കോഴിക്കോട്: കേരളത്തിലെ സി.പി.ഐ-സി.പി.എം ബന്ധത്തിെൻറ ഭാവിനിർണയിക്കുന്ന ഉരകല്ലായി മാറുകയാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്. കമ്യൂണിസ്റ്റ് ഐക്യം ഊട്ടിയുറപ്പിക്കണമെന്ന് ഇരു പാർട്ടി കോൺഗ്രസുകളും ഊന്നിപ്പറഞ്ഞെങ്കിലും ദിവസം ചെല്ലുന്തോറും വഷളാവുകയാണ് ബന്ധം.
ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥിയെ തോൽപിക്കാൻ സി.പി.ഐ ശ്രമിക്കുന്നുവെന്ന നിരീക്ഷണത്തിലാണിപ്പോൾ സി.പി.എം. അങ്ങനെ സംഭവിച്ചാൽ മുന്നണിയെതന്നെ ബാധിക്കും. പിണറായി സർക്കാറിെൻറ രണ്ടു വർഷത്തെ ഭരണത്തിെൻറ വിലയിരുത്തൽ, അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിെൻറ സെമി ഫൈനൽ എന്നീ നിലകളിൽ സി.പി.എമ്മിന് ചെങ്ങന്നൂരിൽ ജയിച്ചേ പറ്റൂ. ചെങ്ങന്നൂർ കടക്കാനുള്ള അടവുനയം എന്ന നിലയിലാണ് കെ.എം. മാണിയുടെ വോട്ടുകളിൽ സി.പി.എം കണ്ണുനട്ടത്. അയ്യായിരത്തോളം വോട്ടുകൾ കേരള കോൺഗ്രസിനുണ്ടെന്നാണ് കണക്ക്. ഇത് ലഭിച്ചാൽ വിജയം ഉറപ്പിക്കാമെന്നാണ് സി.പി.എം പ്രതീക്ഷ.
സി.പി.ഐയുടെ നിലപാടും നീക്കങ്ങളും തുടക്കം മുതൽ ഇടതു സ്ഥാനാർഥിയുടെ തോൽവി ലക്ഷ്യമിട്ടാണെന്ന ആക്ഷേപം സി.പി.എമ്മിനുണ്ട്. മാണിയുടെ വോട്ട് വേെണ്ടന്ന കാനം രാജേന്ദ്രെൻറ പ്രസ്താവനയെ ആ നിലക്കാണ് അവർ കണ്ടത്. ആർ.എസ്.എസ് വോട്ടിെൻറ കാര്യത്തിലും സി.പി.എമ്മിെൻറ പൊതുനിലപാടിനെ വെല്ലുവിളിക്കുന്ന സമീപനമാണ് സി.പി.ഐ സ്വീകരിച്ചത്. ഏതു വിഷയത്തിലും വിരുദ്ധ നിലപാട് സി.പി.ഐ സ്വീകരിക്കുന്നുവെന്നാണ് സി.പി.എമ്മിെൻറ മുതിർന്ന നേതാക്കൾക്ക് ഉൾപ്പെടെയുള്ള പരാതി.
സർക്കാറിനെ സംബന്ധിക്കുന്ന ഒട്ടുമിക്ക വിഷയങ്ങളിലും ഇതേ സമീപനമാണ് സി.പി.ഐയുടേതെന്നും അത് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുകയാണെന്നും അവർ കുറ്റപ്പെടുത്തുന്നു. പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടന്ന സി.പി.ഐ, സി.പി.എം സമ്മേളനങ്ങളിൽ ബ്രാഞ്ച്തലം തൊട്ട് അന്യോന്യം കുറ്റപ്പെടുത്തലുകളായിരുന്നു കൂടുതൽ ഉണ്ടായത്. മാണിയെ മുന്നണിയിൽ എടുക്കുന്നതിലടക്കമുള്ള വിഷയങ്ങളിൽ സി.പി.ഐയെ മെരുക്കാൻ പാർട്ടിയുടെ കേന്ദ്രനേതൃത്വവുമായി സി.പി.എം നടത്തിയ ചർച്ചകൾ ഫലം കണ്ടില്ല. കേരളത്തിലെ കാര്യങ്ങൾ സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്ന മറുപടിയാണ് സി.പി.ഐ നേതാക്കളിൽനിന്നുണ്ടായത്. സി.പി.എമ്മിേൻറത് അവസരവാദ രാഷ്ട്രീയമാണെന്നും തങ്ങളുടേത് ആദർശ രാഷ്ട്രീയമാണെന്നും സ്ഥാപിക്കാനാണ് സി.പി.ഐ പൊതുവെ ശ്രമിക്കുന്നത്. ബാർ കോഴയിൽ അഴിമതിക്കാരനെന്നു മുദ്രകുത്തിയ മാണിയെ മാമോദീസ മുക്കി പരിശുദ്ധനാക്കാൻ ശ്രമിച്ചാൽ ജനം അംഗീകരിക്കില്ലെന്നാണ് അവരുടെ നിലപാട്.
ചെങ്ങന്നൂരിൽ കഴിഞ്ഞ തവണ ജയിച്ചത് മാണിയുടെ വോട്ട് കൂടാതെയാണെന്നും സി.പി.ഐ ചൂണ്ടിക്കാട്ടുന്നു. മാണി പരസ്യപിന്തുണ നൽകേണ്ടെന്നും മനഃസാക്ഷി വോട്ട് തീരുമാനിച്ചാൽ മതിയെന്നുമാണ് സി.പി.എമ്മിെൻറ നിലപാട്. ഇടതു സ്ഥാനാർഥി ജയിച്ചാൽ അതിെൻറ ക്രെഡിറ്റ് അവകാശപ്പെടാൻ മാണി ഉണ്ടാകും. തോറ്റാൽ, സി.പി.ഐയുടെ തലയിലായിരിക്കും കുറ്റം. മുന്നണി ബന്ധത്തെ വരെ ബാധിക്കുന്ന തലത്തിലേക്ക് അതു വളർന്നേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.