മാണിയോട് മൃദുനയം മാറ്റി കോണ്‍ഗ്രസ്

തിരുവനന്തപുരം: യു.ഡി.എഫ് വിട്ടുപോയിട്ടും മാണിഗ്രൂപ്പിനോടു പുലര്‍ത്തിയ മൃദുനയം കോണ്‍ഗ്രസ് അവസാനിപ്പിക്കുന്നു. മാണിക്കെതിരെയുള്ള  തുടര്‍ച്ചയായ വിജിലന്‍സ് അന്വേഷണമാണ് നിലപാട് മാറ്റത്തിന് പ്രേരണയായത്. മാണി  വിട്ടുപോയതില്‍ ദു$ഖവും ആശങ്കയും പ്രകടിപ്പിച്ചുവന്ന കോണ്‍ഗ്രസ് നേതാക്കള്‍ അവരില്ലാത്തത് മുന്നണിയുടെ ജനസ്വാധീനത്തെ ബാധിച്ചിട്ടില്ളെന്ന് പരസ്യമായിത്തന്നെ  പ്രഖ്യാപിച്ചുതുടങ്ങി. കഴിഞ്ഞദിവസം കലക്ടറേറ്റുകള്‍ക്ക് മുന്നിലെ യു.ഡി.എഫ് ധര്‍ണ, മാണിഗ്രൂപ്പിന്‍െറ സ്വാധീനകേന്ദ്രങ്ങളായ കോട്ടയം, ഇടുക്കി ജില്ലകളില്‍പോലും വന്‍ വിജയമായതും ഇത്തരമൊരു സമീപനത്തിന് കാരണമായിട്ടുണ്ട്. മാണിയുടെ വിട്ടുപോകല്‍ മുന്നണിയെ ബാധിച്ചിട്ടില്ളെന്ന് കഴിഞ്ഞദിവസം കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ വ്യക്തമാക്കിയിരുന്നു.

അതിനു പിന്നാലെ അതേ നിലപാടുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ രംഗത്തത്തെി. കോട്ടയത്ത് കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യവെ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസിനെതിരായ മാണിയുടെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ളെന്ന് പറഞ്ഞിരുന്നു. അടുക്കാതെ നില്‍ക്കുന്ന മാണിയോട് ഇനി സൗഹൃദത്തിന്‍െറ കാര്യമില്ളെന്ന ചിന്ത കോണ്‍ഗ്രസില്‍ ശക്തമാണ്. അതേസമയം ഒരിക്കലും യോജിക്കാനാവാത്ത വിധം അന്തരീക്ഷം മോശമാവാതിരിക്കാന്‍  ശ്രദ്ധിക്കുകയും ചെയ്യും.

 മാണിക്കെതിരായ  ഇപ്പോഴത്തെ വിജിലന്‍സ് കേസുകളെ സംബന്ധിച്ച് കൂടുതല്‍  പറയാന്‍  ചെന്നിത്തല തയാറായില്ല. എന്നാല്‍,  ഇടതു സര്‍ക്കാറിന്‍െറ അനുമതിയില്ലാതെ മാണിക്കെതിരെ വിജിലന്‍സ് കേസെടുക്കില്ളെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തു. ഇടതുമുന്നണിയില്‍ കടന്നുകൂടാനുള്ള മാണിയുടെ മോഹം മുന്‍നിര്‍ത്തിയാണ് ഈ പരാമര്‍ശമെന്ന് വ്യക്തമാണ്. മാണിഗ്രൂപ്പിനെ മടക്കിക്കൊണ്ടുവരാനോ അവരെ പിളര്‍ത്താനോ യു.ഡി.എഫില്‍ ആരും ശ്രമിക്കുന്നില്ളെന്ന് അറിയിക്കാനും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ തയാറായി. വിജിലന്‍സ് കേസുകളെ തുടര്‍ന്ന് ആശയക്കുഴപ്പത്തിലായ മാണിഗ്രൂപ്പിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്താന്‍ തന്നെയാണ് കോണ്‍ഗ്രസ് നീക്കം.

കേസുകള്‍ കാരണം ഇടതുമുന്നണി പ്രവേശമെന്ന മാണിയുടെ മോഹം തല്‍ക്കാലത്തേക്ക് അടഞ്ഞിരിക്കുകയാണ്. ബി.ജെ.പി സഖ്യത്തിലേക്ക് നീങ്ങിയാല്‍  കൂടുതല്‍ ഒറ്റപ്പെടുമെന്ന് മാത്രമല്ല, പാര്‍ട്ടി വന്‍പ്രതിസന്ധിയിലാവുകയും ചെയ്യും. മാണിയുടെ അടുത്ത വിശ്വസ്തര്‍ പോലും ഈ നീക്കത്തിനോട് യോജിക്കില്ല.

അതേസമയം, കേസുകളെ തുടര്‍ന്ന് വിലപേശല്‍ ശക്തിപോലും നഷ്ടപ്പെട്ട മാണി ഗ്രൂപ്പിനുള്ളിലെ പഴയ ജോസഫ് പക്ഷക്കാരുടെ മൗനത്തെയും പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് കാണുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.