അധികസീറ്റ് വേണ്ടെന്ന ലീഗ് നിലപാട് വെട്ടിലാക്കിയത് മറ്റ് കക്ഷികളെ

തിരുവനന്തപുരം: അധികസീറ്റ് വേണ്ടെന്ന മുസ്ലിം ലീഗ് നിലപാട് കൂടുതല്‍ സീറ്റ് മോഹിക്കുന്ന യു.ഡി.എഫ് ഘടകകക്ഷികളെ വെട്ടിലാക്കി. കേരള കോണ്‍ഗ്രസ്-മാണിഗ്രൂപ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്കാണ് കൂടുതല്‍ അവകാശവാദങ്ങള്‍ക്ക് ഇതോടെ അവസരമില്ലാതായത്. ബുധനാഴ്ച യു.ഡി.എഫ് യോഗത്തിനുമുമ്പ് കോണ്‍ഗ്രസ് നേതാക്കളുമായി ലീഗ്നേതാക്കള്‍ നടത്തിയ ചര്‍ച്ച പി.കെ. കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു. കൂടുതല്‍ സീറ്റ് വേണ്ടെന്ന് ലീഗ് പറഞ്ഞതോടെ ഈ ആവശ്യമുന്നയിക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയാതാകുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.

മാണി ഗ്രൂപ് 20ഉം ജെ.ഡി.യു പത്തും ആര്‍.എസ്.പി എട്ടും സീറ്റാണ് ഉന്നമിടുന്നത്. പാര്‍ട്ടിയിലെ അസംതൃപ്തരെ സമാധാനിപ്പിക്കാനാണ് മാണി 20 സീറ്റ് അവശ്യപ്പെടാനിരുന്നത്. ഇടഞ്ഞുനിന്ന നേതാക്കള്‍  പാര്‍ട്ടിവിട്ടതിനാല്‍ മാണിയുടെ ആവശ്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് ഇനി സന്നദ്ധമാകണമെന്നില്ല. ജയസാധ്യത ഉറപ്പുള്ള കൂടുതല്‍ സീറ്റ് വേണമെന്നാണ് ജെ.ഡി.യു നിലപാട്.

എന്നാല്‍, വിജയിക്കാനാവുന്ന രണ്ടുരാജ്യസഭാസീറ്റുകളില്‍ ഒന്ന് അവര്‍ക്ക് നല്‍കിയിട്ടുണ്ട്. നിയമസഭാസീറ്റുകള്‍ വീതംവെക്കുമ്പോള്‍ ഇത് കോണ്‍ഗ്രസ് ഉന്നയിക്കും. ലയിച്ച് ശക്തിപ്രാപിച്ചതിനാല്‍ അര്‍ഹമായ പരിഗണന കിട്ടണമെന്ന ആര്‍.എസ്.പിയുടെ ആവശ്യവും പൂര്‍ണമായി അംഗീകരിക്കാനിടയില്ല. കൂടുതല്‍ നല്‍കാന്‍ തയാറല്ളെങ്കിലും സീറ്റുകള്‍ വെച്ചുമാറുന്നതിനോട് കോണ്‍ഗ്രസിന് യോജിപ്പാണ്. ചില ജില്ലകളില്‍ അവരും ഇതാഗ്രഹിക്കുന്നുണ്ട്.

കഴിഞ്ഞതവണ പാര്‍ട്ടി ജയിച്ച 20 സീറ്റിലേക്കും സ്ഥാനാര്‍ഥികളെ ലീഗ് പ്രഖ്യാപിച്ചതോടെ സീറ്റ്വിഭജനവും സ്ഥാനാര്‍ഥിനിര്‍ണയവും നീട്ടാന്‍ യു.ഡി.എഫിന് കഴിയില്ല. മാര്‍ച്ച് ഏഴിന് സീറ്റ്പങ്കിടല്‍ സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് മുന്നണിയോഗത്തിലെ ധാരണ. ഈ സമയപരിധിക്കുള്ളില്‍ സീറ്റ്വിഭജനം പൂര്‍ത്തീകരിക്കാനാകുമെന്ന് നേതൃത്വവും കരുതുന്നില്ല. എന്നാല്‍, ചര്‍ച്ചകള്‍ നീട്ടി അവസരം നഷ്ടപ്പെടുത്തരുതെന്ന ആഗ്രഹവുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.