പ്രതിപക്ഷ നേതാവ് മുതിര്‍ന്ന നേതാക്കളുടെ നീക്കത്തിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ കൊണ്ടുവരാന്‍ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ നീക്കത്തിനെതിരെ പ്രതിഷേധം. നേതാക്കളുടെ തീരുമാനം അതേപടി യോഗത്തില്‍ അംഗീകരിച്ചെടുക്കാമെന്ന് കരുതി തുടങ്ങിയ യോഗത്തിന് ഒരു തീരുമാനമുണ്ടാക്കാന്‍ അഞ്ചര മണിക്കൂര്‍ ചര്‍ച്ച ചെയ്യേണ്ടി വന്നു. എം.എല്‍.എമാരുടെ യോഗം ചേരുന്നതിനു മുമ്പ് നേതാവിനെ തെരഞ്ഞെടുത്തതിനെതിരെ കെ. മുരളീധരനാണ് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത്. പങ്കെടുക്കില്ളെന്ന് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്‍റിന് അദ്ദേഹം കത്ത് നല്‍കുകയും ചെയ്തു. ഹൈകമാന്‍ഡില്‍നിന്നത്തെിയ എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബ്രിയക്കും ഈ രീതിയോട് യോജിപ്പില്ലായിരുന്നു. യോഗത്തില്‍ മുരളീധരന്‍ എത്താതിരുന്നതോടെ കെ.പി.സി.സി പ്രസിഡന്‍റ് ഇടപെട്ടാണ് അദ്ദേഹം എത്തിയത്.
 ഹൈകമാന്‍ഡ് പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അഭിപ്രായം അറിയാന്‍ വരുമ്പോള്‍ കൈക്കൊണ്ട തീരുമാനം സംസ്ഥാനത്തെ കോണ്‍ഗ്രസ് നിയമസഭാംഗങ്ങളെയും ഹൈക്കമാന്‍ഡിനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് കെ. മുരളീധരന്‍ സുധീരന് നല്‍കിയ കത്തില്‍ വ്യക്തമാക്കി. തീരുമാനം എടുത്തുകഴിഞ്ഞിട്ട് നിയമസഭാകക്ഷിയോഗം ചേരുന്നതില്‍ അര്‍ഥമില്ല. ഇതില്‍ തനിക്ക് ശക്തിയായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാകക്ഷിയോഗം വിളിച്ചശേഷം സുധീരന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ യോഗം ചേര്‍ന്ന് ചെന്നിത്തലയെ പ്രതിപക്ഷനേതാവായും കെ.സി. ജോസഫിനെ ഉപനേതാവായും നിയമിക്കാനും ഉമ്മന്‍ ചാണ്ടിക്ക് യു.ഡി.എഫ് ചെയര്‍മാന്‍ പദവിയില്‍ തുടരാനുമായിരുന്നു ധാരണ. ഇതു പരസ്യമായതാണ് മുരളീധരനെ ചൊടിപ്പിച്ചത്. എന്നാല്‍, ചെന്നിത്തലയെ നിയമസഭാ കക്ഷി നേതാവാക്കുന്നതിനെ അദ്ദേഹം എതിര്‍ത്തില്ല. തെരഞ്ഞെടുപ്പ് പരാജയത്തിന് മൂന്നുപേര്‍ക്കും തുല്യ ഉത്തരവാദിത്തമാണെന്നിരിക്കെ ഒരാളെ മാത്രം മാറ്റുന്നത് ശരിയല്ളെന്ന നിലപാട് മുരളീധരനുണ്ടെന്നാണ് സൂചന.
രാവിലെ 11ന് ചേരുമെന്ന് അറിയിച്ചിരുന്ന നിയമസഭാ കക്ഷി യോഗം ഹൈകമാന്‍ഡ് പ്രതിനിധികള്‍ എത്താന്‍ വൈകിയതിനാല്‍ ഒരു മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. ഇതിനിടെയായിരുന്നു മുരളിയുടെ വിട്ടുനില്‍ക്കല്‍.
നിയമസഭാകക്ഷിയുടെ യോഗം ചേര്‍ന്നെങ്കിലും ഓരോരുത്തരുടെയും അഭിപ്രായം മനസ്സിലാക്കണമെന്ന നിലപാട് ഹൈകമാന്‍ഡ് പ്രതിനിധികള്‍ സ്വീകരിച്ചു. നിയുക്ത എം.എല്‍.എമാരുമായി അവര്‍ പ്രത്യേകം ചര്‍ച്ച നടത്തി. നേരത്തേ നേതാക്കള്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ എല്ലാവരും ചെന്നിത്തലയുടെ പേരുതന്നെയാണ് നിര്‍ദേശിച്ചത്. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷനേതൃസ്ഥാനത്തേക്കില്ളെന്ന് പറഞ്ഞ സാഹചര്യത്തില്‍ ചെന്നിത്തലയെ പരിഗണിക്കാമെന്നായിരുന്നു എല്ലാവരുടെയും നിര്‍ദേശം. എന്നാല്‍, നിയമസഭയില്‍ പ്രതിപക്ഷം വളരെ ശുഷ്കമായിരിക്കുന്ന സാഹചര്യമാണെന്ന ഓര്‍മവേണമെന്നും ചിലര്‍ ഓര്‍മിപ്പിച്ചു.
നിയമസഭക്കുള്ളില്‍ തന്ത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന അഭിപ്രായവും പങ്കുവെച്ചു. ചിലര്‍ പേരുകള്‍ എഴുതിനല്‍കിയപ്പോള്‍ മറ്റുചിലര്‍ പരസ്യമായ അഭിപ്രായം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.