വിജയവാഡ: അംഗത്വമെടുത്ത് ദിവസങ്ങൾക്കകം വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവെച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു ജനസേന നേതാവ് പവൻ കല്യാണിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. തന്‍റെ കാഴ്ചപ്പാടുകളുമായി ചേർന്നുപോകുന്ന പ്രത്യയശാസ്ത്രമാണ് പവൻ കല്യാണിന്‍റേതെന്ന് റായുഡു പറഞ്ഞു.
ആന്ധ്രയിലെ ജനങ്ങളെ സേവിക്കണമെന്ന ആത്മാർഥമായ ആഗ്രഹത്തോടെയാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് അമ്പാട്ടി റായുഡു പറഞ്ഞു. വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയിൽ ചേരുന്നതിലൂടെ ആഗ്രഹങ്ങൾ യാഥാർഥ്യമാക്കാമെന്നായിരുന്നു പ്രതീക്ഷ. പാർട്ടിയിൽ ചേർന്ന ശേഷം നിരവധി ഗ്രാമങ്ങൾ സന്ദർശിച്ച് ആളുകളുടെ പ്രയാസങ്ങളറിയുകയും അവ പരിഹരിക്കാൻ വ്യക്തിപരമായും അല്ലാതെയും ശ്രമിക്കുകയും ചെയ്തു. എന്നാൽ, വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുമായി എന്‍റെ കാഴ്ചപ്പാടുകൾ ഒത്തുപോകുന്നതായി തോന്നിയില്ല. ഇത് കുറ്റപ്പെടുത്തലല്ല. ഏതെങ്കിലും സീറ്റിൽ നിന്ന് മത്സരിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതുമല്ല. രാഷ്ട്രീയത്തിൽ നിന്ന് മാറാൻ ഞാൻ തീരുമാനിച്ചു. എന്നാൽ, അവസാന തീരുമാനമെടുക്കുന്നതിന് മുമ്പ് പവൻ കല്യാണിനെ ചെന്ന് കാണാനും അദ്ദേഹത്തിന്‍റെ പ്രത്യയശാസ്ത്രം മനസിലാക്കാനും എന്‍റെ സുഹൃത്തുക്കളും കുടുംബവുമെല്ലാം ഉപദേശിച്ചു. അങ്ങനെ അദ്ദേഹത്തെ ചെന്ന് കണ്ട് രാഷ്ട്രീയവും ജീവിതവുമെല്ലാം സംസാരിച്ചു. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകളും എന്‍റെ കാഴ്ചപ്പാടുകളും ഒന്നിച്ചുപോകുന്നതായി വ്യക്തമായതിൽ ഏറെ സന്തോഷമുണ്ട്. ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഞാൻ ദുബൈയിലേക്ക് പോകുകയാണ്. ആന്ധ്രയിലെ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ ഞാൻ എന്നുമുണ്ടാകും -അമ്പാട്ടി റായുഡു എക്സ് പോസ്റ്റിൽ പറഞ്ഞു.
38കാരനായ മുൻ ക്രിക്കറ്റ് താരം രാഷ്ട്രീയത്തിലിറങ്ങുകയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ അവസാനത്തിലാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തിൽ റായുഡു വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്. എന്നാൽ, പാർട്ടി വിടുകയാണെന്ന് ദിവസങ്ങൾക്കകം പ്രഖ്യാപിക്കുകയായിരുന്നു.
സിനിമ താരം പവൻ കല്യാൺ നയിക്കുന്ന ജനസേന പാർട്ടിക്ക് ആന്ധ്രയിലും തെലങ്കാനയിലും വേരോട്ടമുണ്ട്. ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്കു ദേശം പാര്‍ട്ടിക്കൊപ്പമാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയിരിക്കുന്നത്. എന്നാൽ, ഈയിടെ നടന്ന തെലങ്കാനയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.