ന്യൂഡൽഹി: 2024ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള അഴിച്ചുപണിയിൽ ബി.ജെ.പി കേന്ദ്ര ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോൾ ആർ.എസ്.എസ് പാരമ്പര്യവും പ്രവർത്തന പരിചയവുമുള്ള കേരളത്തിൽനിന്നുള്ള പ്രമുഖ നേതാക്കളെല്ലാം പുറത്ത്. മറ്റു പാർട്ടികളിൽനിന്ന് ബി.ജെ.പിയിലേക്ക് കൂറുമാറിവന്ന ക്രിസ്ത്യൻ, മുസ്ലിം നേതാക്കൾ രണ്ട് പേരും ദേശീയ ഭാരവാഹികളാകുകയും ചെയ്തു. ന്യൂനപക്ഷ വോട്ടിൽ കണ്ണിട്ട് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ദേശീയ സെക്രട്ടറിയാക്കിയപ്പോൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ അബ്ദുല്ലക്കുട്ടിയെ നിലനിർത്തിക്കൊണ്ടുതന്നെ അലീഗഢ് മുസ്ലിം സർവകലാശാല മുൻ വൈസ് ചാൻസലർ താരിഖ് മൻസൂറിനെ കൂടി ഉപാധ്യക്ഷനാക്കി. കേരളത്തിലെ പ്രമുഖ നേതാക്കളെ ഒന്നടങ്കം അവഗണിച്ച പട്ടികയിൽ മധ്യപ്രദേശിലെ ആർ.എസ്.എസ് പ്രചാരകായിരുന്ന മലയാളിയായ അരവിന്ദ് മേനോൻ ദേശീയ സെക്രട്ടറി പട്ടികയിലുണ്ട്.
ലോക്സഭ എം.പി രാധാമോഹൻ സിങ്ങിനെ ഉപാധ്യക്ഷ സ്ഥാനത്തുനിന്നും സി.ടി. രവി, ദിലീപ് സൈകിയ എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും വിനോദ് സോങ്കർ, ഹരീഷ് ദ്വിവേദി, സുനിൽ ദിയോധർ എന്നിവരെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി. നഡ്ഡ പ്രഖ്യാപിച്ച പുതിയ പട്ടികയിൽ സംഘടനാ ജനറൽ സെക്രട്ടറിക്ക് പുറമെ എട്ട് ജനറൽ സെക്രട്ടറിമാരും 13 ഉപാധ്യക്ഷന്മാരും 13 സെക്രട്ടറിമാരുമാണുള്ളത്.
ഉപാധ്യക്ഷന്മാർ: മുൻ ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമൺ സിങ്, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരാ രാജെ, മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ്, സൗദാൻ സിങ്, ബൈജയന്ത് പാണ്ഡ, സരോജ് പാണ്ഡെ എം.പി, രേഖ വർമ എം.പി, ലക്ഷ്മി കാന്ത് ബാജ്പേയ് എം.പി, ഡി.കെ. അരുണ, എം. ചൗബാ, എ.പി. അബ്ദുല്ലക്കുട്ടി, ലത ഉസേണ്ടി, താരിഖ് മൻസൂർ
ദേശീയ ജനറൽ സെക്രട്ടറിമാർ: അരുൺ സിങ് എം.പി, രാധാമോഹൻ അഗർവാൾ എം.പി, കൈലാഷ് വിജയവർഗ്യ, ദുഷ്യന്ത് കുമാർ ഗൗതം, തരുൺ ചുഗ്, വിനോദ് താവ്ഡെ, സുനിൽ ബൻസൽ സഞ്ജയ് ബന്ദി.
സംഘടനാ ജനറൽ സെക്രട്ടറി: ബി.എൽ. സന്തോഷ്, സഹ സംഘടനാ ജനറൽ സെക്രട്ടറി: ശിവപ്രകാശ്
ദേശീയ സെക്രട്ടറിമാർ: വിജയ റാഹട്ട്കർ, സത്യകുമാർ, അരവിന്ദ് മേനോൻ, പങ്കജ മുണ്ടെ, ഡോ. നരേന്ദ്ര സിങ് റൈന, ഡോ. അൽക ഗുർജർ, അനുപം ഹാജ്റാ, ഓംപ്രകാശ് ധുവേ, ഋതുരാജ് സിൻഹ, കാമഖ്യ പ്രസാദ് താസാ എം.പി, സുരേന്ദ്ര സിങ് നാഗർ, അനിൽ ആന്റണി.
ട്രഷറർ: രാജേഷ് അഗർവാൾ, സഹ ട്രഷറർ: നരേഷ് ബൻസൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.