െഹെദരാബാദ്: കർണാടകയിലെ തിരിച്ചടിക്കു പിറകെ തെലങ്കാന ലക്ഷ്യമിട്ട് ബി.ജെ.പി. 2019ലെ നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകൾ മുന്നിൽകണ്ടാണ് ബി.ജെ.പി കരുക്കൾ നീക്കുന്നത്. ഇതിെൻറ ഭാഗമായി പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ അടുത്തമാസം തെലങ്കാന സന്ദർശിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. ലക്ഷ്മൺ പറഞ്ഞു. അടുത്തിടെ നടന്ന യോഗത്തിൽ അമിത് ഷാ ഇക്കാര്യത്തിൽ വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനക്കു പുറമെ ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളും പിടിക്കാനാണ് ബി.ജെ.പിയുടെ ലക്ഷ്യം.
അടുത്ത മാസം സന്ദർശനം നടത്തുന്ന അമിത് ഷാ, തെലങ്കാനയിലെ രാഷ്ട്രീയ സ്ഥിതിവിശേഷങ്ങൾ വിലയിരുത്തുകയും തെരഞ്ഞെടുപ്പ് നേരിടാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്യും. നിലവിൽ സംസ്ഥാനത്ത് ബി.ജെ.പി ശക്തമാണെന്നും ബൂത്ത്തലങ്ങളെ കേന്ദ്രീകരിച്ച് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കെ. ലക്ഷ്മൺ പറഞ്ഞു.
ഇതിെൻറ ഭാഗമായി പാർട്ടിയിൽ ‘പന്ന പ്രമുഖ്’മാരെ നിയമിച്ച് മുഴുവൻ കുടുംബങ്ങളെയും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടർപട്ടികയിലെ ഒരു പേജിെൻറ പകുതിയിൽ ഉൾപ്പെടുന്ന കുടുംബങ്ങളെ ഒരു ഘടകമായി പരിഗണിച്ച് പ്രമുഖ്മാർക്ക് ചുമതല നൽകുന്നതിനെയാണ് ‘പന്ന പ്രമുഖ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉത്തർപ്രദേശിൽ ഫലം കണ്ട ഇൗ തെരഞ്ഞെടുപ്പ് തന്ത്രം ബി.ജെ.പി കർണാടകയിലും പ്രയോഗിച്ചിരുന്നു.
തെലങ്കാനയിൽ ദേശീയപാതകൾ, റെയിൽവേ വികസനം, സൗജന്യ പാചകവാതക വിതരണം തുടങ്ങിയ പദ്ധതികൾക്ക് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ നൽകിയ സാമ്പത്തികസഹായങ്ങൾ ഉയർത്തിക്കാട്ടിയായിരിക്കും ബി.ജെ.പിയുടെ പ്രചാരണം. കൂടാതെ, സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങൾക്കും യുവാക്കൾക്കുംവേണ്ടി പുതിയ പദ്ധതികൾ പ്രഖ്യാപിക്കും. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി ആശയവിനിമയം നടത്തിയശേഷം മുതിർന്ന നേതാക്കളുമായി ചർച്ചചെയ്തായിരിക്കും തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയാറാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.