അപ്രതീക്ഷിത തര്‍ക്കങ്ങള്‍; തലവേദനയുമായി യു.ഡി.എഫ്

തിരുവനന്തപുരം: രണ്ടാംഘട്ട സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായതോടെ യു.ഡി.എഫില്‍ തര്‍ക്കം മുറുകുന്നു. മുന്നണി ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന സീറ്റുകളെയും സ്ഥാനാര്‍ഥികളെയും സംബന്ധിച്ചാണ് തര്‍ക്കം രൂക്ഷമായത്. ഇത് തുടര്‍ഭരണം ആഗ്രഹിച്ചുള്ള നീക്കത്തില്‍ ആശങ്കയും ആശയക്കുഴപ്പവും വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഘടകകക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയെങ്കിലും ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ല. മാത്രമല്ല, അത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. മുസ്ലിംലീഗ് സിറ്റിങ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ  പ്രഖ്യാപിച്ചെങ്കിലും വിവാദങ്ങളിലാണ് കാര്യങ്ങളത്തെിയത്. ഏറെ പ്രതീക്ഷയുള്ള മണ്ഡലങ്ങളെ ചുറ്റിപ്പറ്റിയുള്ള അപ്രതീക്ഷിത തര്‍ക്കം നേതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. രണ്ടാംഘട്ട ചര്‍ച്ചയോടെ സീറ്റ് വീതംവെപ്പ് ഏകദേശം പൂര്‍ത്തിയാക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, തിങ്കളാഴ്ച മൂന്നാംഘട്ട ചര്‍ച്ചയിലേക്ക് കടക്കേണ്ടിവന്നിരിക്കുകയാണ്.

അധിക സീറ്റ് ആവശ്യമില്ളെന്ന നിലപാടെടുത്ത ലീഗ് അവര്‍ ജയിച്ച 20 സീറ്റുകളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കൊടുവള്ളിയിലെ സ്ഥാനാര്‍ഥിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍നിന്ന് എതിര്‍പ്പുയര്‍ന്നു. പാര്‍ട്ടി നേതാവ് എതിര്‍ചേരിയില്‍ സ്ഥാനാര്‍ഥിയാകുന്ന സാഹചര്യവും ഇവിടെ ഉണ്ടായിരിക്കുകയാണ്. തിരുവമ്പാടി ലീഗിന് നല്‍കിയതിനെതിരെ കത്തോലിക്കാസഭ പരസ്യമായി രംഗത്തത്തെി. ഇത് മുതലെടുത്ത ഇടതുമുന്നണി സഭയുടെ മലയോര വികസനസമിതിയുമായി ചേര്‍ന്ന് സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനുള്ള ഒരുക്കത്തിലാണ്. യു.ഡി.എഫ് കേന്ദ്രങ്ങളായ ഇവിടങ്ങളിലെ പൊട്ടിത്തെറി മുന്നണിക്ക് ഒട്ടും അനുകൂലമല്ല.

കേരളാ കോണ്‍ഗ്രസ്-എമ്മുമായുള്ള സീറ്റ് പങ്കിടലും എങ്ങും എത്തിയില്ല. അവരുടെ പൂഞ്ഞാറും കുട്ടനാടും തങ്ങള്‍ക്ക് വേണമെന്നാണ് കോണ്‍ഗ്രസിന്‍െറ ആവശ്യം. ഒരുവിഭാഗം പാര്‍ട്ടി വിട്ടെങ്കിലും അധിക സീറ്റെന്ന ആവശ്യത്തില്‍നിന്ന് മാണി മാറിയിട്ടില്ല. പൂഞ്ഞാറില്‍ കോട്ടയം ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനിയെയും കുട്ടനാട്ട് കെ.പി.സി.സി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാമിനെയുമാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. ഇരുവരും വി.എം. സുധീരന്‍െറ വിശ്വസ്തരും. കുട്ടനാടിന്‍െറ കാര്യത്തില്‍ വെച്ചുമാറ്റത്തിന് തയാറായാലും പൂഞ്ഞാറില്‍ മാണി വിട്ടുവീഴ്ചക്ക് തയാറല്ല. പി.സി. ജോര്‍ജിനെ പൂഞ്ഞാറില്‍ നിര്‍ത്താന്‍ എല്‍.ഡി.എഫ് തയാറാവില്ളെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ത്രികോണമത്സരത്തില്‍ പൂഞ്ഞാര്‍ പിടിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അതേസമയം, ജോര്‍ജിന്‍െറ പരാജയം മാത്രം ആഗ്രഹിക്കുന്ന മാണി അവിടെ ദുര്‍ബലസ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കുമെന്ന സംശയം കോണ്‍ഗ്രസിനുണ്ട്. ഇത് മുന്നില്‍കണ്ടാണ് പൂഞ്ഞാറിനുവേണ്ടി അവര്‍ ബലം പിടിക്കുന്നതും.

കഴിഞ്ഞതവണ ജേക്കബ് ഗ്രൂപ് മത്സരിച്ച അങ്കമാലി ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ ജോണി നെല്ലൂര്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. ഇതിനെ അവരുടെ മന്ത്രിയായ അനൂപ് ജേക്കബിനെക്കൂട്ടി  പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഇടുക്കിയിലെ ഒരുസീറ്റ് നല്‍കി പ്രശ്നം പരിഹരിക്കാന്‍ ആലോചനയുണ്ടെങ്കിലും നെല്ലൂര്‍ വഴങ്ങാനിടയില്ല. നെല്ലൂരിനെ പിണക്കുന്നത് മുന്നണിസാധ്യതകള്‍ക്ക് മങ്ങലേല്‍പിച്ചേക്കാം. അങ്കമാലിയില്‍ മാണിക്കും കണ്ണുണ്ട്. ഇത് കോണ്‍ഗ്രസ് എടുത്താലും സ്ഥാനാര്‍ഥിത്വം പ്രശ്നമാവും.

വിജയസാധ്യതയുള്ള സീറ്റിനായുള്ള ജെ.ഡി.യു നീക്കവും പ്രതിസന്ധിയാണ്. സിറ്റിങ് സീറ്റായ ഇരവിപുരം ആര്‍.എസ്.പി ഉറപ്പിച്ചെങ്കിലും ലീഗ് ജില്ലാ നേതൃത്വം വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാനൊരുങ്ങവെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയും തുടങ്ങി. ജില്ലാ സമിതികള്‍ നല്‍കിയ പട്ടികയില്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെക്കൂടി ചേര്‍ത്തുള്ള  പട്ടികയാണ് സംസ്ഥാന നേതൃത്വം എ.ഐ.സി.സിക്ക് നല്‍കിയത്. മത്സരിക്കാന്‍ ഒരുക്കമല്ലാത്തവരും നിരവധിതവണ മത്സരിച്ചവരും സിറ്റിങ് എം.എല്‍.എമാരും അതിലുണ്ട്. പരാതിയുമായി യുവനിര കേന്ദ്രനേതൃത്വത്തെ സമീപിച്ചുകഴിഞ്ഞു. അതേസമയം, സീറ്റ് വീതംവെപ്പിനുള്ള ഗ്രൂപ്പുകളുടെ നീക്കം തടയാന്‍ സുധീരന്‍ നടത്തുന്ന ശ്രമത്തെ ഒരുമിച്ച്  നേരിടാന്‍ എ, ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചിട്ടുമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.