മഹാരാഷ്ട്ര നഗരസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിനെ തകര്‍ത്ത് ബി.ജെ.പിക്ക് വന്‍ മുന്നേറ്റം

മുംബൈ:  മഹാരാഷ്ട്രയിലെ നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, എന്‍.സി.പി, എം.എന്‍.എസ് പാര്‍ട്ടികളെ തൂത്തുവാരി ബി.ജെ.പിക്ക് വന്‍ മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന പത്ത് നഗരസഭകളില്‍ എട്ടെണ്ണത്തില്‍ ബി.ജെ.പിയും രണ്ടെണ്ണത്തില്‍ ശിവസേനയും വലിയ ഒറ്റ കക്ഷിയായി. മുംബൈ, താണെ നഗരസഭകളിലാണ് ശിവസേന വലിയ ഒറ്റ ക്കക്ഷിയായത്.

രണ്ടു മലയാളികളും തെരഞ്ഞെടുക്കപ്പെട്ടു.ധാരാവിയില്‍ ശിവസേന ടിക്കറ്റില്‍ മല്‍സരിച്ച ടി.എം.ജഗദീഷും ഗോരെഗാവില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിച്ച ശ്രീകല പിള്ളയുമാണ് ജയിച്ച മലയാളികള്‍. മുംബൈയില്‍ ശിവസേന 84 സീറ്റുകള്‍ നേടിയപ്പോള്‍ ബി.ജെ.പി 82 സീറ്റുകള്‍ നേടി തൊട്ടുപുറകിലുണ്ട്. 2012ലെ തെരഞ്ഞെടുപ്പിലേത് ഒഴിച്ച് മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച അതേ സീറ്റ് ജയമാണ് ശിവസേനയുടെതെങ്കില്‍ ഒറ്റക്ക് മത്സരിച്ച് ബി.ജെ.പി മുംബൈയില്‍ ചരിത്രം കുറിക്കുകയാണ് ചെയ്തത്. സേനയും ബി.ജെ.പിയും തമ്മില്‍ കൊമ്പ് കോര്‍ത്ത തെരഞ്ഞെടുപ്പില്‍ ഗുരുതര പരിക്കേറ്റത് കോണ്‍ഗ്രസിനും എം.എന്‍.എസിനുമാണ്. 31 സീറ്റേ കോണ്‍ഗ്രസിന് ലഭിച്ചുള്ളു. എം.എന്‍.എസ് ഏഴിലേക്ക് ചുരുങ്ങി. എന്‍.സി.പി ഒമ്പതില്‍ പിടിച്ചു നിന്നു. ആദ്യമായി മുംബൈ നഗരസഭയില്‍ മത്സരിച്ച മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് രണ്ട് സീറ്റുകള്‍ ലഭിച്ചു.

സമാജ് വാദി പാര്‍ട്ടി കഴിഞ്ഞ തവണത്തെ ഒമ്പതില്‍നിന്ന് നാലിലേക്ക് ചുരുങ്ങി. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ശിവസേന നിര്‍ത്തിയ നാല് മുസ്ലിം സ്ഥാനാര്‍ഥികളില്‍ രണ്ട് പേര്‍ ജയിച്ചു. 227 വാര്‍ഡുകളുള്ള മുംബൈ നഗരസഭ ഭരിക്കാന്‍ 114 പേരുടെ അംഗബലം വേണം. ശിവസേന-ബി.ജെ.പി വീണ്ടും കൈകോര്‍ക്കുമോ എന്നാണ് ഉറ്റനോക്കുന്നത്. എന്നാല്‍, ബി.ജെ.പിയുമായി സഖ്യമില്ളെന്ന് ശിവസേന നേതാക്കളായ അനില്‍ ദേശായിയും മനോഹര്‍ ജോഷിയും ആവര്‍ത്തിച്ചു. എങ്കിലും അവസാന തീരുമാനം പാര്‍ട്ടി പ്രസിഡന്‍റ് ഉദ്ധവിന്‍െറതാണെന്ന് അവര്‍ പറഞ്ഞുവെക്കുന്നു. ബി.ജെ.പിക്ക് എതിരെ ശിവസേനയെ കോണ്‍ഗ്രസ് സഹായിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം.

ഇതേ അവസ്ഥ ബി.ജ.പി വലിയ ഒറ്റകക്ഷിയായ ആറിടങ്ങളിലും നിലനില്‍ക്കുന്നു.  എന്‍.സി.പി ഭരിച്ച പുണെ, പിംപ്രി-ചലിഞ്ച്വാഡ നഗരസഭകളില്‍ ബി.ജെ.പിയാണ് വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 51 പേരുണ്ടയിരുന്ന പുണെയില്‍ എന്‍.സി.പിയുടെ നേട്ടം 40 ലും 83 ഉണ്ടായിരുന്ന പിംപ്രി-ചിഞ്ച്വാഡയില്‍ 30 സീറ്റിലുമായി ചുരുങ്ങി. പതിറ്റാണ്ടുകളായി ഭരിക്കുന്ന സോലാപൂരും കോണ്‍ഗ്രസ് ബി.ജെ.പിക്ക് മുമ്പില്‍ അടിയറവെച്ചു.

പത്ത് നഗരസഭകളില്‍ മജ്ലിസിന് 28 സീറ്റ്
മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് നടന്ന പത്ത് നഗരസഭകളില്‍നിന്ന് മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേടിയത് 28 സീറ്റുകള്‍. രണ്ടര പതിറ്റാണ്ടായി കോണ്‍ഗ്രസ് ഭരിച്ച സോലാപൂരിലാണ് കൂടുതല്‍ സീറ്റുകള്‍ നേടിയത്. സോലാപൂരില്‍ 12ഉം അമരാവതിയില്‍ 10ഉം താണെയില്‍ മൂന്നും മുംബൈയില്‍ രണ്ടും പുണെയില്‍ ഒരു സീറ്റും നേടിയതായി മജിലിസ് പാര്‍ട്ടി എം.എല്‍.എ ഇംതിയാസ് ജലീല്‍ പറഞ്ഞു. അമരാവതിയില്‍ മൂന്ന് സീറ്റുകള്‍ കൂടി നേടിയതായി പറയുന്നുവെങ്കിലും ഉറപ്പായിട്ടില്ളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈ, താണെ, പുണെ നഗരസഭകളില്‍ ആദ്യമായാണ് മജ്ലിസ് മത്സരിക്കുന്നത്.

കന്നിയങ്കത്തില്‍തന്നെ വിജയമുണ്ടാക്കാനായത് ജനങ്ങളുടെ അംഗീകാരമാണ് ചൂണ്ടിക്കാട്ടുന്നതെന്നും ഇംതിയാസ് ജലീല്‍ പറഞ്ഞു. 59 സ്ഥാനാര്‍ഥികളെയാണ് മുംബൈയില്‍ മത്സരിപ്പിച്ചത്. ആറെണ്ണമായിരുന്നു ജയപ്രതീക്ഷ. സമാജ്വാദി പാര്‍ട്ടിയുടെ കുതിപ്പ് തടയാനായെന്നും മജ്ലിസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

 

Tags:    
News Summary - BMC election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.