യു.പി: അഖിലേഷ് വിഭാഗം കോണ്‍ഗ്രസുമായി സഖ്യത്തിലേക്ക്

ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടിയിലെ കുടുംബകലഹങ്ങള്‍ക്കിടെ, അഖിലേഷ് വിഭാഗം കോണ്‍ഗ്രസുമായി സഖ്യത്തിലേക്ക്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി എന്നിവരുമായി വൈകാതെ അഖിലേഷ് കൂടിക്കാഴ്ച നടത്തിയേക്കും. 
അതേസമയം, പാര്‍ട്ടിയില്‍ പിളര്‍പ്പ് ഒഴിവാക്കാന്‍ അവസാനവട്ട ശ്രമം പുരോഗമിക്കുകയാണ്. മുലായത്തിന്‍െറ സഹോദരനും അഖിലേഷിന്‍െറ മുഖ്യ എതിരാളിയുമായ ശിവപാല്‍ യാദവുമായി അഖിലേഷ് കൂടിക്കാഴ്ച നടത്തി, തൊട്ടുപിന്നാലെ ശിവപാല്‍ യാദവ് മുലായവുമായും കൂടിക്കാഴ്ച നടത്തി. എന്നാല്‍, എന്തെങ്കിലും ധാരണ രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകളില്ല. മുലായം സിങ് കോണ്‍ഗ്രസ് സഖ്യത്തിന് എതിരാണ്. എന്നാല്‍, പാര്‍ട്ടിയില്‍ മുലായത്തിന്‍െറ സ്വാധീനം നഷ്ടമായ സാഹചര്യത്തില്‍ പിളര്‍പ്പ് ഉണ്ടായില്ളെങ്കില്‍കൂടി കോണ്‍ഗ്രസ് - അഖിലേഷ് സഖ്യത്തിന് സാധ്യത വര്‍ധിച്ചു. പാര്‍ട്ടിയില്‍ പൂര്‍ണ ആധിപത്യം അഖിലേഷ് നേടിക്കഴിഞ്ഞു. 229 എസ്.പി എം.എല്‍.എമാരില്‍ 220 പേരും  65 എം.എല്‍.സിമാരില്‍ 56 പേരും തങ്ങളുടെ പിന്തുണ അറിയിച്ച് സത്യവാങ്മൂലം നല്‍കി. പിളര്‍പ്പ് ഉറപ്പാകുന്നപക്ഷം പാര്‍ട്ടി ജനപ്രതിനിധികളുടെ പിന്തുണ തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കാനാണ് അഖിലേഷ് പക്ഷത്തിന്‍െറ തീരുമാനം. ഭൂരിപക്ഷം എം.എല്‍.എമാരും തങ്ങള്‍ക്കൊപ്പമായതിനാല്‍ പേരും ചിഹ്നവും തങ്ങള്‍ക്കുതന്നെ ലഭിക്കുമെന്ന് അഖിലേഷ് പക്ഷത്തെ പ്രമുഖന്‍ രാം ഗോപാല്‍ യാദവ് പറഞ്ഞു. 
അതേസമയം, ഒരു ഡസന്‍ എം.എല്‍.എമാരെ പോലും കൂടെ നിര്‍ത്താന്‍ കഴിയാതെ മുലായം സിങ് പാര്‍ട്ടിയില്‍ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ്. കോണ്‍ഗ്രസിന് നിലവില്‍ 28 സീറ്റുകളാണ് യു.പിയിലുള്ളത്. 32 സീറ്റുകളില്‍ അവര്‍ രണ്ടാമതത്തെുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ 60 സീറ്റ് കോണ്‍ഗ്രസിന് നല്‍കാന്‍ എസ്.പി തയാറാണ്. എന്നാല്‍, 100 - 90 സീറ്റാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് - അഖിലേഷ് സഖ്യം വരുന്നതോടെ യാദവ - മുന്നാക്ക വോട്ടുകള്‍ക്കൊപ്പം മുസ്ലിം വോട്ടുകളില്‍ നല്ളൊരു വിഹിതവും മുന്നണിക്ക് അനുകൂലമാകുമെന്നാണ് കരുതുന്നത്. ജാട്ട് നേതാവ് അജിത് സിങ്ങിന്‍െറ ആര്‍.എല്‍.ഡിയും ഈ സഖ്യത്തില്‍ ചേരാന്‍ തയാറായിട്ടുണ്ട്.  
  അതിനിടെ, പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് അഖിലേഷ് പക്ഷം മരവിപ്പിച്ചു. 500 കോടി നിക്ഷേപമുള്ള അക്കൗണ്ട് സംസ്ഥാന പ്രസിഡന്‍റായിരുന്ന ശിവപാല്‍ യാദവിന്‍െറ നിയന്ത്രണത്തിലായിരുന്നു.  ഇതും മുലായത്തിന് മറ്റൊരു തിരിച്ചടിയായി. അമര്‍ സിങ്ങിനെ പുറത്താക്കാതെയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കാതെയും  ഐക്യം സാധ്യമല്ളെന്ന നിലപാടിലാണ്  അഖിലേഷ് പക്ഷം. എന്നാല്‍,  അമര്‍ സിങ്ങിനെ  കൈവിടാന്‍ ഇതുവരെ മുലായം തയാറായിട്ടില്ല.  
ബി.എസ്.പി രണ്ടാം പട്ടികയായി
ലഖ്നോ: നിയമസഭ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ബി.എസ്.പി പുറത്തിറക്കി. 100 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഇതോടെ, 403 നിയമസഭ സീറ്റുകളില്‍ 200 എണ്ണത്തില്‍ ബി.എസ്.പി സ്ഥാനാര്‍ഥികളായി.
58 മുസ്ലിം സ്ഥാനാര്‍ഥികളാണ് ബി.എസ്.പി പട്ടികയില്‍ ഇടംനേടിയത്. വ്യാഴാഴ്ച പുറത്തിറക്കിയ ആദ്യ പട്ടികയില്‍ 36ഉം രണ്ടാം പട്ടികയില്‍ 22ഉം മുസ്ലിം സ്ഥാനാര്‍ഥികളാണുള്ളത്. സംസ്ഥാനത്തെ വോട്ടര്‍മാരില്‍ 20 ശതമാനത്തോളമാണ് മുസ്ലിംകള്‍. 
403 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കിയതായി ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു. 87 സീറ്റ് ദലിതര്‍ക്കും 97 സീറ്റ് മുസ്ലിംകള്‍ക്കും 106 സീറ്റ് ഒ.ബി.സി വിഭാഗങ്ങള്‍ക്കും നല്‍കും. മേല്‍ജാതിക്കാര്‍ക്കായി നീക്കിവെച്ച 113 സീറ്റുകളില്‍ 66 എണ്ണം ബ്രാഹ്മണര്‍ക്കും 36 എണ്ണം ക്ഷത്രിയര്‍ക്കും 11 സീറ്റ് മറ്റുള്ളവര്‍ക്കുമാണ്. സമാജ്വാദി പാര്‍ട്ടിക്കോ കോണ്‍ഗ്രസിനോ വോട്ട് ചെയ്താല്‍ ബി.ജെ.പിയെ സഹായിക്കുന്നതിന് തുല്യമായിരിക്കുമെന്ന് മായാവതി മുസ്ലിം വോട്ടര്‍മാരെ ഓര്‍മപ്പെടുത്തി. ആഭ്യന്തരകലഹം രൂക്ഷമായ എസ്.പിക്കും സംസ്ഥാനത്ത് അടിത്തറയില്ലാത്ത കോണ്‍ഗ്രസിനും ചെയ്യുന്ന വോട്ട് പാഴാകുമെന്നും അവര്‍ പറഞ്ഞു.

Tags:    
News Summary - akhilesh congress tie up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.