ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ഭരിക്കുന്ന ഓള്‍ ഇന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യത്തെ ഏഴാമത്തെ ദേശീയ രാഷ്ട്രീയ പാര്‍ട്ടിയാകും. ദേശീയ പാര്‍ട്ടിയാകുന്നതിനുള്ള മൂന്ന് നിബന്ധനകളിലൊന്ന് പാര്‍ട്ടി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ദേശീയ പാര്‍ട്ടി പദവി നല്‍കുന്നതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ചുരുങ്ങിയത് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നെങ്കിലുമായി ലോക്സഭയിലെ ആകെ സീറ്റിന്‍െറ രണ്ടു ശതമാനം (11 എം.പിമാര്‍) നേടുക, ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളില്‍നിന്നായി ആറ് ശതമാനം വോട്ടും നാല് ലോക്സഭാ സീറ്റുകളും നേടുക, നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി നേടുക എന്നിവയിലൊരു നിബന്ധന പൂര്‍ത്തിയാക്കുന്ന പാര്‍ട്ടികള്‍ക്കാണ് 1968ലെ നിയമമനുസരിച്ച് ദേശീയ പാര്‍ട്ടി പദവി നല്‍കുക. പശ്ചിമ ബംഗാള്‍, ത്രിപുര, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി നേടി ഇതില്‍ അവസാനത്തെ നിബന്ധനയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
നിലവില്‍ കോണ്‍ഗ്രസ്, ബി.ജെ.പി, എന്‍.സി.പി, സി.പി.ഐ, സി.പി.എം എന്നിവയാണ് അംഗീകൃത ദേശീയ പാര്‍ട്ടികള്‍. ഈ പദവിയിലത്തെിയതോടെ രാജ്യത്തെ ഏത് സംസ്ഥാനത്തുനിന്നും നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ സ്വന്തം ചിഹ്നവുമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ക്ക് കഴിയും.
സംസ്ഥാന പാര്‍ട്ടി അംഗീകാരത്തിനുള്ള ചട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ചെയ്ത വോട്ടിന്‍െറ എട്ടു ശതമാനം വോട്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ലഭിച്ചിരിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, അത് ഭേദഗതി ചെയ്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ എട്ട് ശതമാനം വോട്ട് ലഭിച്ചാല്‍ മതിയെന്ന് കമീഷന്‍ ഈയിടെ ഭേദഗതി കൊണ്ടുവന്നു. അതുകൊണ്ടാണ് അരുണാചല്‍ പ്രദേശില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃണമൂലിന് 1.5 ശതമാനം വോട്ട് മാത്രം ലഭിച്ചിട്ടും പഴയ കണക്കുപ്രകാരം സംസ്ഥാന പദവി നേടിയെടുക്കാന്‍ കഴിഞ്ഞത്.
സി.പി.എം കോട്ടയായ ത്രിപുരയില്‍ അവരുടെ ബദ്ധവൈരിയായ തൃണമൂല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 9.74 ശതമാനം വോട്ട് നേടിയാണ് സംസ്ഥാന പദവി നേടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.