തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പി.സി. വിഷ്ണുനാഥ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. കർണാടകയിലെ തെരഞ്ഞെടുപ്പ് ചുമതല ഹൈകമാൻഡ് ഏൽപിച്ചിട്ടുള്ളതിനാലാണ് മാറിനിൽക്കുന്നതെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചു.
കഴിഞ്ഞയാഴ്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നേരിൽക്കണ്ട് കാര്യങ്ങൾ ധരിപ്പിച്ചശേഷമാണ് മത്സരിക്കുന്നതിലെ അസൗകര്യം അദ്ദേഹം വെള്ളിയാഴ്ച സംസ്ഥാന നേതാക്കളെയും അറിയിച്ചത്.
എ.െഎ.സി.സി സെക്രട്ടറി എന്ന നിലയിൽ, ഉടൻ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിലെ 49 നിയമസഭ മണ്ഡലങ്ങളുടെ പൂർണ ചുമതല നിർവഹിക്കുന്നത് അദ്ദേഹമാണ്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മറ്റൊരാൾക്ക് ഇൗ ചുമതല ഏൽപിക്കുന്നത് പ്രയാസകരമായിരിക്കും. ഇക്കാര്യം വെള്ളിയാഴ്ച തലസ്ഥാനത്തുണ്ടായിരുന്ന എ.കെ. ആൻറണിയെയും സംസ്ഥാന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവരെയും അറിയിച്ചു. ചെങ്ങന്നൂരിൽ സ്ഥാനാർഥിയായാൽ തനിക്ക് കർണാടകയോട് നീതിപുലർത്താൻ സാധിക്കില്ലെന്ന് കൂടിക്കാഴ്ചയിൽ അദ്ദേഹം നേതാക്കളെ അറിയിച്ചു. ചെങ്ങന്നൂരിലെ സ്ഥാനാർഥിയുടെ കാര്യത്തിൽ സ്വാഭാവിക പരിഗണനയായി വിഷ്ണുവിനെയാണ് കണ്ടിരുന്നതെന്ന് നേതാക്കളും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.