കോഴിക്കോട്: ബാര്‍ കോഴയുടെ ചുവടുപിടിച്ചു ഉമ്മന്‍ ചാണ്ടി സര്‍ക്കാറിലെ മന്ത്രിമാര്‍ക്കെതിരെ വലവിരിച്ച വിജിലന്‍സ് നീക്കത്തില്‍ യു.ഡി.എഫില്‍ കടുത്ത ആശങ്ക. സര്‍ക്കാര്‍ മാറി മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും മുന്‍ മന്ത്രി കെ. ബാബുവിന്‍െറ വീട് റെയ്ഡ് ചെയ്തതടക്കം നടപടികള്‍ മുന്നണി നേതാക്കളില്‍ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിലെ ഗ്രൂപ് തര്‍ക്കമാണ് ഇതിനെതിരെ പ്രതികരിക്കുന്നതിനു തടസ്സമാകുന്നതെന്നു ഘടക കക്ഷികള്‍ കുറ്റപ്പെടുത്തി. ബാബുവിനെതിരായ വിജിലന്‍സ് നീക്കത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പ്രതിഷേധിക്കാതിരുന്നതു ചൊവ്വാഴ്ച ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ വിമര്‍ശ വിധേയമായി.
ഉപ്പുതിന്നവന്‍ വെള്ളം കുടിക്കട്ടെ എന്ന നിലപാടാണ് അഴിമതി വിഷയത്തില്‍ സുധീരന്‍ സ്വീകരിക്കുന്നത്. ബാബുവിന്‍െറ പിന്നാലെ ബെന്നി ബഹനാനെയും തമ്പാനൂര്‍ രവിയെയും വിജിലന്‍സ് നോട്ടമിട്ടിട്ടുണ്ടെന്നാണ് വിവരം. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരായിരുന്നു ഇരുവരും. ബാര്‍ കോഴ വഴിക്കും മറ്റു വഴികളിലൂടെയും കിട്ടിയ പണം സരിതയുടെ സോളാര്‍ കേസുകള്‍ ഒതുക്കിത്തീര്‍ക്കുന്നതിന് വലിയ തോതില്‍ ചെലവഴിക്കപ്പെട്ടതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടത്രെ. ബാബുവിന് പുറമെ കോണ്‍ഗ്രസിലെ മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരെ കോടികളുടെ അഴിമതി ആരോപണങ്ങള്‍ പുകയുന്നുണ്ട്.
ഘടകകക്ഷി മന്ത്രിമാരില്‍ മുന്‍ പൊതുമരാമത്തു മന്ത്രിയും മുസ്ലിംലീഗ് എം.എല്‍.എയുമായ വി.കെ. ഇബ്രാഹിം കുഞ്ഞ്, മുന്‍ കൃഷിമന്ത്രി ജനതാദള്‍ നേതാവ് കെ.പി. മോഹനന്‍ എന്നിവര്‍ക്കും അത്ര സുഖകരമാകില്ല ഇനിയുള്ള ദിനങ്ങള്‍. ഇതു മുന്‍കൂട്ടി കണ്ട് വിജിലന്‍സിന്‍െറ നീക്കത്തിന് തടയിടാനുള്ള ബദ്ധപ്പാടുകളിലാണ് ചില മുന്‍മന്ത്രിമാര്‍. സര്‍ക്കാറിലെ പ്രമുഖനായ ആളെ കഴിഞ്ഞ ദിവസം നേരില്‍ കണ്ടു ഉപദ്രവിക്കരുതേ എന്ന് ഒരു മുന്‍ മന്ത്രി സാഷ്ടാംഗം പ്രണമിച്ചതായാണ് ഉപശാലാ സംസാരം.
ഇതേസമയം, ലാവലിന്‍ കേസ് പൊടിതട്ടിയെടുത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രയോഗിക്കണമെന്ന അഭിപ്രായവും പ്രതിപക്ഷത്തെ ചില നേതാക്കള്‍ക്കുണ്ട്. പിണറായി കുറ്റക്കാരനല്ളെന്ന് വിചാരണ കോടതി വിധിച്ചതിനെതിരെ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയിട്ടില്ല. ലാവലിന്‍ കേസ് ഉയര്‍ത്തിക്കൊണ്ടുവന്ന ചില പൊതു താല്‍പര്യക്കാര്‍ക്കു കഴിഞ്ഞ ഏതാനും ദിവസമായി വലിയ ഡിമാന്‍ഡ് ആണെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്ന് അറിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.