കോണ്‍ഗ്രസ് പ്രാഥമികപട്ടിക ഹൈകമാന്‍ഡിന് കൈമാറി

തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രാഥമികപട്ടിക ഹൈകമാന്‍ഡിന് കൈമാറി. കഴിഞ്ഞദിവസം കെ.പി.സി.സി ആസ്ഥാനത്തുചേര്‍ന്ന നേതൃയോഗം അന്തിമരൂപം നല്‍കിയ പട്ടിക ചൊവ്വാഴ്ച രാവിലെയാണ് ഹൈകമാന്‍ഡിന് അയച്ചത്. കഴിഞ്ഞതവണ കോണ്‍ഗ്രസ് മത്സരിച്ച 81 സീറ്റുകള്‍ക്കുപുറമെ ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്കുമൂലം ഒഴിവുവന്ന ഏതാനും മണ്ഡലങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. ഭൂരിഭാഗം മണ്ഡലങ്ങളിലും നാലുപേരെ വീതമാണ്  ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ അതിലേറെയും. ചില മണ്ഡലങ്ങളില്‍ ഒറ്റപേര് മാത്രമേയുള്ളൂ.

കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ പേര് പട്ടികയിലില്ല. തൃശൂര്‍ ജില്ലാ ഉപസമിതി മണലൂരില്‍ സുധീരന്‍െറ പേരാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, അദ്ദേഹംകൂടി ഉള്‍പ്പെട്ട കെ.പി.സി.സി സമിതി പേര് ഒഴിവാക്കുകയായിരുന്നു. മുഴുവന്‍ സിറ്റിങ് എം.എല്‍.എമാരെയും നിലവിലെ മണ്ഡലങ്ങളിലേക്ക് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പരിഗണന നല്‍കി. സിനിമാതാരങ്ങളായ ജഗദീഷ്, സിദ്ദീഖ് എന്നിവര്‍ പട്ടികയില്‍  ഇടംനേടി. ജഗദീഷ് പത്തനാപുരത്തും സിദ്ദീഖ് അരൂരിലും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് കെ. മുരളീധരന്‍, കെ.പി.സി.സി വൈസ്പ്രസിഡന്‍റ് വി.ഡി. സതീശന്‍ തുടങ്ങിയവരുടെ മണ്ഡലങ്ങളില്‍ അവരുടെ പേര് മാത്രമാണുള്ളത്. ഡി.സി.സി പ്രസിഡന്‍റുമാര്‍ അധ്യക്ഷരായി രൂപവത്കരിച്ച മൂന്നംഗ ജില്ലാതല ഉപസമിതി നല്‍കിയ പട്ടികയില്‍ നിന്നാണ് പ്രാഥമിക പട്ടിക കെ.പി.സി.സി തയാറാക്കിയത്. ഉപസമിതി നിര്‍ദേശങ്ങളില്‍ കാര്യമായ തിരുത്തലുകള്‍ വരുത്തിയിട്ടില്ല. ഹൈകമാന്‍ഡിന്‍െറ പരിശോധനക്ക് മാത്രമായാണ് ഇത് നല്‍കിയിട്ടുള്ളത്. ഇതിലെ ഓരോരുത്തരെക്കുറിച്ചും എ.ഐ.സി.സി പരിശോധിച്ച് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍  ധാരണയിലത്തെും. കെ.പി.സി.സി  തെരഞ്ഞെടുപ്പ് സമിതി നല്‍കുന്ന അന്തിമപട്ടികകൂടി പരിശോധിച്ചശേഷമായിരിക്കും തീരുമാനം.
 തെരഞ്ഞെടുപ്പ് സമിതിയോഗം 23നാണ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ ഉള്‍പ്പെട്ടവരെകൂടാതെ തെരഞ്ഞെടുപ്പ് സമിതിയംഗങ്ങള്‍ നിര്‍ദേശിക്കുന്ന മറ്റ് പേരുകളുംകൂടി പരിഗണിച്ചായിരിക്കും അന്തിമപട്ടിക ഹൈകമാന്‍ഡിന്‍െറ പരിഗണനക്ക് നല്‍കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.