തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയവും എൽ.ഡി.എഫ് - ബി.ജെ.പി ബന്ധവും പ്രചാരണായുധമാക്കാൻ യു.ഡി.എഫ് തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പിലെ പോലെ ഭൂരിപക്ഷ സമുദായത്തിനൊപ്പം ന്യൂനപക്ഷങ്ങളെയും ഒപ്പംനിർത്തി വിജയം ഉറപ്പിക്കുകയാണ് ലക്ഷ്യം. പാലായിലെ അപ്രതീക്ഷിത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മുന്നണിക്കുള്ളിൽ പരസ്യവിഴുപ്പലക്കൽ ഒഴിവാക്കാന്‍ കര്‍ശന നിലപാടുമായി കോണ്‍ഗ്രസ് നേതൃത്വവും രംഗത്തിറങ്ങി.
ശബരിമല വിഷയം ഉണ്ടായപ്പോള്‍ അതിതീവ്ര നിലപാട് സ്വീകരിച്ച ബി.ജെ.പി ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പിന്നാക്കം പോയത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസിെൻറ വിലയിരുത്തല്‍. എന്‍.എസ്.എസ് ഉള്‍പ്പെടെ മുന്നാക്കസമുദായ സംഘടനകളുടെ പിന്തുണ ഉറപ്പിക്കാൻ സാധിക്കുമെന്നാണ് യു.ഡി.എഫിെൻറ കണക്കുകൂട്ടൽ. വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലങ്ങളില്‍ ഇത് വലിയ നേട്ടമാകുമെന്നും അവര്‍ വിലയിരുത്തുന്നു. ഉപതെരഞ്ഞെടുപ്പിൽ സി.പി.എം- ബി.ജെ.പി കൂട്ടുകെട്ട് ഉണ്ടെന്നാണ് കോൺഗ്രസിെൻറ ആരോപണം.
വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ ഒഴിവാക്കി ജില്ല നേതാവിനെ രംഗത്തിറക്കിയതും കോന്നിയിൽ കെ. സുരേന്ദ്രനെ മത്സരിപ്പിക്കുന്നതും ആണ് ഇൗ വാദത്തിന് ആധാരം. വട്ടിയൂർക്കാവിൽ ബി.െജ.പി വോട്ട് സി.പി.എമ്മിന് മറിക്കുന്നതിന് പകരം കോന്നിയിൽ ബി.ജെ.പിയെ സി.പി.എം സഹായിക്കുെമന്ന് യു.ഡി.എഫ് ആരോപിക്കുന്നു. സാധാരണ സി.പി.എം ഉന്നയിക്കുന്ന ആരോപണമാണ് ഇത്തവണ ഒരുമുഴം മുേമ്പ കോൺഗ്രസ് പ്രയോഗിച്ചത്. ന്യൂനപക്ഷവോട്ട് ലക്ഷ്യമിട്ട് തന്നെയാണ് പ്രചാരണതുടക്കത്തിൽതന്നെ ഇക്കാര്യം കോൺഗ്രസ് ചർച്ചയാക്കിയത്. പാലായിലെ അപ്രതീക്ഷിത പരാജയത്തിെൻറ പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാൻ യു.ഡി.എഫിന് കഴിയില്ല.
പരസ്പരം പോർ വിളിക്കുന്ന കേരളകോണ്‍ഗ്രസ് വിഭാഗങ്ങൾ ഉള്‍പ്പെടെ എല്ലാവരോടും കര്‍ശന നിർദേശം കോണ്‍ഗ്രസ് നല്‍കിക്കഴിഞ്ഞു. സ്ഥാനാർഥി നിർണയത്തിലെ അസ്വാരസ്യങ്ങളും ഏറക്കുറെ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈകോടതിവിധിയും യു.ഡി.എഫിെൻറ പ്രചാരണായുധമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലേതുപോലെ അക്രമരാഷ്ട്രീയം ചര്‍ച്ചയാക്കുന്നതിനാണ് ആലോചന. അത് കുറഞ്ഞപക്ഷം മഞ്ചേശ്വരത്തെങ്കിലും ഗുണകരമാകുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.