ഹൈദരാബാദ്: പ്രതീക്ഷിച്ച മുന്നേറ്റം കൈവരിക്കാൻ കഴിയാതെ വന്നതോടെ ദേശീയ രാഷ്ട്രീ യത്തിൽ കിങ് മേക്കർ ആകാനുള്ള ചന്ദ്രശേഖർ റാവുവിെൻറ മോഹങ്ങൾ പൊലിഞ്ഞു. എട്ടു സീറ്റു കളിൽ മാത്രമാണ് റാവുവിെൻറ തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) പച്ച തൊട്ടത്. രാഷ്ട് രീയ നിരീക്ഷകർ എഴുതിത്തള്ളിയ ബി.ജെ.പിയും കോൺഗ്രസും നാലു സീറ്റുകളുമായി അപ്രതീക്ഷിത നേട്ടം കൈവരിച്ചതാണ് 16 സീറ്റെങ്കിലും നേടാമെന്ന റാവുവിെൻറ പ്രതീക്ഷ തകർത്തത്. എക്സിറ്റ് പോളുകളിലും കുറഞ്ഞത് 15 സീറ്റ് പ്രവചിച്ചിരുന്നു. സീറ്റ് കുറഞ്ഞതിനൊപ്പം കേന്ദ്രത്തിൽ ബി.ജെ.പി തൂത്തുവാരിയതും റാവുവിെൻറ പദ്ധതികളെ താളംതെറ്റിച്ചു.
റാവുവിെൻറ മകൾ കെ. കവിത നിസാമാബാദിൽ ബി.ജെ.പിയുടെ ധർമപുരി അരവിന്ദിനോട് പരാജയപ്പെട്ടത് പാർട്ടിക്ക് വലിയ ആഘാതമായിട്ടുണ്ട്. സെക്കന്ദരാബാദ് നിലനിർത്തിയ ബി.ജെ.പി, ടി.ആർ.എസിെൻറ തട്ടകമായ ഉത്തര തെലങ്കാനയിലെ ആദിലബാദ്, കരിംനഗർ സീറ്റുകൾ പിടിച്ചെടുക്കുകയായിരുന്നു. മൽകാജ്ഗിരി, ചെവല്ല, ഭോംഗിർ, നൽഗോണ്ട സീറ്റുകളാണ് കോൺഗ്രസ് നേടിയത്. സംസ്ഥാന കോൺഗ്രസ് പ്രസിഡൻറ് എൻ. ഉത്തംകുമാർ റെഡ്ഡിയാണ് നൽഗോണ്ടയിലെ വിജയി. കോൺഗ്രസിെൻറ മുതിർന്ന നേതാവ് രേണുക ചൗധരി ഖമ്മത്ത് ടി.ആർ.എസിനോട് തോറ്റു. ഓരോ സീറ്റ് വീതം ഉണ്ടായിരുന്ന ടി.ഡി.പിക്കും വൈ.എസ്.ആർ കോൺഗ്രസിനും വെറുംകൈയോടെ മടങ്ങേണ്ടിവന്നു.
അസദുദ്ദീൻ ഉവൈസി തുടർച്ചയായി നാലാം തവണയും ഹൈദരാബാദ് നിലനിർത്തി. ബി.ജെ.പിയുടെ ഭഗവന്ത് റാവുവിനെയാണ് ഉവൈസി പരാജയപ്പെടുത്തിയത്. ഉവൈസിക്ക് പുറമേ, മഹാരാഷ്ട്രയിലെ ഔറംഗബാദിലും എ.ഐ.എം.ഐ.എം ജയിച്ചിട്ടുണ്ട്. പ്രകാശ് അംബേദ്കറിെൻറ വഞ്ചിത് ബഹുജൻ അഗാഡിക്കൊപ്പം ചേർന്ന് മത്സരിച്ച ഇവിടെ ഇംതിയാസ് ജലീലാണ് ജയിച്ചത്. രണ്ടുപതിറ്റാണ്ടുകാലത്തെ ശിവസേനയുടെ വാഴ്ചയാണ് ഇവിടെ അവസാനിച്ചത്. ആറുമാസം മുമ്പ് 119 ൽ 88 സീറ്റും നേടി സംസ്ഥാനത്ത് ഭരണം പിടിച്ച ചന്ദ്രശേഖര റാവുവിെൻറ തളർച്ച അപ്രതീക്ഷിതമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.