'മനഃപായസം ഉ​ണ്ണേണ്ട, കാര്യങ്ങൾ ഞങ്ങൾ തീരുമാനിച്ചോളാം' -മുന്നറിയിപ്പുമായി ബി.ജെ.പി ദേശീയ നേതൃത്വം

തിരുവനന്തപുരം: കേരളത്തിലെ വിജയസാധ്യതയുള്ള സീറ്റുകളിൽ സ്ഥാനാർഥിത്വം ലക്ഷ്യമിട്ട്​​ ആരും മനഃപായസം ഉണ്ണേണ്ടെന്നും കാര്യങ്ങൾ തങ്ങൾ തീരുമാനിച്ചോളാമെന്നുമുള്ള നിലപാടിൽ ബി.ജെ.പി ദേശീയ നേതൃത്വം. മുൻകാലങ്ങളിൽനിന്ന്​ വ്യത്യസ്തമായി അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്​ വിജയസാധ്യതയുണ്ടെന്ന്​ കണക്കാക്കുന്ന ആറു​ മണ്ഡലങ്ങളിലെ സ്ഥാനാർഥികളാകാനാണ്​ ചരടുവലി തുടങ്ങിയത്​​. ചില മണ്ഡലങ്ങളിൽ സ്ഥിരമായി ചിലർ സ്ഥാനാർഥിയാകുന്നത്​ ഇനി നടക്കില്ലെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്​. മുൻ കേന്ദ്രമന്ത്രി പ്രകാശ്​ ജാവ്​ദേകറുടെ നേതൃത്വത്തിൽ കേരള ബി.ജെ.പിയിൽ സമൂലമായ മാറ്റമാണ്​ ലക്ഷ്യമിടുന്നത്​.

സംസ്ഥാന നേതൃത്വംപോലും അറിയാതെ സുരേഷ് ഗോപി ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റിയിലെത്തിയത്​ അതിന്‍റെ ഭാഗമാണ്​​. സംസ്ഥാന ബി.ജെ.പിക്കുള്ളിൽ ഈ വിഷയത്തിൽ അതൃപ്തിയുണ്ട്​. എന്നാൽ, ദേശീയ നേതൃത്വം സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി നേരത്തേ​ ചർച്ച നടത്തിയപ്പോൾ സുരേഷ്​ ഗോപി പ്രസിഡന്‍റ്​ സ്ഥാനത്തേക്ക്​ വരണമെന്ന്​ പലരും നിർദേശിച്ചിരുന്നു.

ബി.ജെ.പിക്ക്​ വിജയപ്രതീക്ഷയുള്ള തിരുവനന്തപുരം, തൃശൂർ, പാലക്കാട്​ ലോക്സഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യം ദേശീയ നേതൃത്വം നേരിട്ട്​ തീരുമാനിക്കും. തിരുവനന്തപുരം മണ്ഡലം പ്രതീക്ഷിച്ചിരുന്ന മുതിർന്ന നേതാവിന്‍റെ ഓഫിസ്​ ഇക്കാര്യം ചൂണ്ടിക്കാട്ടി പൂട്ടിച്ചതായാണ്​ വിവരം. തെരഞ്ഞെടുപ്പിനു മുമ്പ്​ സംസ്ഥാന നേതൃത്വത്തിൽ ചിലരെ പുതുതായി ഉൾക്കൊള്ളിക്കാനും കോർകമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം കുറക്കാനും നീക്കമുണ്ട്​​.

ലോക്സഭ തെരഞ്ഞെടുപ്പിൽ തുടർഭരണം പ്രതീക്ഷിക്കുന്ന ബി.ജെ.പി ദക്ഷിണേന്ത്യയിൽ വേരോട്ടം ശക്തമാക്കാനുള്ള ശ്രമത്തിലാണ്​. സംസ്ഥാനത്ത്​ വിമതനീക്കങ്ങൾ അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ്​ ദേശീയ നേതൃത്വം. നേതൃതലത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച്​ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്​.

Tags:    
News Summary - BJP national leadership warning for Kerala leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.