ചെന്നൈ: എ.െഎ.എ.ഡി.എം.കെയിലെ ഇരുവിഭാഗങ്ങളും തമ്മിൽ തുടരുന്ന തിരക്കിട്ട ചർച്ചകളിൽ നിർണായക വിഷയങ്ങളിൽ പരിഹാര ഫോർമുല തെളിഞ്ഞുവരുന്നതായി സൂചന. ഇരുവിഭാഗങ്ങളിലെയും മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തിയുള്ള ചർച്ചകളിൽ പാർട്ടിയും ഭരണവും പങ്കിടുന്ന കാര്യത്തിൽ ധാരണയുണ്ടാവുമെന്നാണ് കരുതുന്നത്.
ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്നും മുഖ്യമന്ത്രിസ്ഥാനമോ ലയനശേഷം പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനമോ തങ്ങൾക്ക് നൽകണമെന്നുമായിരുന്നു പന്നീർസെൽവം വിഭാഗത്തിെൻറ പ്രധാന ആവശ്യം. ഇതിൽ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം നൽകാമെന്നും മുഖ്യമന്ത്രിയായി എടപ്പാടി കെ. പളനിസാമി തന്നെ തുടരുമെന്നുമാണ് പ്രാഥമിക ധാരണ.
ശശികലയെ നീക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും പളനിസാമി ഉറപ്പുനൽകിയിട്ടുണ്ടത്രെ. ലയനത്തിന് ശേഷം പാർട്ടി ജനറൽ കൗൺസിൽ വിളിച്ചുകൂട്ടി ശശികലയെ പുറത്താക്കാമെന്നാണ് ധാരണ. നല്ലവാർത്ത രണ്ടുദിവസത്തിനകമുണ്ടാകുമെന്നും ഇപ്പോൾ ഭിന്നതയില്ലെന്നും പന്നീർസെൽവം ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
ഭിന്നത ചർച്ചയിലൂടെ പരിഹരിക്കുമെന്ന് പളനിസാമിയും പ്രതികരിച്ചു. ജയലളിതയുടെ മരണശേഷം പാർട്ടിയിലെ ഇരുവിഭാഗങ്ങളും വേർപിരിഞ്ഞ് തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലക്കുവേണ്ടി അവകാശവാദം ഉന്നയിച്ചതിനെ തുടർന്ന് ചിഹ്നം തെരഞ്ഞടുപ്പ് കമീഷൻ മരവിപ്പിച്ചിരുന്നു.
ലയനശേഷം കമീഷെൻറ തീരുമാനം പിൻവലിപ്പിച്ച് ചിഹ്നം തിരിച്ചുപിടിക്കാമെന്നാണ് കരുതുന്നത്. ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത് ഷാ 22ന് തമിഴ്നാട് സന്ദർശിക്കുന്നതിനാൽ അതിനുമുമ്പ് തീരുമാനമുണ്ടാകുന്നതിന് വേണ്ടിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഇരുവിഭാഗത്തെയും കൂട്ടച്ചേർത്ത് കേന്ദ്ര മന്ത്രിസഭയിൽ സ്ഥാനങ്ങൾ നൽകുകവഴി 2019ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെുടപ്പിൽ നേട്ടമുണ്ടാക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.