ബി.ജെ.പി തെരഞ്ഞെടുപ്പ് കോര്‍ കമ്മിറ്റിയില്‍ ആര്‍.എസ്.എസ് നേതാക്കളെത്തി

കൊച്ചി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ ആദ്യമായി ആര്‍.എസ്.എസ് നേതാക്കള്‍ പങ്കെടുത്തു. ആര്‍.എസ്.എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണ കുമാര്‍, സഹ പ്രാന്തകാര്യവാഹക് എം. രാധാകൃഷ്ണന്‍ എന്നിവരാണ് എത്തിയത്. മുന്‍ കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമാണിത്.

കോര്‍ കമ്മിറ്റി യോഗങ്ങളില്‍ അടിയന്തരഘട്ടത്തില്‍ മാത്രമാണ് സംഘം നേതാക്കള്‍ എത്താറുള്ളത്. ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ പറഞ്ഞുതീര്‍ക്കാന്‍ പറ്റാത്ത തര്‍ക്കങ്ങളുണ്ടായാലും ഇത്തരത്തില്‍ ആര്‍.എസ്.എസ് ഇടപെടല്‍ ഉണ്ടാവാറുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ ഇതിനുമുമ്പ് സംഘത്തിന്‍െറ സാന്നിധ്യം ഉണ്ടായിട്ടില്ല.

ബി.ഡി.ജെ.എസിനെ പരിഗണിക്കാതെ ബി.ജെ.പി ആദ്യഘട്ട സാധ്യതാ പട്ടിക പുറത്തിറക്കിയത് വിവാദമായിരുന്നു. തുടര്‍ന്ന് ബി.ഡി.ജെ.എസ് നേതാക്കള്‍ ദേശീയ നേതൃത്വത്തെ സമീപിക്കുകയും തങ്ങളോട് ചര്‍ച്ചചെയ്യാതെയാണ് പട്ടിക തയാറാക്കിയതെന്ന് പരാതിപ്പെടുകയും ചെയ്തിരുന്നു. ഇതിന്‍െറ ഫലമായി ആദ്യഘട്ട പട്ടികക്ക് ദേശീയ നേതൃത്വം അംഗീകാരം നല്‍കിയില്ല. ബി.ഡി.ജെ.എസുമായി ചര്‍ച്ചചെയ്യണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇത് സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയാവുകയും ചെയ്തു. ഇതിനുശേഷമുള്ള ആദ്യ കോര്‍ കമ്മിറ്റി യോഗമാണ് ഞായറാഴ്ച കൊച്ചിയില്‍ നടന്നത്.

ബി.ജെ.പി പുറത്തിറക്കിയ ആദ്യഘട്ട സാധ്യതാ പട്ടികയില്‍ മാറ്റമുണ്ടാകില്ളെന്ന് പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍  കുമ്മനം രാജശേഖരന്‍ ആദ്യം വാര്‍ത്താലേഖകരോട് പറഞ്ഞു. എന്നാല്‍, ഇതില്‍ ഏതെങ്കിലും സീറ്റ് ബി.ഡി.ജെ.എസ് വേണമെന്ന് ആവശ്യപ്പെട്ടാല്‍ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് അദ്ദേഹം പിന്നീട് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മാത്രമല്ല, ദേശീയ നേതൃത്വമാണ് പട്ടികക്ക് അന്തിമ അംഗീകാരം നല്‍കേണ്ടതെന്നും ബി.ജെ.പിയുടേത് അന്തിമ പട്ടികയല്ളെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കോര്‍ കമ്മിറ്റി ചര്‍ച്ചചെയ്തു.

അതേസമയം, ആദ്യ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ച 22ല്‍ പല മണ്ഡലങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങികഴിഞ്ഞു. ഇനിയൊരു പിന്മാറ്റം പാര്‍ട്ടിക്ക് നാണക്കേടാവും. മുന്‍ അധ്യക്ഷന്‍ വി. മുരളീധരന്‍െറ പേര് ഉയര്‍ന്ന കഴക്കൂട്ടമാണ് ബി.ഡി.ജെ.എസ് ഉന്നംവെക്കുന്ന മണ്ഡലങ്ങളിലൊന്ന് എന്നറിയുന്നു. ഇത്തരം ആവശ്യങ്ങളാണ് തര്‍ക്കം ഉയര്‍ത്തിയത്. ഈ ഘട്ടത്തിലാണ് ആര്‍.എസ്.എസ് നേതാക്കള്‍ ഇടപെട്ടത്. പ്രാന്തപ്രചാരകരായി ചുമതലയേറ്റ തൊട്ടുടനെയാണ് ഹരി കൃഷ്ണകുമാര്‍ കോര്‍ കമ്മിറ്റിയിലത്തെിയത് എന്ന പ്രത്യേകതയുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.