ന്യൂഡല്‍ഹി: ലാപ്ടോപ് വിതരണത്തിലും വൈദ്യുതിയിലും ഹിന്ദു-മുസ്ലിം വേര്‍തിരിവുണ്ടാക്കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും ശ്രമം നടത്തിയപ്പോള്‍ ഇരുവരെയും ഗുജറാത്തിലെ കഴുതകളോടുപമിച്ചും ഭീകരരാക്കിയും അഖിലേഷ് യാദവും പാര്‍ട്ടിയും പകരംവീട്ടി. ബി.എസ്.പിയെ ബഹന്‍ജി സമ്പത്തി പാര്‍ട്ടിയെന്ന് തിങ്കളാഴ്ച മോദി വിളിച്ചപ്പോള്‍ തിരിച്ചു നരേന്ദര്‍ ദാമോദര്‍ ദാസ് എന്നാല്‍ ദലിത് വിരുദ്ധ മനുഷ്യന്‍ എന്നാണ് അര്‍ഥമെന്നും മായാവതി തിരിച്ചടിച്ചു.
പകുതിയിലേറെ നിയമസഭ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോഴാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ പ്രചാരണം താഴ്ന്ന നിലവാരത്തിലത്തെിയത്. ബിഹാറിനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ബി.ജെ.പിയാണ് ഇത്തരമൊരു തലത്തിലേക്ക് പ്രചാരണം കൊണ്ടുപോയത്. ഉത്തര്‍പ്രദേശില്‍ റമദാനും ദീപാവലിക്കും ഈദിനും ഹോളിക്കും വൈദ്യുതി വിതരണത്തില്‍ വിവേചനമുണ്ടെന്ന് മോദി പ്രസംഗിച്ചതിനു പുറമെ അഖിലേഷ് യാദവ് ലാപ്ടോപ് നല്‍കുന്നത് മുസ്ലിംകള്‍ക്കും യാദവര്‍ക്കും മാത്രമാണെന്ന് അമിത് ഷായും ആരോപിച്ചു. ഇതിന് മറുപടിയെന്നോണം ആദ്യം രംഗത്തുവന്ന സമാജ്വാദി പാര്‍ട്ടി നേതാവ് രാജേന്ദ്ര ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ഭീകരരാണെന്ന് പ്രസ്താവിച്ചു. തുടര്‍ന്ന് വിമര്‍ശനം നേരിട്ട് ഏറ്റെടുത്ത അഖിലേഷ് യാദവ് ബി.ജെ.പിയുടെ പ്രചാരണത്തിന് ഉത്തര്‍പ്രദേശില്‍ നേതൃത്വം നല്‍കുന്ന അമിത് ഷായെയും മോദിയെയും ഗുജറാത്തിലെ കഴുതകളോടുപമിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയെപോലൊരു പദവിയിലുള്ളയാളെ കഴുതയോടുപമിച്ചതിനെതിരെ ബി.ജെ.പി നേതാക്കളായ വെങ്കയ്യ നായിഡു, സാംബിത് പത്രി, ജി.വി.എല്‍ നരസിംഹം എന്നിവര്‍ രംഗത്തുവന്നു. ദീപാവലിയും ഹോളിയും മുസ്ലിംകള്‍ക്കല്ളെന്നും റമദാനും ഈദും ഹിന്ദുക്കള്‍ക്കും അല്ളെന്നും പറയുകയാണ് മോദി ചെയ്തതെന്ന് സമാജ്വാദി പാര്‍ട്ടി വക്താവ് ഗണ്‍ശ്യാം തിവാരി കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശ് ബലാത്സംഗക്കാരുടെ നാടായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനപ്പുറമില്ല ഗുജറാത്തിലെ കഴുതകളെന്ന് വിളിച്ചതെന്നും തിവാരി കുട്ടിച്ചേര്‍ത്തു.
വര്‍ഗീയ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയ ദിവസമാണ് മായാവതിയെ വ്യക്തിപരമായി അധിക്ഷേപിച്ച് ബഹന്‍ജി സമ്പത്തി പാര്‍ട്ടിയെന്ന് ബി.എസ്.പിയെ മോദി വിളിച്ചത്. ഇതു കഴിഞ്ഞ് ഏറെ വൈകാതെ നരേന്ദര്‍ ദാമോദര്‍ ദാസ് മോദി എന്നതിന്‍െറ ചുരുക്കമായ എന്‍.ഡി.എം എന്നിവക്ക് ദലിതുകളോട് നെഗറ്റിവായ മനുഷ്യന്‍ എന്ന് മായാവതി പൂര്‍ണരൂപമുണ്ടാക്കിയത്. വാക്കുകള്‍കൊണ്ട് കളിച്ചാല്‍ തിരിച്ചും കളിക്കുമെന്നും മായാവതി മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.