മാണിയുടെ നിലപാട് യു.ഡി.എഫിന് സഹായമായി

തിരുവനന്തപുരം: മുന്നണി വിട്ടെങ്കിലും ബുധനാഴ്ച  മാണിഗ്രൂപ് നിയമസഭയില്‍ സ്വീകരിച്ച നിലപാട് യു.ഡി.എഫിന് സഹായകമായി. സ്വാശ്രയ വിഷയം ഉയര്‍ത്തി സഭയില്‍ ശക്തമായ നിലപാടുമായിനില്‍ക്കുന്ന യു.ഡി.എഫിന് പരോക്ഷമായി മാണി നല്‍കിയ സഹായമാണ് സഭാ സ്തംഭനത്തിനും ധനാഭ്യര്‍ഥന ചര്‍ച്ച ഒഴിവാകുന്നതിനും വഴിയൊരുക്കിയത്. സത്യഗ്രഹം നടത്തുന്ന യു.ഡി.എഫ് എം.എല്‍.എമാരെ കണ്ട് അദ്ദേഹം അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു.  

മാണിവിഭാഗത്തിലെ ഡോ. എന്‍. ജയരാജ്, റോഷി അഗസ്റ്റിന്‍, മോന്‍സ് ജോസഫ്, സി.എഫ്. തോമസ് എന്നിവരുടേതായിരുന്നു വന്ന ആദ്യ ചോദ്യം. യു.ഡി.എഫ് അംഗങ്ങള്‍ നടുത്തളത്തിലായിരുന്നെങ്കിലും സ്പീക്കര്‍ ചോദ്യം വിളിച്ചു. ഉപ ചോദ്യത്തിനായി ഡോ. എന്‍. ജയരാജിനെ വിളിച്ചപ്പോള്‍ അദ്ദേഹം ഒരു ചോദ്യം ഉന്നയിക്കുകയും ചെയ്തു. രണ്ടാമത്തെ ചോദ്യം ചോദിച്ചതുമില്ല. മറ്റുള്ള അംഗങ്ങളും ചോദ്യം ചോദിക്കാതെ വിട്ടുനിന്നു. ചോദ്യോത്തരവേളകഴിഞ്ഞ് പ്രതിപക്ഷനേതാവിന്‍െറ പ്രസ്താവനയും ബഹളവുമൊക്കെ തുടരുന്നതിനിടയില്‍  ധനാഭ്യര്‍ഥനചര്‍ച്ച നടക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഇത് തങ്ങളെ ഉദ്ദേശിച്ചാണെന്ന് മനസ്സിലാക്കിയ കെ.എം. മാണി വാക്കൗട്ട് പ്രഖ്യാപിച്ച് പുറത്ത് പോയി. മാണി വിഭാഗം സഹകരിച്ചിരുന്നെങ്കില്‍ ഇന്നലെ ചര്‍ച്ച നടക്കുമായിരുന്നു. ചര്‍ച്ചയില്ളെന്ന് സ്പീക്കര്‍ പറഞ്ഞപ്പോള്‍ അതിനെ എതിര്‍ത്ത് പി.സി. ജോര്‍ജ് രംഗത്തുവന്നിരുന്നു.

ചോദ്യോത്തരവേളയില്‍ എസ്. രാജേന്ദ്രനും എം. സ്വരാജും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തിനിടയില്‍ മഷികൊണ്ടുവന്നു എന്ന ആരോപണം കൂടി ഉയര്‍ത്തിയാണ് ചോദ്യമുന്നയിച്ചത്. വന്യജീവികളെ മഷികൊണ്ട് അടയാളപ്പെടുത്തുമോ തുടങ്ങിയവയായിരുന്നു ചോദ്യങ്ങള്‍. എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിലും ഭരണപക്ഷാംഗങ്ങളും മറുപടി പറഞ്ഞ മന്ത്രി ടി.പി. രാമകൃഷ്ണനും യു.ഡി.എഫിന്‍െറ മദ്യനയത്തെ നിശിതമായി വിമര്‍ശിച്ചു. നടുത്തളത്തിലായ യു.ഡി.എഫിന് മറുപടിക്ക് കഴിഞ്ഞില്ല. എല്ലാവരും ഒപ്പിട്ടാണ് നിയമസഭയില്‍ എത്തിയതെങ്കിലും ബുധനാഴ്ചയിലെ ദിവസബത്ത വേണ്ടെന്ന് യു.ഡി.എഫ് സ്പീക്കര്‍ക്ക് കത്തും നല്‍കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.