അരുണാചലില്‍ കോണ്‍ഗ്രസ് ഒറ്റയാള്‍ പട്ടാളം; അട്ടിമറിക്കു പിന്നില്‍ പണവും സമ്മര്‍ദങ്ങളും

ന്യൂഡല്‍ഹി: നീതിപീഠം ഇടപെട്ട് തിരിച്ചേല്‍പിച്ച ഭരണം വീണ്ടും കൈവിട്ടുപോകുന്ന അരുണാചല്‍പ്രദേശിലെ കുതിരക്കച്ചവടത്തിനു മുന്നില്‍ തരിച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. 44 പാര്‍ട്ടി എം.എല്‍.എമാരില്‍ മുന്‍മുഖ്യമന്ത്രി നബാം തുക്കി ഒഴികെയുള്ളവര്‍ കൂട്ടത്തോടെ പീപ്ള്‍സ് പാര്‍ട്ടിയിലേക്ക് പോയത് കേന്ദ്രഭരണകക്ഷിയായ ബി.ജെ.പിയുടെ പ്രേരണ കൊണ്ടാണെന്ന് പകല്‍പോലെ വ്യക്തം.

ചാക്കിട്ടുപിടിത്തത്തിന് പണവും സമ്മര്‍ദങ്ങളുമുണ്ടെന്ന് അറിയാമെങ്കിലും എത്രയോ വര്‍ഷങ്ങള്‍ അരുണാചല്‍പ്രദേശ് ഭരിച്ചതിനൊടുവില്‍ നിയമസഭയില്‍ ഒറ്റയാള്‍ പട്ടാളമായി മാറിയ സാഹചര്യത്തിന് മുന്നില്‍ രാഷ്ട്രീയമായി കീഴടങ്ങുകയല്ലാതെ തല്‍ക്കാലം കോണ്‍ഗ്രസിന് മുന്നില്‍ വഴികളില്ല. രണ്ടുമാസം മുമ്പ് പാളയം വിട്ടുപോയ വിമത എം.എല്‍.എമാരെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ച് അധികാരം നിലനിര്‍ത്തിയത് സമര്‍ഥമായ രാഷ്ട്രീയ നീക്കത്തിലൂടെയായിരുന്നു.
കോണ്‍ഗ്രസ് വിമതര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുന്നത് അന്ന് നിസ്സഹായരായി ബി.ജെ.പിക്ക് നോക്കിനില്‍ക്കേണ്ടിവന്നു. അതിനെക്കാള്‍ മാരകമായി തിരിച്ചടിക്കുകയാണ് ബി.ജെ.പി ഇപ്പോള്‍ ചെയ്തത്. അതിനോട് പൊരുതാന്‍ ഒറ്റയാള്‍ പട്ടാളത്തിന് സ്വാഭാവികമായും കെല്‍പില്ല.
മുന്നൊരുക്ക സൂചനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടമായിരുന്നു. ഗവര്‍ണര്‍ രാജ്കോവയെ രാജിവെപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ പുറത്താക്കിയത്. ബി.ജെ.പിക്ക് വഴങ്ങാത്ത ഗവര്‍ണറെ പുറത്താക്കുകവഴി, അരുണാചലിലെ ഭരണമാറ്റത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കലാണ് നടന്നത്.

പട്ടാപ്പകല്‍ കൊള്ളയാണ് കോണ്‍ഗ്രസ് അരുണാചലില്‍ നേരിട്ടതെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ്സിങ് സുര്‍ജേവാല പറഞ്ഞു. തന്ത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന അതിര്‍ത്തി സംസ്ഥാനമായ അരുണാചല്‍പ്രദേശില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ജനാധിപത്യത്തിനുമേല്‍ കള്ളക്കളി നടത്തുകയാണ്.
ബി.ജെ.പിയുടെ രാഷ്ട്രീയക്കളികള്‍ക്ക് വേണ്ടിയുള്ള ജാരസന്തതിയാണ് പീപ്ള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശ്. പണവും പേശിബലവും കൊണ്ട് അധാര്‍മിക-അവസരവാദികളുടെ സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുകയാണ്. ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് ജനാധിപത്യത്തിന്‍െറ അന്ത$സത്ത കശാപ്പുചെയ്യുന്നതിന്‍െറ ശില്‍പികള്‍.നേരത്തേ നടന്ന അട്ടിമറിശ്രമം സുപ്രീംകോടതിയാണ് തിരുത്തിയത്. അത് മറികടക്കാന്‍ കൂട്ടത്തോടെ കൂറുമാറ്റം സംഘടിപ്പിക്കുകയാണ് ചെയ്തത്. പ്രേരണ, ഭീഷണി, ഗവര്‍ണര്‍ ഭരണം, വര്‍ഗീയത എന്നിവയെല്ലാം വഴിയാണ് ജനവിധി അട്ടിമറിക്കുന്നത്. അതിനുവേണ്ടി മുന്‍ മുഖ്യമന്ത്രിയെയും മുന്‍ ഗവര്‍ണറെയും അവര്‍ ബലികൊടുത്തു.

കോണ്‍ഗ്രസിന് വോട്ട് ചെയ്തവരോടുള്ള വിശ്വാസവഞ്ചനയും രാഷ്ട്രീയ നിലപാടിനോടുള്ള ചതിയുമാണ് ചാടിപ്പോയവര്‍ നടത്തിയത്. ഇത്തരം രാഷ്ട്രീയം നിലനില്‍ക്കില്ല. അരുണാചലിലെ ജനങ്ങള്‍ സത്യത്തിന്‍െറ കണ്ണാടി അവരെ കാണിക്കുമെന്നും സുര്‍ജേവാല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.