മലബാറില്‍ ന്യൂനപക്ഷ വോട്ടുകള്‍ തുണക്കുമെന്ന് ഇടതിന് പ്രതീക്ഷ

കോഴിക്കോട്: മലബാറില്‍ ന്യൂനപക്ഷ വോട്ടുകള്‍ തുണക്കുമെന്ന് ഇടതുമുന്നണിക്ക് പ്രതീക്ഷ. ഫാഷിസത്തിനും വര്‍ഗീയതക്കുമെതിരെ മുസ്ലിംസമുദായത്തില്‍ ഉയര്‍ന്നുവന്ന വികാരം  അനുകൂലമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ഇടതുനേതൃത്വം കണക്കുകൂട്ടുന്നത്. കഴിഞ്ഞ നവംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍  അനുകൂലമായത് ഈ തെരഞ്ഞെടുപ്പിലും  നിലനിര്‍ത്താനായിട്ടുണ്ടെന്നാണ് മുന്നണി നിഗമനം. അതേസമയം, ഫലം വരുമ്പോള്‍ തങ്ങള്‍ക്ക് സാരമായി പരിക്കേല്‍ക്കില്ളെന്നാണ് ലീഗ്  വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ഉള്‍പ്പെടെ മുസ്ലിം കേന്ദ്രങ്ങളില്‍ മുന്നണി നടത്തിയ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും നിലനിര്‍ത്താന്‍ ഇടതുനേതാക്കള്‍ കാര്യമായി ശ്രമിച്ചിരുന്നു. പരമ്പരാഗതമായി ലീഗിനൊപ്പം നില്‍ക്കുന്ന ഇ.കെ വിഭാഗം സമസ്തയുമായിപ്പോലും ഇതിനുവേണ്ടി പലവുരു ചര്‍ച്ച നടത്തി.  

പിണറായി വിജയന്‍െറ ദൂതന്‍ കോഴിക്കോട്ടത്തെി സമസ്ത യുവജന നേതൃത്വവുമായി ചര്‍ച്ച നടത്തുകയും സഹായം തേടുകയും ചെയ്തു. മലപ്പുറത്തൊഴിച്ച് കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, വയനാട് തുടങ്ങിയ ജില്ലകളിലൊക്കെയും രഹസ്യമായി സഹായിക്കാമെന്നാണ് ഇവര്‍ ഉറപ്പുനല്‍കിയത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പില്‍ ഇവരുടെ  സഹായം ലഭിച്ചിട്ടുണ്ടെന്നാണ് ഇടതുനേതാക്കള്‍ പറയുന്നത്. മലപ്പുറമൊഴിച്ചുള്ള ജില്ലയിലാണ് വാഗ്ദാനം നല്‍കിയതെങ്കിലും മലപ്പുറത്തുപോലും പല മണ്ഡലങ്ങളിലും സഹായിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. നിലമ്പൂര്‍ മണ്ഡലത്തില്‍ പരസ്യമായിത്തന്നെ സഹായം ലഭിച്ചു.

സുന്നി കാന്തപുരം വിഭാഗം പരസ്യമായിത്തന്നെ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുജാഹിദ് വിഭാഗത്തില്‍നിന്ന് എതിര്‍പ്പൊന്നുമുണ്ടായിട്ടില്ല. ലീഗ് അനുകൂല നിലപാടെടുക്കുന്ന മുജാഹിദിലെ മൂന്ന് വിഭാഗങ്ങളില്‍നിന്നും നല്ളൊരു ശതമാനം വോട്ടുകള്‍ ഇടതുചേരിയിലേക്ക് വന്നിട്ടുണ്ടെന്നാണ് നേതൃത്വത്തിന്‍െറ കണക്ക്. ഫലപ്രഖ്യാപനം വരുമ്പോള്‍ ഇത് തെളിഞ്ഞുകാണുമെന്നാണ് ഇടതുമുന്നണി നേതൃത്വം വ്യക്തമാക്കുന്നത്. എന്നാല്‍, ഫലം മുസ്ലിംലീഗിന് കാര്യമായ ക്ഷീണമൊന്നും ഉണ്ടാക്കില്ളെന്നാണ് നേതൃത്വത്തിന്‍െറ വിലയിരുത്തല്‍. സിറ്റിങ് സീറ്റുകളില്‍ ചിലത് നഷ്ടപ്പെട്ടേക്കാം. അതിനുപകരം വേറെ സീറ്റുകള്‍ പിടിച്ചെടുക്കാനാകും.

നിലവില്‍ 20 എം.എല്‍.എമാരുള്ള ലീഗിന് നാല് സീറ്റിന്‍െറ കാര്യത്തില്‍ ആശങ്കയുണ്ട്. താനൂര്‍, തിരുവമ്പാടി, കോഴിക്കോട് സൗത്, കളമശ്ശേരി സീറ്റുകളുടെ കാര്യത്തിലാണ് ആശങ്ക. കൂടുതലായി കുറ്റ്യാടിയും ബാലുശ്ശേരിയും പിടിച്ചെടുക്കാനാകും. പാര്‍ട്ടിയുടെ മെഷിനറി ഈ തെരഞ്ഞെടുപ്പില്‍ കാര്യമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്‍െറ ഫലം വ്യാഴാഴ്ച അറിയാം- ലീഗ് സംസ്ഥാന ഭാരവാഹി പറഞ്ഞു. മലബാറില്‍ ഇടതുമുന്നണിക്കുണ്ടാവുന്ന നേട്ടങ്ങള്‍ ബാധിക്കുക കോണ്‍ഗ്രസിനെയായിരിക്കുമെന്നാണ് പൊതുവിലയിരുത്തല്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.