പട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ തങ്ങളുടെ കുടുംബത്തിെൻറയും പിതാക്കന്മാരുടെയും അഭിമാനവും പാരമ്പര്യവും കാക്കാനുള്ള കഠിനശ്രമത്തിലാണ് തേജസ്വി യാദവും ചിരാഗ് പാസ്വാനും. ആർ.ജെ.ഡി തലവൻ ലാലു പ്രസാദ് യാദവിെൻറ ഇളയ മകനും അഞ്ചു പാർട്ടികൾ ചേർന്ന മഹാസഖ്യത്തിെൻറ നേതാവുമായ തേജസ്വി നേരത്തേ ബിഹാർ ഉപ മുഖ്യമന്ത്രിയുമായിരുന്നു.
കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിലായ പിതാവ് ലാലുവിെൻറ പ്രഭാവം കൂട്ടിനില്ലാതെയാണ് ഇത്തവണ തേജ്വസി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ലോക് ജൻശക്തി പാർട്ടി അധ്യക്ഷ പദവി രാംവിലാസ് പാസ്വാൻ ജീവിച്ചിരിക്കതന്നെ മകൻ ചിരാഗ് പാസ്വാന് കൈമാറിയിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ അതികായനായിരുന്ന പിതാവിെൻറ മാർഗനിർദേശങ്ങളുടെ പിൻബലമില്ലാതെ ഏകനായാണ് ചിരാഗ് തെരഞ്ഞെടുപ്പ് പോരിനിറങ്ങുന്നത്. നിലവിൽ ജമുയിൽ നിന്നുള്ള ലോക്സഭാംഗമായ ചിരാഗിന് പാർട്ടിക്കതീതമായി സൗഹൃദവലയമുണ്ടെങ്കിലും ഫലത്തിൽ കൂട്ടിനാരുമില്ല.
രാംവിലാസ് പാസ്വാൻ മരണശയ്യയിലിരിക്കെ ബിഹാറിലെ എൻ.ഡി.എ സഖ്യത്തിൽനിന്ന് വഴിപിരിഞ്ഞ ചിരാഗ്, മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രംഗത്തുവന്നിരുന്നു. ഭരണകക്ഷിയായ ജെ.ഡി.യു തലവനായ നിതീഷിനെ വിമർശിക്കുേമ്പാഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തെൻറ വിധേയത്വം പരസ്യമാക്കിയിരുന്നു.
ചിരാഗിെൻറ എൻ.ഡി.എയിൽ നിന്നുള്ള പുറത്തുപോകൽ ഒരു വിഭാഗം ബി.ജെ.പി നേതാക്കളുടെ പിന്തുണയോടെയുള്ള തന്ത്രമാണെന്ന അടക്കംപറച്ചിലുകൾക്കിടെ, കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുൾപ്പെടെയുള്ള മുതിർന്ന ബി.ജെ.പി നേതാക്കളെ കൊണ്ട് ചിരാഗിനെ തള്ളിപ്പറയിക്കാൻ നിതീഷിന് കഴിഞ്ഞിട്ടുണ്ട്. ഇത് സംസ്ഥാനത്തെ എൻ.ഡി.എ വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.
എണ്ണം കൊണ്ട് കുറവെങ്കിലും ശക്തരായ പാസ്വാൻ വിഭാഗത്തിെൻറ പിന്തുണകൊണ്ട് 243 അംഗ ബിഹാർ നിയമസഭയിൽ മതിയായ എണ്ണം സീറ്റുകൾ വഴി സംസ്ഥാന രാഷ്ട്രീയത്തിൽ എൽ.ജെ.പിയുടെ സാന്നിധ്യം ഉറപ്പിക്കാനാവുമെന്നാണ് ചിരാഗിെൻറ പ്രതീക്ഷ.
അതേസമയം, താരതമ്യേന തേജസ്വിയുടെ നില ഭദ്രമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. സംസ്ഥാനത്തെ ഏറ്റവും വലിയ വിഭാഗമായ യാദവരുടെ പിന്തുണ തന്നെയാണ് പ്രധാനഘടകം. തെരഞ്ഞെടുപ്പ് ഗോദയിൽ നേരിട്ട് രംഗത്തില്ലെങ്കിലും സ്ഥാനാർഥി നിർണയം, സീറ്റു വിഭജനം അടക്കമുള്ള കാര്യങ്ങളിൽ നിർണായക അഭിപ്രായങ്ങൾ റാഞ്ചി ജയിലിലിരുന്ന് ലാലു പ്രസാദ് പങ്കുവെക്കുന്നുണ്ട്.
ആർ.ജെ.ഡിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ കോൺഗ്രസ്, സി.പി.ഐ, സി.പി.എം, സി.പി.ഐ (എം.എൽ) എന്നിവരുമുണ്ട്. സംസ്ഥാനത്തെ മുസ്ലിം വോട്ടർമാരിൽ ഭൂരിഭാഗവും ആർ.ജെ.ഡി-കോൺഗ്രസ് സഖ്യത്തിെനാപ്പമാണ്. യാദവ-പാസ്വാൻ കുടുംബങ്ങൾക്ക് പുറമെ വിവിധ നേതാക്കളുടെ മക്കളും ഇത്തവണ ഗോദയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.