ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം: വിലക്കുന്നത് പരിഹാസ്യവും, ഭീരുത്വവുമാണെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം : ഗുജറാത്ത്‌ വംശഹത്യയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത്‌ ബലംപ്രയോഗിച്ച്‌ തടയാനുള്ള മോദി സര്‍ക്കാരിന്റേയും, സംഘപരിവാറിന്റേയും ശ്രമം പരിഹാസ്യവും, ഭീരുത്വവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രസ്‌താവനയില്‍ അറിയിച്ചു. വിലക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണ്.

ഡോക്യുമെന്ററിയില്‍ വസ്‌തുതാപരമായ പിശകൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്തതുകൊണ്ടാണ്‌ നിരോധിച്ചും, ബലംപ്രയോഗിച്ചും, പ്രദര്‍ശനം തടഞ്ഞും അവര്‍ മുന്നോട്ടുവരുന്നത്‌. ഭരണഘടനയിലെ 19-ാം വകുപ്പ്‌ ഉറപ്പുനല്‍കുന്ന അഭിപ്രായപ്രകടനത്തിനും, ആവിഷ്‌ക്കാരത്തിനുമുള്ള സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ഭരണഘടനക്കെതിരായ യുദ്ധ പ്രഖ്യാപനം കൂടിയാണിത്‌. രാജ്യത്തിനേറ്റ ഈ തീരാക്കളങ്കം ജനങ്ങള്‍ അറിയരുതെന്ന്‌ വാശിപിടിക്കുന്നത്‌ അറിയാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്‌. കേന്ദ്ര സർക്കാരിന് പറയാനുള്ള കാര്യം വിശദമാക്കാന്‍ ബി.ബി.സി തന്നെ സമയം നല്‍കിയിരുന്നു. അതുപയോഗിക്കാന്‍ ഗവണ്‍മെന്റ്‌ തയാറായില്ലെന്നാണ്‌ അവര്‍ തന്നെ വെളിപ്പെടുത്തിയത്‌.

2002-ല്‍ രണ്ടായിരത്തോളം പേരെ കൊന്നുതള്ളിയ ഗുജറാത്ത്‌ വംശഹത്യക്ക്‌ അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്ര മോദി 'നേരിട്ട്‌ ഉത്തരവാദിയാണെന്ന്‌' ബി.ബി.സി ഡോക്യമെന്ററി തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നുണ്ട്‌. തനിക്ക്‌ ഇഷ്ടമില്ലാത്തത്‌ ആരും കാണുകയും, സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്യരുതെന്ന്‌ ശഠിക്കുന്നത്‌ സ്വേഛാധിപത്യമല്ലാതെ മറ്റൊന്നുമല്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന സ്ഥിതിയിലേക്ക്‌ രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ നയിക്കുകയാണ്‌. അടിയന്തരാവസ്ഥക്കാലത്തുള്ളതുപോലെ സെന്‍സര്‍ഷിപ്പും ശക്തമായി തിരിച്ചുവരികയാണെന്ന്‌ ഡോക്യൂമന്ററിക്കുള്ള വിലക്ക്‌ വ്യക്തമാക്കുന്നു.

 ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ അണിനിരക്കാന്‍ എല്ലാ മതനിരപേക്ഷ ജനാധിപത്യവാദികളും മുന്നോട്ടുവരേണ്ട ഘട്ടമാണെന്നും എം.വി ഗോവിന്ദന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

Tags:    
News Summary - BBC Documentary Screening: MV Govindan Says Ban Is Ridiculous, Cowardly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.