യു.ഡി.എഫില്‍ ലീഗ് ഒഴികെ എല്ലാവരും കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടു; തുടര്‍ചര്‍ച്ച 10 മുതല്‍

തിരുവനന്തപുരം: സീറ്റ് വിഭജനം സംബന്ധിച്ച് ഘടകകക്ഷികളുമായി കോണ്‍ഗ്രസ് ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തീകരിച്ചു. ചര്‍ച്ചകളില്‍ മുസ്ലിം ലീഗ് ഒഴികെ എല്ലാ ഘടകകക്ഷികളും കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടു. ഇതിനോട് കോണ്‍ഗ്രസ് ഇതുവരെ മനസ്സ് തുറന്നിട്ടില്ല. തുടര്‍ചര്‍ച്ചകള്‍ 10, 11 തീയതികളിലാണ്. ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ്-ജേക്കബ്, സി.എം.പി-സി.പി. ജോണ്‍ വിഭാഗം തുടങ്ങിയ പാര്‍ട്ടികളുമായാണ് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ ചര്‍ച്ച നടന്നത്. ലീഗ്, കേരള കോണ്‍ഗ്രസ്-മാണി, ജെ.ഡി.യു എന്നീ പാര്‍ട്ടികളുമായി ആദ്യഘട്ടചര്‍ച്ച നടന്നിരുന്നതിനാല്‍ ഇന്നലെ അവരെ ക്ഷണിച്ചിരുന്നില്ല.

ചര്‍ച്ചയില്‍ ജേക്കബ് ഗ്രൂപ് നാല് സീറ്റിന് അവകാശവാദം ഉന്നയിച്ചു. അങ്കമാലി, പിറവം സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ളെന്ന് അറിയിച്ച അവര്‍ കൊട്ടാരക്കര അല്ളെങ്കില്‍ പുനലൂര്‍, കുട്ടനാട് അല്ളെങ്കില്‍ ഉടുമ്പന്‍ചോല സീറ്റ് കൂടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞതവണ മത്സരിച്ച അങ്കമാലി കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ നേരത്തേ പാര്‍ട്ടിയുടെ കൈവശം ഉണ്ടായിരുന്ന മൂവാറ്റുപുഴ തിരികെനല്‍കണമെന്നാണ് അവരുടെ ആവശ്യം. സി.പി. ജോണ്‍ വിഭാഗം മൂന്നുസീറ്റാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞതവണ പാര്‍ട്ടി മത്സരിച്ച കുന്ദംകുളത്തിനാണ് മുന്‍ഗണന. ഇതിനുപുറമേ ബേപ്പൂര്‍, എലത്തൂര്‍, തൃക്കരിപ്പൂര്‍, നെന്മാറ, വാമനപുരം എന്നിവയില്‍നിന്ന് രണ്ട് സീറ്റ്കൂടി വിട്ടുതരണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. എട്ടുസീറ്റാണ് ചര്‍ച്ചയില്‍ ആര്‍.എസ്.പി ഉന്നയിച്ചത്. ചവറ, കുന്നത്തൂര്‍, ഇരവിപുരം എന്നീ സിറ്റിങ് സീറ്റുകള്‍ക്കുപുറമേ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഒരുസീറ്റ് വീതവും മലബാര്‍ മേഖലയില്‍ ഒരുസീറ്റും വേണമെന്നാണ് അവരുടെ ആവശ്യം. കൊല്ലം ജില്ലയില്‍ മൂന്ന് സിറ്റിങ് സീറ്റുകള്‍ക്ക് പുറമെ കൊല്ലം, കുണ്ടറ, പുനലൂര്‍ എന്നിവയില്‍ ഒരെണ്ണവും ആലപ്പുഴ ജില്ലയില്‍ ആലപ്പുഴ, അമ്പലപ്പുഴ, ചേര്‍ത്തല എന്നിവയില്‍ ഒരെണ്ണവും പത്തനംതിട്ട ജില്ലയില്‍ റാന്നി സീറ്റുമാണ് ആര്‍.എസ്.പിയുടെ ആവശ്യം. മലബാര്‍ മേഖലയില്‍ സി.പി.എം കോട്ടകളായ ധര്‍മടം, കല്യാശ്ശേരി, മട്ടന്നൂര്‍ എന്നിവയില്‍ ഒരെണ്ണമാണ് ആവശ്യപ്പെട്ടത്. മൂന്നുകക്ഷികളുമായും 11ന് വീണ്ടും ചര്‍ച്ച നടത്താമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. മറ്റ് മൂന്ന് ഘടകകക്ഷികളുമായി പത്തിനായിരിക്കും ചര്‍ച്ച. അന്ന് രാവിലെ യു.ഡി.എഫ് യോഗവും ചേരുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.