ഇത്തവണയും സീറ്റ് സി.പി.എമ്മിന് ലഭിച്ചാല്‍ രാജ്യസഭാ അംഗങ്ങളുടെ എണ്ണം മൂന്നാവും. തങ്ങള്‍ക്ക്  പ്രാതിനിധ്യം ഉണ്ടാവുകയുമില്ല.

അതിനാല്‍ സീറ്റ് തങ്ങള്‍ക്ക് വിട്ടുതരണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് സി.പി.ഐ വ്യക്തമാക്കിയതോടെ ഉഭയകക്ഷി ചര്‍ച്ച നടത്താമെന്ന ധാരണയിലത്തെി. പി.ബി അംഗം എം.എ. ബേബിയെ രാജ്യസഭയിലത്തെിക്കുകയാണ് സി.പി.എം ലക്ഷ്യം. ജനതാദള്‍ -എസും എന്‍.സി.പി.യും ആവശ്യം ഉന്നയിച്ചു. ടി.എന്‍. സീമ, കെ.എന്‍. ബാലഗോപാല്‍, എ.കെ. ആന്‍റണി എന്നിവരുടെ ഒഴിവിലേക്ക് ഈമാസം 23നാണ് തെരഞ്ഞെടുപ്പ്.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള  മുന്നണിയുടെ പ്രകടനപത്രിക തയാറാക്കാന്‍ കണ്‍വീനര്‍ വൈക്കം വിശ്വന്‍െറ നേതൃത്വത്തിലുള്ള ഏഴംഗ സമിതിക്കും രൂപം നല്‍കി. തോമസ് ഐസക്, കെ. പ്രകാശ് ബാബു, എ.കെ. ശശീന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി, കെ. ശങ്കരനാരായണപിള്ള, സ്കറിയാ തോമസ് എന്നിവരാണ് അംഗങ്ങള്‍. കേരള കോണ്‍ഗ്രസില്‍ ഫ്രാന്‍സിസ് ജോര്‍ജിന്‍െറ നേതൃത്വത്തില്‍ ഒരുവിഭാഗം നടത്തുന്ന വിമതപ്രവര്‍ത്തനം സംബന്ധിച്ച് എല്‍.ഡി.എഫില്‍ ചര്‍ച്ച ഉണ്ടായില്ല. സി.പി.എം നേതൃത്വം വിമതരോട് അനുകൂലമായി പ്രതികരിച്ചു. എന്നാല്‍, യു.ഡി.എഫില്‍നിന്ന് തെറ്റിപ്പിരിയുന്നവര്‍ക്കുള്ള സ്ഥലമല്ല എല്‍.ഡി.എഫ് എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

യു.ഡി.എഫില്‍ നില്‍ക്കുന്നവര്‍ക്ക് വിലപേശലിന് എല്‍.ഡി.എഫിനെ കരുവാക്കാന്‍ അനുവദിക്കരുതെന്ന നിലപാടാണ് സി.പി.ഐക്കുള്ളതെന്നാണ് സൂചന. കേന്ദ്രബജറ്റിലും റെയില്‍വേ ബജറ്റിലും കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഈമാസം ഒമ്പതിന് അസംബ്ളി മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധയോഗം സംഘടിപ്പിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.